കഥകളിയെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നിരവധിയാളുകളുണ്ട്. അതിനോടുള്ള ആരാധനയില്‍ പ്രായമേറിയകാലത്തും കഥകളി പഠിക്കുന്നവരുമുണ്ട്. അതില്‍നിന്നൊക്കെ ഏറെ വ്യത്യസ്തനായ ഒരാളാണ് ഏലൂര്‍ സ്വദേശിയായ പി. മോഹന്‍കുമാര്‍. കഥകളിയെക്കുറിച്ചോ അതിന്റെ വേഷങ്ങളെക്കുറിച്ചോ ചുട്ടികുത്തുന്നതിനെക്കുറിച്ചോ ഒരറിവുമില്ലാത്ത ഒരു സാധാരണക്കാരന്. പക്ഷേ മനോഹരദൃശ്യങ്ങള്‍ അതിലേറെഭംഗിയായി ക്യാമറയില്‍ പകര്‍ത്താനുള്ള കഴിവുണ്ട്. ചിലപ്പോള്‍ അതാകാം മോഹന്‍ കുമാറിനെ കഥകളിയിലേക്ക് ആകര്‍ഷിക്കാനുള്ള കാരണവും. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് നടത്തിയ കഥകളിയരങ്ങില്നിന്നാണ് ഈ കലയോടുള്ള ഒടുങ്ങാത്ത പ്രേമം തുടങ്ങിയത്. പിന്നീട് കഥകളി സദസ്സുകളിലെ നിത്യ സന്ദര്‍ശകനായി അദ്ദേഹം.
ആട്ടവിളക്കിനു മുമ്പില്‍ അണിനിരക്കുന്ന കഥകളി വേഷങ്ങളുടെ വ്യത്യസ്തയാര്‍ന്ന ഫോട്ടോ പകര്‍ത്തിയാണ് ഇയാള്‍ മറ്റു കഥകളി ആരാധകരില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത്. കേരളത്തിന്റെ കഥകളി സംസ്കാരത്തെ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഫോട്ടോ വൈഡ് ക്യാമറ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയും സന്ദര്‍ശകരുമായി ഈ മേഖലയില്‍ തനിക്ക് ലഭിച്ചിട്ടുള്ള എല്ലാ അറിവും പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ കഥകളിയെക്കുറിച്ചുള്ള തന്റെ അറിവ് വളരെ പരിമിതമാണെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീടുള്ള യാത്രകള്‍ അതിനുവണ്ടിയുള്ളതായിരുന്നു.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കഥകളി വേദികളില്‍ കയറിയിറങ്ങി. കൃത്യമായി ഗുരുവില്ലാതെ, കണ്ടുതന്നെ കഥകളിയെക്കുറിച്ച് അറിയാന്‍ ശ്രമിച്ചു. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ കഥകളിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്ന മോഹന്‍കുമാര്‍ ഏറെമാറി കാലങ്ങള്‍ കൊണ്ട്. കഥകളിയിലെ ചുട്ടിയും തേപ്പും പച്ചയും താടിയുമൊക്കെ ഇന്ന് ചിരപരിചിതമായ വാക്കുകളായി. കഥകളിയുടെ ഉള്ളറ തേടിയുള്ള യാത്രകളില്‍ 55 ഓളം കളികള്‍ കാണുവാനും അവയെക്കുറിച്ച് മനസിലാക്കുവാനും അതിന്റെ മനോഹാരിത അതേപടി ക്യാമറയില്‍ പകര്‍ത്താനുമായി.
ആ യാത്രക്കിടയില്‍ ആവുലയിലെ ഒരുക്ഷേത്രത്തില്‍ കോട്ടയ്ക്കല്‍ പിഎസ്വി നാട്ട്യസംഘം അവതരിപ്പിച്ച സമ്പൂര്‍ണ്ണ രാമായണം കഥകളികാണാനിടവന്നു. അതില്‍നിന്നും ക്യാമറയില്‍ പകര്‍ത്തിയ ആറു ചിത്രങ്ങല്‍ ഉള്‍പ്പെടുത്തി രാമയണം കഥകളിയെന്ന പേരില്‍ സ്വന്തമായി ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചു. വിഎച്ച്പി മുന്‍ അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ് അശോക് സിംഗാളാണ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കഥകളിയെ സാധാരണജനങ്ങളിലേയ്ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ നൂറിലധികം വേദികളില്‍ രാമായണം കഥകളിച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ ആരാധകനായിട്ടുണ്ട്.
കഥകളി ചിത്രങ്ങള്‍ കൂടാതെ തെയ്യം, തിറ, മുടിയേറ്റ്, പടയണി തുടങ്ങിയ കലാരൂപങ്ങളുടെയും ചിത്രങ്ങള്‍ മോഹന്‍ കുമാര്‍ പകര്‍ത്തിട്ടുണ്ട്. വനങ്ങളുടെയും വന്യജീവികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ഈ കലാകാരന്റെ മറ്റൊരു വിനോദമാണ്. ഏലൂര്‍ ഫാക്ടിലെ ജീവനക്കാരന്‍കൂടിയാണ് ഇദ്ദേഹം. കഥകളി മനസിലാവണമെങ്കില്‍ മുദ്രകളെ എല്ലാം അത്ര വശമായിട്ടില്ലെങ്കിലും കഥാപരിചയമുണ്ടായാല് മതിയെന്നു മോഹന്‍കുമാര്‍. സാങ്കേതിക ജഡിലമെന്നു കരുതി പലരും കഥകളിയോട് അകന്നു നില്‍ക്കുന്നതാണ് പ്രശ്നമെന്നും വിശദീകരിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: