സാമഗാനങ്ങളില്‍ ബൃഹദ്സാമവും ഛന്ദസുകളില് ഗായത്രിയുമാണ് താനെന്ന് കൃഷ്ണന് ഗീതയില്‍ അര്‍ജ്ജുനനോട് പറയുന്നുണ്ട്. സംഗീതം ദൈവികമെന്ന് സാരം. അതുകൊണ്ട് ഭാരതം സംഗീതത്തെയും സംഗീതജ്ഞരെയും അമാനുഷിക പരിവേഷം നല്കി ആദരിച്ചു വരുന്നു. പല ആചാരാനുഷ്ഠാനങ്ങളും മണ്മറഞ്ഞുവെങ്കിലും ശാസ്ത്രീയ സംഗീതത്തിന്റെ പവിത്രത നാം നിലനിര്‍ത്തിപ്പോരുന്നുണ്ട്. അതിനുകാരണം സംഗീതത്തിന് ഈശ്വരനോടുള്ള അടുപ്പം തന്നെ.
മനുഷ്യമനസ്സിന്റെ തന്ത്രികളില്‍ വിരല്‍ തൊട്ടുണര്‍ത്താന്‍ പാട്ടിനു കഴിയുന്നതുപോലെ മറ്റൊരു കലയ്ക്കും സാധ്യമല്ല. കാലമോ ദേശമോ ഭാഷയോ സന്ദര്‍ഭമോ ഇല്ലാതെ സ്വീകാര്യത ലഭിക്കുന്ന കലയും സംഗീതം തന്നെ. സംഗീതം കൂടുതല്‍ ചടുലമാവുകയും ആ വേഗത്തിന്റെ ആവേശത്തില്‍ പാട്ട് ശരീരചലനത്തിനു വഴിമാറുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തും ശാസ്ത്രീയ സംഗീതത്തിന് ആരാധകര്‍ ഏറുന്നു എന്നത് ഈ സംഗീതശാഖയുടെ നിലനില്പിന് ഭീഷണിയില്ല എന്നതിന്റെ അടയാളമാണ്. ഋഷികവി ചിട്ടപ്പെടുത്തിയ പാതയിലൂടെത്തന്നെ അതിന്റെ പ്രയാണം തുടരുകയും ചെയ്യുന്നു. ആത്മാവിന്റെ തന്ത്രികളില്‍ തൊട്ടുണരുന്ന ഗാനതരംഗങ്ങള്‍ അനിര്‍വചനീയമായ അനുഭൂതിയാണ് കേള്വിക്കാരന് സമ്മാനിക്കുന്നത്. അതുകൊണ്ടാണ് പയ്യന്നൂരില്‍ നടന്നുവരുന്ന സംഗീതോത്സവത്തെ കൃഷ്ണാനന്ദഭാരതിസ്വാമികള് തുരീയം സംഗീതോത്സവം എന്ന പേരിട്ട് വിളിച്ചത്.
പ്രാണവായുവിന്റെ തുടിപ്പാണ് നാദം അഥവാ സംഗീതം. ആഹതവും അനാഹതവുമാണ് നാദത്തിന്റെ രണ്ട് വിഭാഗങ്ങള്‍. അനാഹതം ധ്യാനാവസ്ഥയിലുള്ള നാദമാണ്. ആഹതമാണ് മനുഷ്യനും ജീവജാലങ്ങള്‍ക്കും ശ്രവ്യാനുഭവം പകര്‍ന്നു നല്‍കുന്നത്. ഈ നാദബ്രഹ്മോപാസനയാണ് മനുഷ്യനെ തുരീയാവസ്ഥയെ പ്രാപിക്കാന്‍ പര്യാപ്തമാക്കുന്നത്. നാലാമത്തെ അവസ്ഥയാണ് തുരീയം. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥയ്ക്കുശേഷം വന്നെത്തുന്ന പ്രത്യേകവും ധന്യവുമായ ആസ്വാദന തലം. ശുദ്ധബ്രഹ്മം, വൈഖരി, ശബ്ദം എന്നിങ്ങനെയും ഈ നാലാമവസ്ഥയെ വിവക്ഷിക്കുന്നു. അതുകൊണ്ടു തന്നെ സംഗീതോത്സവത്തിന് തൂരീയം എന്ന പേര് അന്വര്‍ത്ഥമാണ്. തുരീയം സംഗീതോത്സവം മലയാളിമനസ്സിന് തുറന്നു കൊടുക്കുന്നത് അതുല്യവും അലൗകികവുമായ ഒരു സ്വപ്നകവാടമാണ്. ഭാരതത്തില്‍ തന്നെ ഇത്തരം ഒരു സംഗീതോത്സവം അപൂര്‍വ്വമാണ്. കാരണം ലോകപ്രശസ്തരായ, താരപരിവേഷമുള്ള സംഗീതജ്ഞരാണ് എല്ലാവര്‍ഷവും പയ്യന്നൂരിലെ തുരീയം സംഗീതോത്സവ വേദിയിലെത്തുന്നത്.
മഴപെയ്ത് മണ്ണ് കുതിര്‍ന്ന മിഥുന, കര്‍ക്കിടക രാവുകളിലാണ് സംഗീതോത്സവം അരങ്ങുതകര്‍ക്കുന്നത്. ശ്വാസനാളങ്ങളില്പോലും സംഗീതം നിറഞ്ഞ പയ്യന്നൂരിന്റെ നനുത്ത സായന്തനങ്ങള്‍ സംഗീതം കൊണ്ട് സജീവമായ ദിനങ്ങളാണ് കൊഴിഞ്ഞുവീണത്. മഴ മണ്ണിനെ കുതിര്‍ത്ത മഴക്കാലത്ത് മനുഷ്യമനസുകളില്‍ ആര്‍ദ്രതയുടെ ഹിമകണങ്ങളാണ് ഈ സംഗീതമഴ നിറച്ചുകൊണ്ടിരിക്കുന്നത്. പ്രതിഭകളുടെ സംഗമം കൊണ്ട് ധന്യമായ നിമിഷങ്ങള്‍. പ്രകൃതിയും പ്രതിഭയും പ്രേക്ഷകനും തുരീയാവസ്ഥയെന്ന ഔന്നത്യത്തിലേക്ക് പ്രവേശിക്കുന്ന സന്ധ്യകള്‍. പോത്താംകണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഗീതക്കച്ചേരി ഒരപശബ്ദവും തീണ്ടാതെ വ്യാഴവട്ടത്തിലേക്കു കടക്കുകയാണ് ഈ മണ്‍സൂണ്‍ കാലത്ത്. പയ്യന്നൂരിന്റെ സന്ധ്യകളെ സംഗീത മഴയില്‍ നിന്നും പിറക്കുന്ന രാഗപ്രവാഹങ്ങളാല് സമ്പന്നമാക്കുന്നത് കര്‍മ്മയോഗി കൃഷ്ണാനന്ദഭാരതിസ്വാമികളുടെ അത്ഭുത സിദ്ധിതന്നെ. സംഗീത പരമാചാര്യന്മാരെ പയ്യന്നൂരിന് പരിചയപ്പെടുത്തിയ, അടുത്തിരുന്ന് അവരുടെ സര്‍ഗ്ഗാത്മകതയില്‍ ലയിക്കാന്‍ അവസരമൊരുക്കിയ സ്വാമിജിയെ നമിക്കാം.
ഓം എന്ന അക്ഷരത്തെ ഉപാസിക്കണമെന്ന് ഛാന്ദോഗ്യോപനിഷത്ത് പറയുന്നുണ്ട്. ‘ഓം ഇത്യേതദക്ഷരമുദ്ഗീദമുപാസ്യതേ.’ പ്രണവമന്ത്രത്തോടുകൂടിയാണ് വേദമന്ത്രങ്ങളെല്ലാം തുടങ്ങുന്നത്. അതുകൊണ്ട് വേദത്തിനും മുന്നിലാണ് പ്രണവമന്ത്രം അഥവാ ഓംകാരമെന്ന ആദിസംഗീതത്തിന്റെ സ്ഥാനം. ഓംകാരത്തിന്റെ പിറവികൊണ്ട് ധന്യമായ ഭാരതത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും അതില്‍ അത്യന്തം അഭിമാനമുണ്ടെന്നും പറഞ്ഞാണ് കേരളീയനായ പ്രശസ്ത ശബ്ദലേഖകന്‍ റസൂല്‍പൂക്കുട്ടി ഓസ്കാര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗം തുടങ്ങിയത്. ഭാരതത്തിന്റെ ഉദാത്തമായ കലാ സംസ്കൃതിയാണ് റസൂല്പൂക്കുട്ടിയുള്പ്പെടെയുള്ള കലാകാരന്മാരുടെ ഊര്‍ജ്ജം എന്നതില്‍ സന്ദേഹമില്ല. ആദിമ മനുഷ്യന് ആശയവിനിമയത്തിന് ആദ്യം പ്രയോഗിച്ചത് പദ്യങ്ങളാണ്. പിന്നീടാണ് അത് ഗദ്യത്തിനു വഴിമാറിയത്. വേദങ്ങള്‍ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളെല്ലാം കവിതാരൂപത്തിലായതിന്റെ കാരണവും മറ്റൊന്നല്ല.
താളലയശബ്ദസമന്വയമാണ് സംഗീതം. ഗദ്യത്തെക്കാള്‍ മനുഷ്യമനസ്സില്‍ സ്വാധീനം ചെലുത്താന്‍ പദ്യത്തിനാവുന്നു. ഗോത്രസമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന നാടന്‍ പാട്ടുകളും ‘തുടി’യെന്ന വാദ്യോപകരണവും ഇത് അടിവരയിടുന്നു. കേള്‍വിക്കാരന്റെ മനസ്സില്‍ ഉല്കൃഷ്ടവികാരങ്ങളുണ്ടാക്കി പ്രകൃതിയും ഈശ്വരനുമായുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കാന്‍ സംഗീതത്തിന് കഴിയുന്നു. സാമവേദമാണ് സംഗീതത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നു.
വേദങ്ങള്‍ക്ക് ആറായിരം വര്‍ഷത്തോളം പഴക്കമുണ്ടായേക്കാമെന്ന് പാശ്ചാത്യചിന്തകരില്‍ പ്രമുഖനായ മാക്സ്മുള്ളര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാരതത്തിന്റെ സംഗീത പാരമ്പര്യത്തിന് ഇത്രയും ദീര്‍ഘമായ ചരിത്രമുണ്ടെന്നു സാരം. മാക്സ്മുള്ളറുടെ അഭിപ്രായം മുഖവിലക്കെടുത്താല്‍ 6000 കൊല്ലം മുമ്പ് ഋഷികവി ചിട്ടപ്പെടുത്തിയ ശാസ്ത്രീയ സംഗീതം ഇന്നും ഒരു പോറലുമേല്‍ക്കാതെ നിലനില്ക്കുന്നു. ചടുലസംഗീതത്തിന്റെ പാരമ്പര്യമുള്ള പാശ്ചാത്യര്‍ പോലും ശുദ്ധ സംഗീതത്തിന്റെ ആരാധകരായി മാറുന്നു. മന്ദസ്ഥായില് തുടങ്ങിയ ശബ്ദതരംഗങ്ങള്‍ മഹാസാഗരത്തിന്റെ ശാന്തതയും ഗാംഭീര്യവും വീണ്ടെടുത്ത് വായുവില്‍ ഒഴുകിയൊടുങ്ങുമ്പോള്‍ ശാസ്ത്രീയ സംഗീതത്തില്‍ അവഗാഹമില്ലാത്തവരില് പോലും അതുണ്ടാക്കുന്ന വികാരം പറഞ്ഞറിയിക്കാനാവാത്തതാണ്. ഈ മേന്മ ലോകത്തെ മറ്റേത് സംഗീതശാഖയ്ക്ക് അവകാശപ്പെടാനാവും? അമൃതവര്‍ഷിണി രാഗമാലപിച്ച് മഴയെത്തിച്ച മഹാമനീഷികളുടെ നാടാണ് ഭാരതം. മരണത്തിലേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും സംഗീതത്തിന് സാധിച്ചു എന്നതിന് നിരവധി ഉദാഹരണങ്ങള്‍.
പ്രതിഭകളുടെ സംഗമമാണ് തുരീയം സംഗീതോത്സവത്തിന്റെ പ്രത്യേകത. ലോകപ്രശസ്ത പുല്ലാങ്കുഴല്‍ വാദകന്‍ പത്മവിഭൂഷണ്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ നിരവധി തവണ തുരീയം വേദിയിലെത്തി ആസ്വാദകരെ ആനന്ദത്തില്‍ ആറാടിച്ചു. കാട്ടിലെ മുളം തണ്ടിന് നാവും നാദവും നല്കിയ ധന്യനിമിഷങ്ങള്‍. വിടവാങ്ങിയ സംഗീതകുലപതി ഡോ.കുന്നക്കുടി വൈദ്യനാഥനും തുരീയം വേദിയെ ധന്യമാക്കാന്‍ നിരവധി തവണയെത്തിയിരുന്നു. സമാനതകളില്ലാതെ വയലിന് എന്ന തന്ത്രി വാദ്യത്തില്‍ സംഗീതത്തിന്റെ ബഹുവിധധാരകളെ സമന്വയിപ്പിച്ച വയലിന് ചക്രവര്‍ത്തിയെ പയ്യന്നൂരിന് മറക്കാനാവില്ല. ബാന്റ്മേളത്തില്‍ ഉപയോഗിക്കാന്‍ അഡോള്‍ഫ് സാക്സ് എന്ന ബല്ജിയംകാരന് രൂപകല്‍പ്പന ചെയ്ത സാക്സ്ഫോണിന് ശങ്കരാഭരണവും കല്യാണിയും ഹരികാംബോജിയുമൊക്കെ പരിചയപ്പെടുത്തിക്കൊടുത്ത കദരി ഗോപാല്‍നാഥ് കഴിഞ്ഞ 12 വര്‍ഷവും തുരീയം സംഗീത വേദിയെ ധന്യമാക്കാനെത്തിയിരുന്നു.
കര്‍ണ്ണാടക സംഗീതലോകത്തെ പുതിയ തലമുറയില്‍പ്പെട്ട, താരപരിവേഷമുള്ള ടി.എം. കൃഷ്ണ, മദ്രാസ് പി ഉണ്ണികൃഷ്ണന്, സഞ്ജയ് സുബ്രഹ്മണ്യം, രാമകൃഷ്ണമൂര്‍ത്തി, നിത്യശ്രീ മഹാദേവന്, പട്ടാഭിരാമ പണ്ഡിറ്റ്, മല്ലാടി സഹോദരന്മാര്, കര്‍ണ്ണാടക സഹോദരന്മാര്, വാണിസതീഷ്, ഡോ.രാധാഭാസ്കര്, ഡോ.പന്തുളരമ, സിക്കിള്‍ ഗുരുചരണ്‍, അഭിഷേക് രഘുറാം തുടങ്ങിയവര്‍ തുരിയം വേദിയിലെത്തിയവരില് ചിലരാണ്. പഴയ തലമുറയിലെ ഒ.എസ്.ത്യാഗരാജന്, ആര്.കെ.ശ്രീകണ്ഠന്, ടി.വി.ശങ്കരനാരായണന്, വയലിന് ഇതിഹാസം, ടി.എന്‍.കൃഷ്ണ, മല്ലാടിത്രയം തുടങ്ങിയ ഗായകരുടെ സാന്നിധ്യവും തുരീയം വേദിയെ വ്യത്യസ്തമാക്കുന്നു. ഏതെങ്കിലുമൊരു പ്രശസ്തഗായകരുടെ സര്‍ഗാത്മകത കൊണ്ടല്ല, ഒരു സംഘം കലാകാരന്മാരുടെ സംഗമം കൊണ്ടാണ് ഈ സംഗീതോത്സവം ഭാരതത്തിലെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം പിടിക്കുന്നത്.ഹിന്ദുസ്ഥാനിസംഗീതലോകത്തെ കുലപതികളെല്ലാം തന്നെ തുരീയം വേദിയിലെത്തിയെന്നതാണ് മറ്റൊരു പ്രത്യേകത. പത്മഭൂഷണന്‍ സാജന് മിശ്ര, രാജന് മിശ്ര, പണ്ഡിറ്റ് രമേഷ് നാരായണന്, പണ്ഡിറ്റ് സഞ്ജീവ് അഭയംകര്, ഉസ്താദ് സഖീര്‍ ഹുസൈന്, ബീഗം പര്‍വ്വീണ സുല്‍ത്താന, ഉസ്താദ് ദില്ഷാദ്ഖാന്, ഉസ്താദ് റഫീഖ്ഖാന് തുടങ്ങിയവര്‍ ഇവരില്‍പ്പെടും.
ഗായകരോടൊപ്പം പക്കമേളത്തിനും അതാത് ഉപകരണങ്ങളിലെ പ്രമുഖര്‍ അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാജേന്ദ്ര നാക്കോട്ട് (തബല), ബാംഗ്ലൂര്‍ രാജശേഖരന് (മുഖര്ശാഖ്), എ. കന്യാകുമാരി (വയലിന്), തഞ്ചാവൂര്‍ ഗോവിന്ദരാജ് (തവില്‍) സുകന്യ റാം ഗോപാല്‍ (ഘടം), ഡോ. എസ്. കാര്‍ത്തിക് (ഘടം), ഉമയാള്‍പുരം ശിവരാമന് (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണന്(ഘടം), വിജയകുമാര്‍ ഘാട്ടെ (തബല) തുടങ്ങിയവര്‍ ഇവരില്‍പ്പെടും. സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പ് കിണഞ്ഞ് പരിശ്രമിച്ചിട്ടും പ്രതിഭാസ്പര്‍ശമുള്ള ഒരു കൂട്ടം സംഗീതജ്ഞരെ ഒരേ വേദിയിലെത്തിക്കാന്‍ സാധിക്കാത്തപ്പോഴാണ് തുരീയം സംഗീതോത്സവം പ്രസക്തമാകുന്നതെന്ന് സംഗീത മഹോത്സവത്തിന്റെ അതിഥികളായെത്തിയ സര്‍ക്കാര്‍ സര്‍വ്വീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് ഇവിടെ ഓര്‍ക്കുകയാണ്. അതെ, അത്ഭുതപ്പെടുത്തുന്ന ഇച്ഛാശക്തിയും ആത്മീയതയിലധിഷ്ഠിതമായ ഉറച്ച ചിന്തയും തുരീയത്തിന്റെ സംഘാടക മികവിനു പിന്നിലുണ്ട്. കാരണം 9 ദിവസത്തെ സംഗീതോത്സവമായാണ് തുരീയം തുടങ്ങിയത്. എന്നാല്‍ 10ാം വാര്‍ഷികമായ 2013ല്‍ 21 ദിവസത്തെ സംഗീതോത്സവമാണ് നടന്നത്.
2013 ല്‍ മാത്രം നൂറോളം പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് മഹോത്സവം സംഗീത ചരിത്രത്തില്‍ ഇടം കണ്ടു. ഈ വര്‍ഷത്തെ സംഗീതരാവുകള്‍ക്ക് തിരശ്ശീല ഉയര്‍ന്നത് കഴിഞ്ഞ 9-ാം തീയ്യതി. പ്രശസ്ത സാഹിത്യകാരന് എം. മുകുന്ദനാണ് തിരി കൊളുത്തിയത്. ഡിഐജി ദിനേന്ദ്രകശ്യപ് ഐപിഎസ് അതിഥി ആയിരുന്നു. അമ്പതിലധികം കലാകാരന്മാരാണ് സംഗീതസായന്തനങ്ങളെ വിഭവസമൃദ്ധമാക്കാന്‍ പയ്യന്നൂരിലെത്തിയത്. തികഞ്ഞ അച്ചടക്കമാണ് തുരിയം സംഗീതത്തിന്റെ പ്രത്യേകത. ഈ അച്ചടക്കത്തിനു പിന്നില്‍ ഏതോ ഒരദൃശ്യശക്തിയുടെ കരങ്ങളില്ലേയെന്ന് സംശയിച്ചുപോകും. എല്ലാം നിയന്ത്രിക്കാന്‍ നാദയോഗി എന്ന് വിശേഷിപ്പിക്കാവുന്ന സ്വാമികൃഷ്ണാനന്ദഭാരതിയുണ്ട്. മധുരമുള്ള വാക്കുകള്‍ കൊണ്ട് ആരെയും കൈയിലെടുക്കാറില്ല.
മുഖ്യസംഘാടകന്റെ ജാടയോ അഹങ്കാരമോ ഇല്ല. എന്നാല്‍ സംഗീതത്തിന്റെ, കലയുടെ കാര്യത്തില്‍ സ്വാമിജി കര്‍ക്കശക്കാരനാണ്. വെള്ളം ചേര്‍ക്കാത്ത ഈ കാര്‍ക്കശ്യമാണ് തുരിയം സംഗീതോത്സവത്തെ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ അടയാളപ്പെടുന്ന രീതിയിലേക്ക് വളര്‍ത്തിയെടുക്കാന്‍ സഹായിച്ചത്. പാട്ട് പഠിക്കാതെ സംഗീതത്തെയും കലാകാരനല്ലാതെ കലയേയും സ്നേഹിക്കുന്ന സ്വാമിജി ഇവയെ ദൈവീകമായി കാണുന്നു. മനുഷ്യമനസ്സിനെ മലിനീകരിക്കുന്ന ദുഷ്ചിന്തകളെ കഴുകി കളയാന്‍ ശുദ്ധസംഗീതത്തിനും സത്കലകള്ക്കും സാധിക്കുമെന്ന് ഈ കര്‍മ്മയോഗി വിശ്വസിക്കുന്നു. ഒരു സമൂഹത്തെ മുഴുവന്‍ നന്മയിലേക്ക് നയിക്കാന്‍ സ്വാമിജിയുടെ ഈ കലാപ്രവര്‍ത്തനം തെല്ലൊന്നുമല്ല സഹായിക്കുന്നത്. അതുകൊണ്ട് തുരീയം സംഗീതോത്സവം നിര്‍വഹിക്കുന്ന ദൗത്യവും ചെറുതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: