കളിവിളക്കുതെളിയിക്കുമ്പോള്‍ മുതല്‍ അരങ്ങിന്റെ ഭാഗമാകുന്ന മദ്ദളം അവിടെപ്രയോഗക്ഷമമായി എപ്പോഴും കാണും. ഈമംഗളവാദ്യം അരങ്ങില്‍ നിന്നുപിന്‍മാറാത്ത വസ്തുവാണ്. സ്ത്രീ വേഷത്തിന് അരങ്ങില്‍ നിറഞ്ഞാടുന്നതിന്ന് മദ്ദളത്തിന്റെ സഹായം കൂടിയേകഴിയൂ. മദ്ദളത്തില്‍ നിന്നും പുറപ്പെടാത്തശബ്ദങ്ങളെപ്പറ്റിയാണ് ഗവേഷണം നടത്തേണ്ടത്. കാരണം അത്രയ്ക്ക് സവിശേഷതയാര്‍ന്ന ശബ്ദമാണ് മദ്ദളത്തിനുള്ളത്.
മഗളവാദ്യത്തിന്റെ സൗന്ദര്യമാര്‍ന്ന ഒഴുക്കില്‍ വിടരുന്ന, സ്ത്രീ ദേവതകളെ അരങ്ങില്‍ ചലിപ്പിക്കുന്നത് മദ്ദളത്തിന്റെ സവിശേഷ സാന്നിധ്യത്തിലാണ്. വിരലുകളിലൂടെ ലാസ്യനൃത്തത്തിന് മികവു പകരുകയാണ് കുട്ടി നാരായണന് എന്ന വലിയ കലാധ്യാപകന്. ഉദ്യാനത്തില്‍ പാറിനടക്കുന്ന ഹംസത്തിനൊപ്പമുള്ള ദമയന്തി, ഉഷയും, ചിത്രലേഖയുമൊത്തുള്ള കേളീരംഗങ്ങള്‍,സീതയുടെ ഹൃദയ മിടിപ്പും,ലളിതമാരുടെ വീര-സുശീല ഭാവങ്ങളും അരങ്ങില്‍ വിജയിപ്പിക്കാന്‍ മദ്ദളക്കാരന്റെസമര്‍ത്ഥമായ സാന്നിധ്യം അനിവാര്യമാണ്. പഞ്ചവാദ്യത്തിന്റെ അരങ്ങുകളെ പ്രകമ്പനം കൊള്ളിക്കുന്നതും നടപ്പുരകുലുക്കുന്നതും തികഞ്ഞ മദ്ദളക്കാരുടെ നീണ്ട നിരയാലാണ്.
അരങ്ങിന്റെ മര്‍മ്മമറിഞ്ഞ് പ്രവര്‍ത്തിക്കുന്നയാളാണ് കുട്ടിനാരായണന്. ആശാന്മാരറിഞ്ഞുകൊടുത്ത അനുഗ്രഹത്താല്‍ പഞ്ചവാദ്യത്തിലും കഥകളിക്കും ഒരുപോലെ തിളങ്ങുകയാണ് ഇദ്ദേഹം. തൃശൂര്‍പൂരം ഉള്‍പ്പെടെ മികച്ച പഞ്ചവാദ്യത്തിന്റെ അരങ്ങുകളില്‍ സജീവമാണ് കുട്ടിനാരായണന്റെ മദ്ദളം. തൃശൂര്‍പൂരം കൊട്ടിത്തിമിര്‍ക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു.
കോട്ടയ്ക്കല്‍ ശിവരാമന് എന്ന വിഖ്യാതനായ സ്ത്രീ വേഷക്കാരന്റെ പിന്നണിമുതല്‍ ഇക്കാലത്തെ എല്ലാ നായികാ കഥാപാത്രങ്ങള്ക്കുംവരെ മദ്ദളം വായിച്ച് തെളിവുനേടിയ നാരായണന് ഈ മേഖലയിലെ ശക്തന് തന്നെയാണ്. നിരവധി ശിഷ്യന്മാരേയും അദ്ദേഹം വാര്‍ത്തെടുക്കുന്നുണ്ട്.
സംഗീത സ്വാധീനമുള്ള മദ്ദളത്താല്‍ അരങ്ങില്‍നിന്നും അരങ്ങിലേക്ക് തിരിക്കുന്ന അദ്ദേഹം ഇപ്പോള്‍ കേരള കലാമണ്ഡലത്തിലെ വകുപ്പുതലവനാണ്. മദ്ദളത്തിന്റെ അവതരണത്താല്‍ ശ്രദ്ധേയമായിടത്തെല്ലാം ഈ കലാകാരന് തന്റേതായ വ്യക്തിത്വം പതിപ്പിക്കുവാന്‍ ശ്രദ്ധിക്കാറുണ്ട്. കലാമണ്ഡലത്തിന്റെശൈലി നിലനിര്‍ത്തിക്കൊണ്ടുതന്നെ കഥകളിയരങ്ങുകളില്‍ വേറിട്ട വസന്തം വിരിയിക്കാന്‍ നാരായണന് എന്നും അതീവ ശ്രദ്ധചെലുത്താറുണ്ട്. അക്കിക്കാവ് ദേശവാസികള്‍, ആസ്വാദകര്‍, ശിഷ്യഗണങ്ങള്‍ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ കുട്ടിനാരായണനെ ഇന്ന് വീരശൃംഖല നല്കി അടുത്തിടെ ബഹുമാനിക്കുകയുണ്ടായി.
കഥകളി അരങ്ങുകളിലും, പഞ്ചവാദ്യ സാന്നിധ്യത്തിലും ഒന്നാമനായി വിലസുന്ന കുട്ടിനാരായണന് എന്ന കേരള കലാമണ്ഡലത്തിലെ മുതിര്‍ന്ന അദ്ധ്യാപകന് കലാകേരളത്തിന് മികച്ച സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. കോതച്ചിറ ഓടത്ത് നാരായണന് നായര്‍, അക്കിക്കാവ് കാഞ്ചിയത്ത് രാധമ്മയുടേയും മകനായ കുട്ടിനാരായണന് പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലാണ് അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്കൂള്‍ യുവജനോത്സവേദിയില്‍ നിന്നും തുടക്കം കുറിച്ച അദ്ദേഹത്തിന്റെ വിജയഗാഥ തൃശ്ശൂര്‍ പൂരം വരെ എത്തിനില്‍ക്കുകയാണ്.
വളപ്പായ ചന്ദ്രനില്‍ നിന്നും തിമിലയുടെ ബാലപാഠങ്ങള്‍ പഠിച്ചശേഷം പിന്നീട് മദ്ദളത്തിലേക്ക് തിരിയുകയായിരുന്നു.
പെരിങ്ങോട് സ്കൂളിന്റെ പാഠ്യഭാഗമായ പഞ്ചവാദ്യം ഒട്ടേറെ വിദ്യാര്‍ത്ഥികളെ ദേവവാദ്യത്തിന്റെ നടകയറ്റി. അപ്പുക്കുട്ടിപൊതുവാള്‍, നമ്പീശന് കുട്ടി, ചെര്‍പ്പളശ്ശേരി ശിവന്, നാരായണന് നായര്‍, ശങ്കരവാര്യര്, എന്നിവര്‍ നയിച്ച ക്ലാസുകളാണ് ഈ കലയില്‍ വൈദഗ്ധ്യം നേടാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. കഥകളിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ ക്ലാസിക് വേദികളിലെ കലാപ്രദര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ പെരുമ വാനോളം വളര്‍ത്തി. ഇരുകൈകളാലും സമൂഹത്തിലെ സകല ശബ്ദ വിന്ന്യാസങ്ങളും മദ്ദളത്തില്‍വരുത്തുവാനുള്ള യത്നവും അരങ്ങുകള്‍ക്ക് അനിവാര്യമായ മേളക്കൊഴുപ്പും വായനയുമാണ് ഈ കലാകാരനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: