രണ്ടാഴ്ചകള്‍ക്കുമുമ്പ് ഗുരുവായൂര്‍ നിന്ന് അപ്രതീക്ഷിതമായൊരു ഫോണ്‍കോള്‍. ”നിവേദിത രാധ ബാലകൃഷ്ണന്റെ മകള്‍ കേസരി വാരികയില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതാണ്. അച്ഛന് ബാലകൃഷ്ണന്‍നായരുടെ എണ്‍പതാം പിറന്നാള്‍ വരുന്നു എന്നറിയിച്ചതാണ്. എത്രയെത്ര ഓര്‍മകളാണ് ചലച്ചിത്രത്തിലെന്നതുപോലെ കടന്നുപോയതെന്നറിയില്ല. മുമ്പൊരിക്കല്‍ ഗുരുവായൂരിലെ തന്നെ വേണു മട്ടാഞ്ചേരിയില്‍നിന്ന് വിളിച്ചു.
പ്രചാരകനായി 1957 ആദ്യം ഗുരുവായൂരിലെത്തിയപ്പോള്‍ പരിചയപമായവരില്പ്പെട്ടവരാണ് ബാലകൃഷ്ണന് നായരും വേണുവുമൊക്കെ. അക്കൂട്ടത്തില്‍ നിരന്തരമായി ബന്ധം പുലര്ത്തിയതാരെയെന്നു നോക്കിയാല്‍ ഒരുത്തരമേയുള്ളൂ. ഫോട്ടോ ബാലേട്ടന്. അദ്ദേഹത്തിന്റെ ഉണ്ണികൃഷ്ണാ പിക്ചര്‍ മാര്‍ട്ട് സംഘത്തെ സംബന്ധിച്ചിടത്തോളം ഗുരുവായൂരിലെ പടിഞ്ഞാറെ നടയിലുണ്ടായിരുന്ന ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളിലൊന്നായിരുന്നു കേശു എന്ന് പ്രസിദ്ധനായ വീട്ടിക്കിഴി കേശവന് നായരുടെ ജയകൃഷ്ണ കേഫ്, രാമസ്വാമിയുടെ പലചരക്കുകട എന്നിവ മറ്റു കേന്ദ്രങ്ങളായിരുന്നു ഗുരുവായൂര്‍ എത്തുന്ന സംഘബന്ധുക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ അവിടെനിന്നറിയാമായിരുന്നു.
ഞാന്‍ ഗുരുവായൂരില്‍ ചെല്ലുമ്പോള്‍ ശാഖയില്‍ സജീവമായി പ്രവര്‍ത്തിച്ച ഒരു ബാലകൃഷ്ണന് കൂടിയുണ്ടായിരുന്നു; രജിസ്റ്റര്‍ ഓഫീസ് ബാലകൃഷ്ണന്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലങ്ങള്‍ ഒഴിപ്പിച്ചപ്പോള്‍ ബാലേട്ടന്റെ അരനൂറ്റാണ്ടിലേറെയായി ആ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം ഇല്ലാതായി. എന്റെ ഗുരുവായൂര്‍ യാത്രയും ഏതാണ്ടു നിലച്ചമട്ടായി. രണ്ടുവര്‍ഷംമുമ്പ് പോയപ്പോള്‍ കിഴക്കേ നടയിലെ ഒരു കോംപ്ലക്സില്‍ അവര്‍ക്ക് ഒരു കടമുറി ലഭിച്ചിട്ടുണ്ടെന്നു അന്വേഷിച്ചറിഞ്ഞു. അവിടെ അദ്ദേഹത്തിന്റെ മകനെ കണ്ടു കുശലം പറഞ്ഞതല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല.
അദ്ദേഹം വിവാഹം കഴിച്ചതും ഞാന്‍ ഗുരുവായൂരിലുള്ള കാലത്തായിരുന്നു.
നവദമ്പതികളെ കാണാന്‍ രജിസ്റ്ററാപ്പീസ് ബാലകൃഷ്ണനുമൊരുമിച്ച് പോയതോര്‍ക്കുന്നു. സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയാണെന്നേ അന്നു രാധാ ബാലകൃഷ്ണനെ കണ്ടാല്‍ തോന്നുമായിരുന്നുള്ളൂ.
എന്റെ ഗുരുവായൂര്‍ക്കാലം ഒരു വര്‍ഷവും മൂന്നുമാസവും മാത്രം നീണ്ടതായിരുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമെത്തിയ സ്വയംസേവകരെയും മറ്റു പ്രമുഖ വ്യക്തികളെയും പരിചയപ്പെടാന്‍ അവിടെ സാധിച്ചു. പിന്നീട് ഒന്പതുകൊല്ലങ്ങള്ക്കുശേഷം ഭാരതീയ ജനസംഘത്തിന്റെ സംഘടനാ ചുമതല ഏല്പ്പിക്കപ്പെട്ടപ്പോഴാണ് ഗുരൂവായൂരില്‍ ചെല്ലാന്‍ അവസരമുണ്ടായത്. ജനസംഘത്തിന്റെ ദേശീയ കാര്യസമിതി യോഗത്തില്‍ പങ്കെടുത്തശേഷം പരമേശ്വര്‍ജി സിംലയില്‍ നിന്നു തിരിച്ചെത്തി, ഗുരുവായൂരില്‍ കേരളത്തിലെ പ്രധാന പ്രവര്‍ത്തകരുടെ രണ്ടുദിവസത്തെ യോഗം വിളിച്ചു. അവിടെ സത്രത്തില്‍ പി. കെ. അപ്പുക്കുട്ടന്, ബാലകൃഷ്ണന് നായര്‍ തുടങ്ങിയവരെത്തി വേണ്ട സൗകര്യങ്ങള്‍ ചെയ്തു. പഴയവരെ കാണാന്‍ കഴിഞ്ഞു. ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനം കേരളത്തിലാണ് നിശ്ചയിക്കപ്പെട്ടതെന്ന വിവരം പരമേശ്വര്‍ജി അറിയിച്ചപ്പോള്‍ ആ ഉത്തരവാദിത്തത്തിന്റെ വലിപ്പമോര്ക്കാന്പോലും കഴിയാതെ എല്ലാവരും അമ്പരന്നുപോയി. തീര്‍ച്ചയായും അറിഞ്ഞവര്‍ക്കൊക്കെ അത് അത് ആവേശം നല്കി.
സമ്മേളനത്തോടനുബന്ധിച്ച് വമ്പിച്ച മഹിളാ സമ്മേളനം നടത്തണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അതു വിജയിപ്പിക്കുന്നതില്‍ തന്റെ പങ്കു നിര്‍വ്വഹിക്കാന്‍ ബാലേട്ടന് ധര്‍മ്മപത്നിയുമായി മുന്നിട്ടിറങ്ങി. അന്നുമുതല്‍ സംഘം സംബന്ധിച്ച എന്തുപരിപാടി ഗുരുവായൂരില്‍ നടന്നാലും അവര്‍ അതിന്റെ മുന്‍നിരയില്‍നിന്നു. സ്ത്രീശാക്തീകരണമെന്ന പുത്തന്‍ പരിഷ്കാരം നടപ്പില്‍ വരുന്നതിനുമെത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഭാരതീയ ജനസംഘത്തിന്റെ മഹിളാ വിഭാഗം അക്കാര്യം നിര്‍വഹിച്ചുകൊണ്ടിരുന്നു.
ടി. പി. വിനോദിനിയമ്മ, എം. ദേവകിയമ്മ, രാധാ ബാലകൃഷ്ണന്, ഡോ. വിമല തുടങ്ങിയവര്‍ കേരളത്തിലെ പ്രമുഖ മഹിളാ പൊതുപ്രവര്‍ത്തകരായി അറിയപ്പെട്ടു. ജനസംഘത്തിന്റെ മഹിളാ വിഭാഗം സംസ്ഥാന സമ്മേളനം 1971ല്‍ ഗുരുവായൂരില്‍ നടന്നപ്പോള്‍ രാധാബാലകൃഷ്ണന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്നവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയ അവസരമായിരുന്നു. ഒരുമാസം കഴിഞ്ഞു ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ അവര്‍ കൈക്കുഞ്ഞുമായിട്ടാണ് പങ്കെടുത്തത്. ആ കുഞ്ഞാണ് എന്നെ ഫോണില്‍ വിളിച്ച് അച്ഛന്റെ ജന്മദിന വിവരം അറിയിച്ച നിവേദിത. ഏതു മഹദ് വ്യക്തിത്വത്തിന്റെയും വിജയത്തിന്, മറ്റേപ്പകുതിയുടെ പിന്തുണ ഏറ്റവും വലിയ പങ്കു വഹിക്കുന്നുണ്ടാവും എന്നുപറയപ്പെടുന്നു. ശൈലി പുരുഷന്മാരെപ്പറ്റിയാണെങ്കിലും ബാലേട്ടന് അതിനപവാദമായി നേരെ തിരിച്ചാണ്.
ഗുരുവായൂരിലെ ഊട്ടുപുരയില്‍ നിലനിന്ന ജാതി വിവേചനത്തിനെതിരെ കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ നടന്ന പദയാത്രയ്ക്കു തിരുവനന്തപുരം മുതല്‍ തന്നെ സംഘപരിവാറിന്റെ സമ്പൂര്‍ണ സഹകരണവും സ്വീകരണവും നല്‍കിയിരുന്നു. അവര്‍ ഗുരുവായൂരിലെത്തിയപ്പോള്‍ സമസ്ത ഹൈന്ദവ വിഭാഗത്തിലുള്ളവരെയും പങ്കെടുക്കുന്നതിന് വിനോദിനി അമ്മയ്ക്കും ദേവകിയമ്മയ്ക്കും ഡോ. ആര്യാദേവിക്കും ഡോ. വിമലയ്ക്കുമൊപ്പം രാധാ ബാലകൃഷ്ണനുമുണ്ടായിരുന്നു. ഒപ്പം അവരുടെ മക്കളും.
ജന്മഭൂമിയുടെ പ്രാരംഭകാലത്തു ബാലേട്ടന് ചെയ്ത സേവനങ്ങള്‍ ഈയവസരത്തില്‍ അനുസ്മരിക്കാതെ വയ്യ. മാതൃകാപ്രചരണാലയത്തിന്റെ ഓഹരികള്‍ എടുപ്പിക്കാനായി ചെന്നയവസരത്തില്‍, അദ്ദേഹം തന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ എടുത്തതിനു പുറമേ, മറ്റു പലരെയും അതിനു പ്രേരിപ്പിക്കുകയും ചെയ്തു. അതിനു പുറമെ, തുടക്കകാലത്തു സാമ്പത്തിക ഞെരുക്കം പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലെത്തിയ പല അവസരങ്ങളിലും ബാലേട്ടനെ സമീപിച്ചിട്ടുണ്ട്. താല്‍ക്കാലിക വായ്പയെന്ന നിലയ്ക്കു പലപ്പോഴും അദ്ദേഹം സഹായിക്കുകയും ചെയ്തു. ഒരിക്കല്‍, അന്നത്തെ കടയിലെ വിറ്റുവരവു തുക മുഴുവന്‍ എടുത്താണ് ഏല്‍പ്പിച്ചത്. അതു തിരിച്ചുകൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഷെയര്‍ ആയി കരുതിയാല്‍ മതിയെന്നദ്ദേഹം ആശ്വസിപ്പിച്ചു. ഇങ്ങനെ വേറെയും ചിലരുണ്ട്. എണ്‍പതാം ജന്മദിനത്തില് അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു.
മറ്റു രണ്ട് ബാലകൃഷ്ണന്മാരെപ്പറ്റി പരാമര്‍ശിച്ചുവല്ലൊ. അതില്‍ രജിസ്റ്ററാഫീസ് ബാലകൃഷ്ണനെ പിന്നീട് കണ്ടത് പാലക്കാട്ടു വെച്ചായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പലപ്പോഴും പോയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ എന്റെ ഒന്നാമത്തെ ഓണം ജയിലിലായിരുന്നു. രണ്ടാമത്തെ ഓണത്തലേന്ന് പാലക്കാട് അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിച്ചത്. അവിസ്മരണീയമായിരുന്നു ആ രാത്രി.
രണ്ടാമത്തെ ബാലകൃഷ്ണന് നായര്‍ ചാവക്കാട് ഭാഗത്തെ ആദ്യ സ്വയംസേവകരില്‍ ഒരാളാണ്. 1948ലെ സത്യഗ്രഹത്തില്‍ പങ്കെടുത്ത് കണ്ണൂര്‍ ജയിലില്‍ തടവില്‍ കഴിയുകയും അടുത്ത വര്‍ഷം നാഗ്പൂരില്‍ പരിശീലനത്തിനു പോകുകയും ചെയ്ത അദ്ദേഹം ഞാന്‍ ഗുരുവായൂരിലായിരുന്ന കാലത്ത് പൊന്നാനിയില്‍ പ്രചാരകനായിരുന്നു. പിന്നീട് നിരവധി വര്‍ഷങ്ങള്‍ ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ കച്ചവടം നടത്തി. ഇപ്പോള്‍ പറപ്പൂരിനടുത്തു വിശ്രമജീവിതം നയിക്കുന്നു. ഒരിക്കല്‍ എനിക്ക് പഴയ ഓര്‍മകള്‍ പങ്കുവെച്ചു കത്തെഴുതുകയും വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു. 90 നോടടുത്ത അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അത്രടം യാത്ര ചെയ്യുവാന്‍ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: