യോഗ എന്നുപറയുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ഓടിയെത്തുന്നത് ചില അഭ്യാസമുറകളാണ്. ആരോഗ്യപരിപാലനത്തില്‍ വ്യായാമത്തിനുള്ള പ്രാധാന്യം ധാരാളം കൊട്ടിഘോഷിക്കുന്ന ഇക്കാലത്ത് ആരെങ്കിലും ഇങ്ങനെ തെറ്റിദ്ധരിച്ചാല്‍ കുറ്റം പറയാന്‍ കഴിയുകയില്ല. ശരീരം വെറുതെ ഒന്നു തിരിക്കുകയോ വളയ്ക്കുകയോ ചെയ്തിട്ട് രക്താതിസമ്മര്‍ദ്ദമോ കൊളസ്ട്രീമിയയോ ക്യാന്‍സറോ എങ്ങനെ ഭേദമാക്കാനാകും എന്ന് ചിന്തിച്ചുപോകുന്നതിലും അത്ഭുതപ്പെടാനില്ല.
ഒരു ദശാബ്ദത്തിനു മുമ്പുവരെ പാശ്ചാത്യര്‍ ഈ ശാസ്ത്രത്തിന്റെ ആരോഗ്യപരമായ ഗുണമേന്മകള് തിരിച്ചറിയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതുവരെ, ആരുംതന്നെ ഇതിനെ മനുഷ്യനു ഗുണപരമായ ഒരു ആരോഗ്യശാസ്ത്രമായി കണക്കാക്കിയിരുന്നില്ല. ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിന് യോഗയ്ക്ക് ഉന്നതമായ ഒരു പങ്കുണ്ടെന്ന് ഇവിടെ പലരും അറിഞ്ഞിരുന്നില്ല. അംഗീകരിച്ചിരുന്നില്ല. ആയുര്‍വേദ ശാസ്ത്രത്തിന്റെ ഭാഗമായ ഈ ആരോഗ്യശാസ്ത്രത്തെ ആധുനിക ശാസ്ത്രമോ സാധാരണ ജനങ്ങളോ വിലമതിച്ചിരുന്നില്ല. എന്തിനേറെ ആയുര്‍വേദശാസ്ത്രം പോലും തങ്ങളുടെ ചികിത്സാമേഖലയില്‍ ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല.
ഇന്ന് പാശ്ചാത്യരാജ്യങ്ങള്‍ യോഗയുടെ മഹത്വം മനസ്സിലാക്കുകയും അതിനെ അംഗീകരിക്കുകയും ആഗോളമായി ബോധവല്കരണം നടത്തി ലോകയോഗാദിനം ആചരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതെല്ലാം ആചരിക്കുമ്പോഴും യോഗ എന്നാല്‍ എന്താണെന്നും അതിന്റെ ആരോഗ്യപരമായ ഔന്നത്യവും പ്രസക്തിയും എന്താണെന്നും എത്രപേര്‍ക്കറിയാം.
യോഗ എന്നാല്‍ വെറും യോഗാസനം
മാത്രമല്ല. വളരെ ആഴത്തില്‍ ജീവന്റെ ഉല്‍പ്പത്തിയുടെ കാരണം മുതല്‍ അറിഞ്ഞാല്‍ മാത്രമേ യോഗ എന്നാല്‍ എന്താണെന്ന് മനസ്സിലാക്കാനും അനുഭവിക്കാനും കഴിയൂ. മനുഷ്യോല്പ്പത്തിയെപ്പറ്റി ഏതൊരു പാശ്ചാത്യകാരനും ചിന്തിച്ചു തുടങ്ങുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഭാരതീയ ഋഷിവര്യന്മാര് മനനത്തിലൂടെയും തപസ്സിലൂടെയും തര്‍ക്കവിതര്‍ക്കങ്ങളിലൂടെയും പ്രപഞ്ചോത്പത്തിയെയും ജീവോല്‍പത്തിയേയും കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന മഹത്കൃതികളാണ് ഭാരതീയ ദര്‍ശനങ്ങള്‍. സാംഖ്യശാസ്ത്രം, വൈശേഷിക ശാസ്ത്രം, യോഗാശാസ്ത്രം, ന്യായശാസ്ത്രം, പൂര്‍വമീമാംസ, ഉത്തരമീമാംസ എന്നിവയാണ് ഈ ഷഡ്ദര്ശനങ്ങള്.
ആധുനികശാസ്ത്രം ഗവേഷണങ്ങളിലൂടെ എത്രതന്നെ മുന്നോട്ടുപോയിട്ടും മനുഷ്യ പ്രപഞ്ചോല്പ്പത്തികള്ക്ക് ആധാരമായ ആത്യന്തികമായ അടിസ്ഥാന സിദ്ധാന്തങ്ങള്‍ ഈ ദര്‍ശനങ്ങള്‍ തന്നെയാണ് എന്നത് അറിവുള്ള ഏതൊരു പാശ്ചാത്യകാരനും പൗരസ്ത്യനും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. ആരോഗ്യത്തിന് കാരണമായ ഏതൊന്നും രോഗത്തിനും ആധാരമായിരിക്കും എന്ന സാമാന്യസിദ്ധാന്തത്തെ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍ മനസ്സിലാക്കാം. ആരോഗ്യപരിപാലനത്തില്‍ ഉള്ള അതേ പങ്ക് രോഗ ചികിത്സയിലും യോഗയ്ക്ക് ഉണ്ട്.
പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ യോഗാസനങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ഒരു ശാരീരിക ആയോധനപ്രകിയ അല്ല യോഗ.
മനസ്സിന് പരമപ്രാധാന്യം നല്‍കിക്കൊണ്ട് ശരീരം മനസ്സിന്റേയും ആത്മാവിന്റേയും ഒരുപകരണം മാത്രമാണെന്ന ആത്യന്തികബോധത്തോടെ താന്‍ ആരാണെന്നും എന്താണെന്നും മനസ്സിലാക്കുന്നതാണ് യോഗ. സകലപ്രപഞ്ചത്തിന്റേയും ഈശ്വരന്റെതന്നെയും ഒരു ഭാഗമായ താന്‍ ഏതവസ്ഥയില്‍ ഈ ഭൂമിയില്‍ തന്റെ ആത്മശക്തിയില്‍ വ്യാപരിക്കുന്നു എന്ന് യോഗ നമുക്ക് മനസ്സിലാക്കിത്തരുന്നു. മനസാകുന്ന ചാലകത്തിലൂടെ ശക്തിമത്തായും ആരോഗ്യത്തോടെയും വര്‍ത്തിച്ച് സമസ്തലോകത്തിനും തനിക്കും ശക്തിയുടേയും ശാന്തിയുടേയും സ്രോതസ്സായി ഈ പ്രപഞ്ചത്തില്‍ എങ്ങനെ നിലനില്‍ക്കാമെന്ന് യോഗ നമ്മെ പഠിപ്പിക്കുന്നു.
യോഗ എന്നാല്‍ ബന്ധം ആണ്. ബന്ധനം അല്ല. ഭൗതികമായ ബന്ധനങ്ങളില്പ്പെട്ടുഴറിപ്പോകാതെ, ഭൗതികവും ആത്മീയവുമായ എല്ലാ ബന്ധങ്ങളും തനിയ്ക്കും തന്റെ സഹജീവികള്‍ക്കും അനുഗുണമായ രീതിയില്‍ നിലനിര്‍ത്തുന്നതിന് ഈ ഭൂമിയില്‍ തനിക്കുള്ള പങ്ക് എന്താണ് എന്നുള്ള അറിവ് യോഗ നമുക്ക് തരുന്നു. തന്നിലിരിക്കുന്ന ജീവശക്തി അതിന്റെ പ്രഭവകേന്ദ്രമായ പരമാത്മശക്തിയില് നിന്നും വിഭിന്നമല്ല എന്ന തിരിച്ചറിവോടുകൂടി സദ്ഗുണങ്ങളോടും ധ്യാനനിമഗ്നതയോടും കൂടി നമ്മുടെ ആത്മേന്ദ്രിയമനസ്സുകള് ക്രമീകരിക്കുന്നതിന് യോഗ ഒരുപാധിയായിത്തീരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: