ഓട്ടന്‍ തുള്ളല്‍’ എന്ന ആക്ഷേപഹാസ്യ കലയെ കൂടുതല്‍ ജനകീയമാക്കിത്തീര്‍ക്കുന്നതില്‍ അശ്രാന്ത പരിശ്രമം ചെയ്തകലാകാരനാണ് വയലാര്‍ കൃഷ്ണന്‍കുട്ടി. തുള്ളല്‍ കലയിലൂടെ സാമൂഹ്യ അനീതികള്‍ക്കും, ജാതി- മത ചിന്തകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ച കലാകാരന് കൂടിയാണ് അദ്ദേഹം.
തികച്ചും യാദൃച്ഛികമായിരുന്ന ഓട്ടന്‍ തുള്ളല്‍ രംഗപ്രവേശത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പൊടിതട്ടുമ്പോള് കൃഷ്ണന്‍കുട്ടിയുടെ കണ്ണുകള്‍ക്കിന്നും വജ്രത്തിളക്കം. 1978ല്‍ വയലാര്‍ തിരുനാഗം കുളങ്ങര ‘യങ് ചലഞ്ചേഴ്സ്’ ഫുട്ബോള്‍ ക്ലബ്ബിന്റെ വാര്‍ഷികാഘോഷവേളയില്‍ തികച്ചും വ്യത്യസ്തമായ ഒരു പരിപാടി അവതരിപ്പിക്കാനുള്ള സംഘാടകരുടെ ആവശ്യത്തെ മാനിച്ച് ഓട്ടന്തുള്ളല് നടത്തുവാന്‍ കൃഷ്ണന്‍കുട്ടി മുന്നിട്ടിറങ്ങി. എം. എന്‍. ഗോപാലകൃഷ്ണന് എന്ന ബഹുമുഖപ്രതിഭ ഒന്നര ദിവസംകൊണ്ട് ആധുനിക കാലഘട്ടത്തെയും പുരാണത്തേയും സമന്വയിപ്പിച്ച് ‘തവളപുരാണം’ എന്ന തുള്ളല്‍ക്കഥ പാട്ടായി രൂപപ്പെടുത്തി.
അന്നുവരെ ഓട്ടന്തുള്ളല് കണ്ടുമാത്രം പരിചയമുള്ള കൃഷ്ണന്‍കുട്ടിയുടെ മുഖത്ത് പരമേശ്വരനായി പച്ചച്ചായം തേച്ചു. കുറേനാള്‍ ഓട്ടന്‍തുള്ളല്‍ക്കാരുടെ സഹായിയായി നടന്നയാളായിരുന്നതിനാല്‍ ചമയം മനോഹരമായി. സീതാദേവിയുടെ കാലില്‍ ഒരു അട്ട കടിക്കുന്നതും, വേദനകൊണ്ട് വിലപിച്ച ദേവിയെക്കണ്ട് അതുവഴി വന്ന ഒരു തവള അട്ടയെ ഭക്ഷിക്കുകയും, സന്തോഷവതിയായ സീതാദേവി തവളയ്ക്ക് കരയിലും വെള്ളത്തിലും ജീവിയ്ക്കാന്‍ അനുഗ്രഹം നല്‍കുകയും ചെയ്തു. ‘തവള’ അങ്ങനെ രാജതുല്യനായി ജീവിക്കുമ്പോള്‍ വില്ലനായി നീര്‍ക്കോലി എത്തുന്നു. കഥ പാടിത്തുള്ളിയപ്പോള്‍ ജനങ്ങള്‍ ആര്‍ത്തു ചിരിച്ചു. അതായിരുന്നു കൃഷ്ണന്‍കുട്ടിയുടെ ആദ്യത്തെ ഓട്ടന്തുള്ളല്.
വയലാര്‍ ശക്തി തിയേറ്റേഴിസിന്റെ നൃത്തനാടകത്തില്‍ ഹാസ്യം കൈകാര്യം ചെയ്തതിന്റെ മികവായിരുന്നു ആ തുള്ളല്‍ പാടവത്തിനു പിന്നില്‍ എന്ന് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നു. അന്ന് നാട്ടിലെ പ്രമുഖരായിരുന്ന വി. കെ. എന്‍. പോറ്റി സാറും, ശിരോമണി സാറും കൃഷ്ണന്‍കുട്ടിയുടെ പ്രാവീണ്യത്തെ അഭിനന്ദിച്ചു. ഇത് ശാസ്ത്രീയമായി പഠിച്ചാല്‍ താന്‍ രക്ഷപ്പെടുമെന്ന അവരുടെ വാക്കുകള്‍ പ്രചോദനമാക്കിക്കൊണ്ട് അന്നുമുതല്‍ അന്വേഷണം ആരംഭിച്ചു. കലാമണ്ഡലത്തില്‍ ചേരുന്നതിനുള്ള പ്രായം കഴിഞ്ഞതിനാല്‍ അവിടെ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു. അതില്‍ ഒട്ടും നിരാശനാവാതെ ഗുരുവിനായുള്ള തെരച്ചില്‍ പാവകഥകളി ശില്‍പ്പിയായ തിരുവല്ല തോട്ടാശ്ശേരി തിരുമേനിയില്‍ അവസാനിച്ചു.
അതല്ലെങ്കില്‍ സഹായവുമായി തിരുമേനി സ്വയം എത്തുകയായിരുന്നു എന്നും പറയാം. ഭാവവും, താളവും രാഗവുമെല്ലാം അദ്ദേഹത്തില്‍ നിന്നും ഹൃദിസ്ഥമാക്കി. കൂടാതെ ഓട്ടന്തുള്ളല് നടക്കുന്നിടത്തെല്ലാം പോയി കണ്ടുപഠിച്ചു. മലബാര്‍ രാമന് നായര്‍ എന്ന അന്നത്തെ തുള്ളല്‍ സമ്രാട്ടിന്റെ കടുത്ത ആരാധകനായി. സാധാരണക്കാരനുകൂടി രസിക്കണമെന്ന ഉള്‍ക്കാഴ്ചയിലൂടെ ഓട്ടന്‍തുള്ളലിനെ മാറ്റിയതാണ് വയലാര്‍ കൃഷ്ണന് കുട്ടിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയത്. ”നല്ലതെങ്കില്‍ ഇരിയ്ക്കും. അല്ലെങ്കില്‍ തട്ടിത്തിരിയ്ക്കും”. എന്ന നമ്പ്യാരുടെ വരികള്‍ എന്നും മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ കലയെ അദ്ദേഹം ഹാസ്യവല്‍കരിച്ചു.
നയനാനന്ദകരമായ ചമയങ്ങളും രസകരമായ വായ്പ്പാട്ടുകളുമാണ് ശീതങ്കന്‍, പറയന് തുള്ളലുകളേക്കാള്‍ ഓട്ടന്‍തുള്ളലിനെ ജനപ്രിയമാക്കിയത്. ഈശ്വരാനുഗ്രഹമുള്ള ഈ കലയെ റിസോര്‍ട്ടുകളില്‍ വിദേശികളുടെ മുന്നില്‍ കോപ്രായമാക്കി മാറ്റുന്നതിനെ ശക്തമായി അദ്ദേഹം എതിര്‍ക്കുന്നു.
ഓട്ടന്‍, പറയന്, ശീതങ്കന്‍ തുള്ളലുകള്‍ പ്രാചീനകാലം മുതലേ ഉണ്ടായിരുന്നു. വളരെ പ്രാകൃതമായിരുന്ന അതിനെ പരിഷ്കരിച്ചത് കുഞ്ചന്‍ നമ്പ്യാരായിരുന്നു. അതുകൊണ്ടുതന്നെ നമ്പ്യാര്‍ തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവല്ല; മറിച്ച് പരിഷ്കര്‍ത്താവാണെന്നാണ് കൃഷ്ണന്‍കുട്ടിയുടെ മതം.
ഭാരതത്തിലുടനീളം എണ്ണിയാലൊടുങ്ങാത്ത വേദികളില്‍ ഇന്നും കാണികളെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കലാകാരന്റെ ഏറ്റവും വിലപ്പെട്ട സമ്പാദ്യം അസംഖ്യം ശിഷ്യസമ്പത്താണ്. കൂടാതെ സന്തോഷ്, കുട്ടന്, ചന്ദ്രന്‍കുട്ടി എന്നിവര്‍ വാദ്യ- ഗീതാദികളുമായി തുടക്കം മുതല്‍ കൂടെയുണ്ട്. ഭാര്യ പ്രസന്ന കുമാരിയും മക്കളായ പ്രസീദയും പ്രവീണും അദ്ദേഹത്തിന്റെ കാലാസപര്യയ്ക്ക് കരുത്തേകി എന്നും കൂടെയുണ്ട്.
ഇപ്റ്റയുടെ ദേശീയ അംഗീകാരം, കേരള സര്‍ക്കാരിന്റെ നല്ല തുള്ളല്‍ കലാകാരനുള്ള പുരസ്കാരം കുഞ്ചന്‍ സ്മാരക പുരസ്കാരം ഇവയില്‍ തുടങ്ങി കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ സ്മരണാര്‍ത്ഥം, ഷൊര്‍ണ്ണൂര്‍ കലാസാഗര്‍ 2015 മെയ് 28ന് സമ്മാനിച്ച തുള്ളല്‍ പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികലാണ് ഈ പ്രതിഭയെ തേടിയെത്തിയിട്ടുള്ളത്. കലാമണ്ഡലം, പുരസ്കാര പത്രം നല്കി ആദരിച്ചപ്പോള്‍ അവിടെ പഠിക്കാന്‍ കഴിയാതെ പോയതിന്റെ ദുഃഖം ഇല്ലാതാവുകയായിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമായ പാലക്കാട് ലക്കിടിയില്‍ നിന്നും ഒരു അംഗീകാരം ലഭിക്കണമെന്നതാണ് അദ്ദേഹത്തിന്റെ ഏക ആഗ്രഹമായി അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: