തള്ളേ കലിപ്പ് പോണില്ലല്ല് എന്നാണ് കുട്ടിരാമന് ഇപ്പോഴും പറയുന്നത്. 40 ആണ്ട് മുമ്പത്തെ കറുത്ത രാത്രിയെപ്പറ്റിയുള്ള കുട്ടിരാമന്റെ വികാരം ഉള്‍ക്കൊള്ളാനുള്ള ബാധ്യതയൊന്നും മുന്‍ മന്ത്രി സല്മാന് ഖുര്‍ഷിദിനും ടിയാനെ പിന്തുണയ്ക്കുന്നവര്ക്കുമില്ല. പക്ഷേ, മറ്റു ചിലര്‍ക്കുണ്ടുതാനും. അത്തരമൊരു സ്ഥിതിവിശേഷം വന്നേക്കാമെന്ന ഭീതി ഉണ്ടാവുന്നത് ഇമ്മാതിരി സല്മാന്മാര് ഇടയ്ക്കിടെ നടത്തുന്ന ഉദീരണങ്ങള്‍ വഴിയാണ്. പറഞ്ഞ് പറഞ്ഞ് മേപ്പടി സാധനം വന്നാല്‍ എന്തോ ചെയ്യും. അരനൂറ്റാണ്ടിന്റെ അനുഭവമുള്ളവര്‍ (അതില്‍ നിന്ന് സ്വാഭാവികമായ പത്തുവര്‍ഷം കുറവു ചെയ്യുക) അത്യാവശ്യം കേട്ടറിഞ്ഞ കാര്യങ്ങള്‍ക്ക് എത്രമാത്രം ചൂടും ചൂരും ഉണ്ടാവുമെന്നറിയില്ല. പക്ഷേ, അനുഭവിച്ചവര്‍ക്ക്, അനുഭവിച്ചവരുടെ അനുഭവം കൈമാറി കൈമാറി വന്നവര്‍ക്ക് അത്രയെളുപ്പം അതൊന്നും മറക്കാന്‍ കഴിയില്ല. അങ്ങനെയുള്ളപ്പോഴാണ് നേരത്തെ പറഞ്ഞ സല്മാന് ഇങ്ങനെ മൊഴിയുന്നത്: അടിയന്തരാവസ്ഥ: കോണ്‍ഗ്രസ് മാപ്പു പറയേണ്ടതില്ല.
ലോകാവസാനം വരേക്കും പിറക്കാതെ പോക നീ മകനേ എന്ന് ക്ഷുഭിത യൗവനങ്ങളുടെ പൂക്കാലമായിരുന്ന കവി എഴുതിയത് നമുക്ക് ഇങ്ങനെയൊന്നു മാറ്റിപ്പറയാന്‍ ഇടവെച്ചത് സല്‍മാന്റെ നേതാവു വിതച്ച വിത്താണ്. ലോകാവസാനം വരേക്കും മറക്കാതിരിക്കുക മകനേ എന്ന്. തുടുത്ത ആപ്പിളിന്റെ ഉള്ളുകെട്ടിരിക്കുമെന്ന് ലോക പ്രശസ്ത നാടകകൃത്ത് പറഞ്ഞത് വെറുതെയല്ല. അടിയന്തരാവസ്ഥയെന്ന പുണ്യം സല്‍മാനും ശിങ്കിടികള്‍ക്കും തുടുത്ത ആപ്പിളാണ്. എന്നാല്‍ ഉള്ളിലെ കെട്ട അവസ്ഥയെന്തെന്ന് അറിയുന്ന ഒരുപാടു പേര് ഇന്നും ജീവച്ഛവങ്ങളായും അതിനോടു തുല്യമായും കഴിയുന്നുണ്ട്. ഹൈദരബാദില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് സല്മാന് ഖുര്‍ഷിദ് അടിയന്തരാവസ്ഥയെന്ന കിരാതത്വത്തിന് പട്ടുകംബളം ചാര്‍ത്തിയത്. ഇതാ മൂപ്പരുടെ ചില വാക്കുകള്‍: ഞങ്ങള്‍ എന്തിനു മാപ്പു പറയണം? അടിയന്തരാവസ്ഥയെക്കുറിച്ച് എന്തിനു ചര്‍ച്ച ചെയ്യണം? ചില കാര്യങ്ങള്‍ സംഭവിച്ചു.
അതിനുശേഷം ജനങ്ങള്‍ ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിപദത്തില്‍ തിരികെയെത്തിച്ചു. അപ്പോള്‍ ഞങ്ങള്‍ മാപ്പുപറയണമെങ്കില്‍ ഇന്ത്യയിലെ ജനങ്ങളും മാപ്പു പറയണം. ചരിത്രത്തിലേക്കു തിരിച്ചു പോകേണ്ട കാര്യമില്ല. (മലയാള മനോരമ, ജൂലൈ 14) അതെ, നമുക്കു ചരിത്രം ആവശ്യമില്ല. സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കാനുള്ളതും നല്ലതിന് എന്ന മണ്ണുണ്ണി വചനത്തില്‍ സ്വാസ്ഥ്യം കൊള്ളാം. എന്തുകൊണ്ടാണ് മുതിര്‍ന്ന ബിജെപി നേതാവ് അടിയന്തരാവസ്ഥയെക്കുറിച്ച് ഈയടുത്ത് പരാമര്‍ശിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ? ഇല്ലെങ്കില്‍ നമ്മുടെ നാട്ടിലെ ചില സല്മാന് ഖുര്ഷിദുമാരെക്കൂടി പരിചയപ്പെടുക.
കാലുഷ്യത്തിന്റെ 40-ാം വാര്‍ഷികം കോഴിക്കോട്ട് ആചരിക്കുമ്പോള്‍ അതില്‍ ഒരു പ്രസംഗകന് ഇങ്ങനെ പറഞ്ഞു: എന്തിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ന്യൂജനറേഷന് ചോദിച്ചാല്‍ നിങ്ങള്‍ എന്തു മറുപടി പറയും. 40 വര്‍ഷം കഴിഞ്ഞ ഒരു കാര്യം ഇനിയുമിങ്ങനെ ആചരിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. മാത്രവുമല്ല അന്നത്തെ പ്രക്ഷോഭം കൊണ്ടൊന്നുമല്ല ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചത്. അവരുടെ ഔദാര്യമാണ് അതിന് വഴിവെച്ചത്. നോക്കുക ഒരു സല്മാന് ഖുര്‍ഷിദ് പ്രേതം അതില്‍ മുക്രയിട്ടു തുള്ളുന്നത് കാണുന്നില്ലേ? യുക്തിവാദത്തിന്റെ പരുക്കന്‍ പാതയില്‍ നിന്ന് ഭക്തിവാദത്തിന്റെ സൗമ്യതയിലേക്ക് കുടിയേറിയെന്ന് പലരും പറയുന്ന ഫിലിപ്പ് എം പ്രസാദായിരുന്നു ആ പ്രഭാഷകന്‍.
ഇന്ദിരാഗാന്ധിയുടെ ഔദാര്യമല്ല ഇന്ത്യന്‍ മനസ്സിന്റെ തകര്‍ക്കാനാവാത്ത ഇച്ഛാശക്തിയും ആത്മബലവുമാണ് അത്തരമൊരു നീചകൃത്യത്തെ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞതെന്ന സ്വാഭാവികസത്യം മനസ്സിലാക്കാത്ത ഇത്തരം സല്മാന്മാര് നമ്മുടെ സമൂഹത്തില്‍ മുക്രയിട്ടു പായുമ്പോള്‍ തോന്നുന്നില്ലേ അദ്വാനി പറഞ്ഞതിന്റെ ഉള്‍പ്പൊരുള്‍.
മുഷിയരുത്, ഇതാ മറ്റൊരു സല്മാന് ഖുര്‍ഷിദ്. അദ്യം പക്ഷേ, അന്നത്തെ അടിയന്തരത്തെ വാനോളം പുകഴ്ത്തുകയാണ് എന്നുകൂടി തിരിച്ചറിയണം. സമൂഹത്തില്‍ മാന്യസ്ഥാനമുണ്ടെന്ന് നാഴികക്കു നാല്പതുവട്ടവും സ്വമനസ്സാക്ഷിയെ ബോധ്യപ്പെടുത്തുന്ന വിദ്വാന് പറഞ്ഞുവെക്കുന്നത് ഇങ്ങനെ: അടിയന്തരാവസ്ഥക്കാലത്ത് ജീവിക്കാനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ഐഡന്റിറ്റി കാര്‍ഡുകള്‍ ആവശ്യമുണ്ടായിരുന്നില്ല. ഇന്ന് ഐഡന്റിറ്റികാര്‍ഡില്ലാതെ ജീവിക്കാനോ യാത്ര ചെയ്യാനോ പറ്റില്ല. നമ്മുടെ വ്യക്തിജീവിതത്തെ ഭരണകൂടം നേരിട്ടു നിയന്ത്രിക്കുന്നു. അടിയന്തരാവസ്ഥയെക്കാള്‍ വലിയ അടിയന്തരാവസ്ഥയാണ് ഇന്നു നിലനില്‍ക്കുന്നത്.
പലനാള്‍ കണ്ട ഇരുട്ടും പ്രകാശമായ് വന്നിടാം എന്ന കവി വചനത്തിന്റെ ഉള്‍പ്പൊരുളിലേക്കു നമ്മുടെ ബുദ്ധിജീവിയായ ബി. രാജീവന്റെ മാനസികാവസ്ഥയും പറിച്ചു നടാം. ചരിത്രത്തിലേക്കു തിരിച്ചു പോകേണ്ടെന്നും അന്ന് അങ്ങനെ സംഭവിച്ചതില്‍ മാപ്പു പറയേണ്ട കാര്യമില്ലെന്നും പറയുമ്പോള്‍ പ്രിയ കാലികവട്ടം വായനക്കാരേ ഉള്ളിന്റെ ഉള്ളില്‍ അടിയന്തരാവസ്ഥയുടെ ഒരു കടുക് പൊട്ടല്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ? ഇന്ദിരയുടെ ഇരുപതിനവും മകന്റെ അഞ്ചിനവും നടപ്പാക്കാന്‍ ഓടിപ്പാഞ്ഞു നടന്ന സകലവിദ്വാന്മാര്‍ക്കും കണക്കിലും അതില്‍ക്കൂടുതലും പലതും കിട്ടിയിരിക്കാം. എന്നാല്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത ഒരു നേരത്തെ അന്നത്തിന് പാങ്ങില്ലാത്ത ലക്ഷോപലക്ഷം മനുഷ്യരുടെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിട്ടതിന്റെ വേദന മറക്കാനാവുമോ? അവരുടെ സഹനസമരത്തിന്റെ ചൂടില്‍ വെന്തു വെണ്ണീറായ രാക്ഷസീയതക്ക് ചിറകു മുളയ്ക്കുന്നുണ്ടെങ്കില്‍ എന്നെന്നേക്കുമായി അത് ഇല്ലാതാക്കാന്‍ അണുനാശിനി കരുതി വെക്കുക.
സമൂഹത്തിന്റെ നേരെ കണ്ണാടിവെച്ച് ഒരു കഥാകൃത്ത് വികാരനിര്‍ഭരമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. തന്റെ കഥാപാത്രങ്ങളിലൂടെ മാറാട്ടം നടത്തി സമൂഹത്തെ നോക്കി കണ്ണിറുക്കിച്ചിരിക്കുന്നു അദ്ദേഹം. ആരുടെ ഉള്ളിലേക്കും അനുവാദമില്ലാതെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ കടന്നുചെല്ലും.
അസ്വാഭാവികതകളെ പതിയെ നുള്ളിയെടുക്കും, ഒട്ടും വേദനിപ്പിക്കാതെ. ഒരു സാഹിത്യകാരന്റെ യഥാര്‍ത്ഥ കര്‍മ്മമെന്തെന്ന് കാണിച്ചുതരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥ ഇത്തവണത്തെ മാധ്യമം ആഴ്ചപ്പതിപ്പില്‍ (ജൂലൈ 13) കാണാം. വിരാമസന്ധിയെന്ന ആ കഥ ന്യൂജനറേഷനും ഓള്‍ഡ് ജനറേഷനും തമ്മിലുള്ള ഇഴയടുപ്പത്തിന്റെയും അച്ഛനമ്മമാരും മക്കളും തമ്മില്‍ ഉണ്ടായിരിക്കേണ്ട പാരസ്പര്യത്തിന്റെയും സുഖദമായ രേഖാചിത്രമാണ്. വായിച്ചുപോകെ, നിങ്ങളുടെ മനസ്സിന്റെ തുറക്കാത്ത സകല വാതിലുകളും ജനലുകളും താനെ തുറന്നുപോകും. വല്ലാത്തൊരു കുളിര്‍മയുടെ സുഖാലസ്യത്തില്‍ നിങ്ങള്‍ പതിയെ മിഴിയടച്ച് നടന്ന വഴികളിലൂടെ വീണ്ടും നടക്കും. അവിടങ്ങളില്‍ ചിതറിവീണ വളപ്പൊട്ടുകള്‍, മഞ്ചാടിക്കുരു, ഊഷ്മളമായ കൈത്താങ്ങുകള്‍ എല്ലാം കാണും.
യു.കെ. കുമാരന് എന്ന കഥാകൃത്തിന്റെ അന്യാദൃശമായ കൈയടക്കത്തിന്റെ അവാച്യസുന്ദരമായ കഥ; ഒരു മകന്റെ കാഴ്ചപ്പാടിലൂടെ വിരിയുന്ന ജീവിതഗന്ധിയായ കഥ. ഇതാ ഒരു നാലു വരി: പിന്നീടെപ്പോഴോ ഫോണില്‍ അച്ഛന്റെ ശബ്ദം കേട്ടു. ”മോനേ അമ്മക്കു നിന്നെ കാണണമെന്ന്” അതു കഴിഞ്ഞ് അമ്മക്കും അച്ഛനും നടുവില്‍ കിടന്നുകൊണ്ട് മുറിയുടെ വെളുത്ത മേലാപ്പിന്റെ അടരുകളിലേക്ക് നോക്കിക്കിടക്കെ മകന് അറിയുകയായിരുന്നു, തന്റെ ദേഹത്ത് അമ്മയുടെയും അച്ഛന്റെയും കൈകള്‍ പൊതിയുന്നു. പിന്നെ അവരുടെ വിരലുകള്‍ പരസ്പരം അറിയുന്നു. വായിച്ചു തീരുമ്പോള്‍ നമ്മളും പരസ്പരം അറിഞ്ഞിരിക്കും.
കുഞ്ഞുമനസ്സിന്റെ കുസൃതികളിലേക്ക് മയില്‍പ്പീലി വീണ്ടുമെത്തുന്നു എന്ന ആഹ്ലാദം കുട്ടികളിലും മുതിര്‍ന്നവരിലും നിറയുകയാണ്. കുട്ടികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ മാസികയാണ് മയില്‍പ്പീലി. പേരുപോലെ വര്‍ണഭംഗിയും പാരമ്പര്യപ്പെരുമയും സ്വഭാവമഹിമയും ഉള്‍ക്കൊള്ളുന്നതാണ് മാസിക. ഇടയ്ക്കു കുറച്ചുകാലം നിന്നുപോയതിന്റെ വിഷമം പുതിയലക്കം കാണുമ്പോഴേക്കും മാറുമെന്നതില്‍ തര്‍ക്കമില്ല. ഭഗവാന് കൃഷ്ണന്റെ നാമധേയത്തിലുള്ള ഒരു പ്രസ്ഥാനം പുറത്തിറക്കുന്ന മാസിക എന്തുകൊണ്ടും ആ സംസ്കാരം പ്രസ്ഫുരിപ്പിക്കും എന്നാണ് മഹാകവി അക്കിത്തം പുനഃപ്രകാശനത്തിന് ആശംസ നേര്‍ന്നത്. നമ്മുടെ ജീവിതശൈലിയെ മാറ്റിയെടുക്കാനും, പുതിയ ജീവിതാവബോധം കണ്ടെത്താനും ലക്ഷ്യം സാക്ഷാത്കരിച്ച് ജീവിതവിജയം ഉറപ്പു വരുത്താനും സാധിക്കുന്ന വായനാ പ്രപഞ്ചമാണ് മയില്‍പ്പീലിയിലൂടെ മുമ്പിലെത്തുന്നത് എന്ന് മുഖക്കുറിപ്പില്‍ കുട്ടികളുടെ പ്രിയപ്പെട്ട ഗോപിച്ചേട്ടന് വ്യക്തമാക്കുന്നുണ്ട്. കുട്ടികളുടെ കൂട്ടുകാരന് കാലികവട്ടത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: