ജൂണ്‍ അവസാനവാരം അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലുടനീളം ധാരാളം ചടങ്ങുകള്‍ നടന്നു. അന്ന് പീഡനങ്ങള്‍ സഹിച്ച് ജീവിക്കുന്ന രക്തസാക്ഷികളായവരെ ആദരിക്കുന്ന ചടങ്ങുകളും അവയില്‍ പ്രധാനമായിരുന്നു. ‘സഹവീര്യം കരവാവഹൈ’ എന്ന മന്ത്രത്തിലെന്നപോലെ ഒരുമിച്ചു വീരകൃത്യങ്ങള്‍ ചെയ്തവര്‍ ഒരുമിച്ചുപോരുമ്പോള്‍ സഹജമായി ഉണ്ടാകുന്ന വികാരപ്രകടനങ്ങള്‍ നടന്നുവെന്നുറപ്പാണല്ലൊ.
ഭാരതീയജനതാപാര്‍ട്ടിയുടെ തൃശിവപേരൂര് ജില്ലാ സമിതി, അവിടുത്തെ ലക്ഷ്മി കല്യാണമണ്ഡപത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ കുടുംബസഹിതം തന്നെ പങ്കെടുത്ത്, പഴയ സഹസൈനികരോടൊപ്പം കഴിയാന്‍ അവസരം ലഭിച്ചു.
തൃശിവപേരൂരിലെ സംഘകുടുംബത്തിന്റെ തലമുറ കാരണവരായ ജി. മഹാദേവന് ഒല്ലൂരിലെ വൈദ്യരത്നം ചികിത്സാ കേന്ദ്രത്തില്‍നിന്ന് പ്രത്യേകാനുമതി നേടിയാണ് എത്തിയത്. ജില്ലാ സംഘചാലക് വി. ശ്രീനിവാസനും ബിജെപിയുടെ മുന്‍ സംസ്ഥാനാധ്യക്ഷന്‍ കെ. വി. ശ്രീധരന് മാസ്റ്റര്‍, ഈ ലേഖകന്‍ സംഘപ്രചാരകനായി ഗുരുവായൂര്‍ക്കുപോകുന്ന 1957ല്‍ തൃശിവപേരൂരിലെത്തിയ ദിവസങ്ങളില്‍ത്തന്നെ പരിചയമായ സി. പി. സുബ്രഹ്മണ്യന്, എ. ഉണ്ണികൃഷ്ണന്, പ്രഭാകരന്, പി. ആര്. നാരായണന് തുടങ്ങിയ പഴമക്കാര്‍ മുതല്‍ നൂറുകണക്കിനാളുകളെ അവിടെ കാണാന്‍ കഴിഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ആദ്യനാലുമാസക്കാലം ജയില്‍വാസമനുഭവിച്ചശേഷം പുറത്തുവന്ന് തൃശിവപേരൂര് ജില്ലയിലെ പല സ്ഥലങ്ങളിലും രഹസ്യമായി സഞ്ചരിച്ചതിന്റെ അനുഭവങ്ങള്‍, അന്നുകൂടെ വന്നവരില്‍ ചിലരെയെങ്കിലും കാണാന്‍ അവസരം ലഭിച്ചതിനാല്‍ തികട്ടിവന്നു.
നിരവധിവര്ഷങ്ങളായി മുഖാമുഖം കാണാന്‍ അവസരം കിട്ടാതിരുന്ന ചിലരുമായി ഓര്‍മകള്‍ പങ്കുവെച്ചത് സന്തോഷകരമായി. പലരും അടിയന്തരാവസ്ഥക്കാലത്തെ അനുസ്മരിച്ചു സംസാരിച്ചു. ബ്ലാങ്ങാട്ട് കടപ്പുറത്തെ സാമിക്കുട്ടി നാല്‍പ്പതുവര്‍ഷത്തിനുശേഷവും അനുഭവ തീവ്രതയുടെ കനല് അടങ്ങാതെയാണ് സംസാരിച്ചത്. 1957ല്‍ പ്രചാരകനായി ചാവക്കാട്ടെത്തിയപ്പോള്‍ ആദ്യം പരമേശ്വര്‍ജിയോടൊപ്പം പോയത് അവരുടെ ശാഖയിലായിരുന്നു. സാമി അന്ന് ബാല്യം കടക്കാത്ത പ്രായവും ചാവക്കാട്ടെ ലോക്കപ്പില്‍ നേരിട്ട ഭീകരമായ പീഡനങ്ങള്‍ സാമി വിവരിച്ചു. തന്നെക്കാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട എ. പി. ഭരത് കുമാറിന് ദാഹജലം കൊടുക്കാന്‍ ശ്രമിച്ചതിനെ പോലീസുകാര്‍ അനുവദിക്കാതിരുന്നതും അദ്ദേഹം വിവരിച്ചു.
അന്നത്തെ പീഡനത്തിന്റെ കെടുതികള്‍ ഇന്നും വിട്ടുമാറാത്ത ഭരത് കുമാറിനെയും അവിടെ കാണാന്‍ അവസരമുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായതിന്റെയും കുരുക്ഷേത്ര പ്രസിദ്ധീകരണത്തിന്റെ അച്ചടിയും വിതരണവും സംബന്ധിച്ച വിവരങ്ങള്‍ നല്‍കാത്തതിന്റെയും രോഷം തീര്‍ത്തതിന്റെ അവശിഷ്ടമാണിന്നത്തെ ഭരത് കുമാര്‍. സ്വാഭാവികശേഷി (കാഴ്ച, കേള്‍വി തുടങ്ങിയ)യില്ലാത്തവര്‍ക്കുവേണ്ടിയുള്ള സക്ഷമ പ്രസ്ഥാനത്തിന്റെ സംസ്ഥാന ചുമതല വര്‍ഷങ്ങളോളം സ്തുത്യര്‍ഹമായി അദ്ദേഹം നിര്‍വഹിച്ചുവരുന്നു.
ആ ചടങ്ങില്‍ അപ്രതീക്ഷിതമായിട്ടാണ് ഡോ.ഒ. എസ്. കൃഷ്ണനേയും പുന്നയൂര്‍ക്കുളത്തെ നന്ദകുമാറിനേയും കണ്ടത്. ഇരുവരും നാല്‍പ്പതുവര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന ആ ചെറുത്തുനില്പ്പിലെ മടങ്ങാത്ത പടയാളികളായിരുന്നു. പുന്നയൂര്‍ക്കുളത്തെ അഭിവന്ദ്യയായ ടി. പി. വിനോദിനിയമ്മയുടെയും കരുണാകരേട്ടന്റെയും കുടുംബത്തിന്റെയും ഓര്‍മകളിലേക്കു തിരിച്ചുപോകാന്‍ നന്ദകുമാറുമായുള്ള സമാഗമം ഉപകരിച്ചു.
ഡോ. ഒ. എസ്. കൃഷ്ണനുമായുള്ള അടുപ്പത്തിന് അതിലും പഴക്കമുണ്ട്. അദ്ദേഹം ഷൊര്‍ണൂരിലെ കേരളീയ ആയുര്‍വേദ സമാജം വക ആയുര്‍വേദ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴത്തെ ആകസ്മിക കൂടിക്കാഴ്ചയായിരുന്നു അത്. ഭാരതീയ ജനസംഘത്തിന്റെ അഖിലഭാരതീയ സംഘടനാ ചുമതലകള്‍ നോക്കിവന്ന മുതിര്‍ന്ന പ്രചാരകന് രാം ഭാവു ഗോഡ്ബൊലേയ്ക്ക് ആയുര്‍വേദ ചികിത്സ ചെയ്യാന്‍ വേണ്ടി, വൈദ്യമഠം വലിയ നാരായണന് നമ്പൂതിരിയെ കാണാന്‍ അവസരം തേടി ഞാന്‍ അവിടെ പോയതായിരുന്നു. ഷൊര്‍ണൂര്‍ സ്റ്റേഷന്റെ വടക്കുവശത്തുണ്ടായിരുന്ന ലവല്‍ ക്രോസിങ് (അന്ന് തെക്കുവശത്തെ മേല്‍പ്പാലമില്ല) കടക്കുമ്പോള്‍ വിദ്യാര്‍ത്ഥിയെന്ന് തോന്നിക്കുന്ന ഒരാളെ പരിചയപ്പെടുകയും ഒ. എസ്. കൃഷ്ണനെന്ന അയാള്‍ ആയുര്‍വേദ ആസ്പത്രിയില്‍ കൂടെ വന്ന് വേണ്ട ഒത്താശകള്‍ ചെയ്യുകയുണ്ടായി. സ്വയംസേവകരാണെന്ന് പരസ്പരം ഉള്‍വിളിപോലെ തോന്നുകയായിരുന്നു.
അവിടെയുണ്ടായിരുന്ന ഏതാനും സഹപാഠികളും ഒത്തുകൂടി. രാംഭാവുവിന് താമസിക്കാനും മറ്റുമുള്ള കോട്ടേജും ചികിത്സാമുറിയും റിപ്പയര്‍ ചെയ്യിച്ചതും കൃഷ്ണനും കൂട്ടരും ഉത്സാഹിച്ചായിരുന്നു. ഒറ്റപ്പാലത്തു പ്രചാരകനായിരുന്ന രാമനാഥനും വരാറുണ്ടായിരുന്നു രാംഭാവുജിയുടെ അടുത്തടുത്ത രണ്ടുവര്‍ഷക്കാലത്തെ ചികിത്സക്കാലത്ത് ഒട്ടേറെ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹത്തിന്റെ വസതി സമാഗമസ്ഥാനമായി. ഇന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ എംഡി ആയ ഡോ. പി. ആര്. കൃഷ്ണകുമാര്‍ രാംഭാവുജിയുടെ സഹവാസത്തിലാണ് സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടത്. പിന്നീടദ്ദേഹം വിശ്വഹിന്ദുപരിഷത്തിന്റെ ദേശീയ നേതൃത്വത്തിലെത്തി.
ഇന്നും ഹിന്ദുത്വപ്രസ്ഥാനങ്ങളുമായി സജീവമായി സഹകരിക്കുന്നു. ഒ. എസ്. കൃഷ്ണന് പഠനം കഴിഞ്ഞ് ചികിത്സാരംഗത്തു പ്രവേശിക്കുന്നതിന് മുമ്പ് എരുമപ്പെട്ടിയിലെ ധന്വന്തരീ ക്ഷേത്രത്തില്‍ അഷ്ടാംഗ ഹൃദയ സപ്താഹം നടത്തുകയും എന്നെ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പുരാതനമായ ഒതളൂര്‍ മനയില്‍ ഒന്നുരണ്ടുതവണ താമസിക്കാനും അവസരം തന്നു. അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനില്‍പ്പിന് അദ്ദേഹം വേദിയാക്കിയത് വടക്കാഞ്ചേരിയായിരുന്നു. ഇന്ന് പ്രശസ്ത ഭിഷഗ്വരനായി സേവനം അനുഷ്ഠിക്കുന്നു. പുന്നയൂര്‍ക്കുളത്ത് കൃഷ്ണദാസ് തന്റെ ഗൃഹത്തില്‍നിന്നു ലഭിച്ച ഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശപ്രകാരം അര്‍ബുദത്തിനും മറ്റുമുള്ള ഔഷധങ്ങള്‍ തയ്യാറാക്കുന്നതിന് അദ്ദേഹത്തിന്റെ ഉപദേശവും മേല്‍നോട്ടവും സ്വീകരിച്ചിരുന്നതായി അറിയാം.
അടിയന്തരാവസ്ഥക്കാലത്തു പ്രചാരകനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പിന്നീട് പ്രവര്‍ത്തിച്ച അനന്തനെയും അവിടെ കണ്ടു. ഏതാണ്ടു ഒരു വ്യാഴവട്ടം മുമ്പ് കേരളത്തിലെ മുതിര്‍ന്ന സംഘപ്രവര്‍ത്തകനായിരുന്ന ഒരേയൊരു ഭരതേട്ടന്റെ (ടി. എന്‍. ഭരതന്) ചരമവാര്‍ത്തയറിഞ്ഞു നിലമ്പൂരിലേക്കു പോകുമ്പോള്‍ വഴിയിലെവിടയോ നിന്ന് ഞാന്‍ സഞ്ചരിച്ച ബസ്സില്‍ കയറി ഒരുമിച്ചുപോയപ്പോഴാണ് കണ്ടത്. പെരിന്തല്‍മണ്ണയിലെത്തിയ ബസ്സ് ബ്രേക്ഡൗണായപ്പോള്‍, അവിടെയിറങ്ങി ടാക്സിയെടുത്ത് നിലമ്പൂരിലേക്ക് പാഞ്ഞു. അനന്തന്റെ അന്നത്തെ ശുഷ്കാന്തി ഇന്നും മനസ്സില്‍നില്‍ക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് സമരം ചെയ്ത് ശിക്ഷ കഴിഞ്ഞുപുറത്തു വന്നശേഷം ചെറുതുരുത്തിയില്‍ മാധവജി പങ്കെടുത്ത ഒരു ഭൂഗര്‍ഭബൈഠകില്‍ പന്തളത്തു പ്രചാരകനായിരുന്ന സി. എന്‍. കരുണാകരന് ഒറ്റുകൊടുക്കപ്പെട്ട് അറസ്റ്റിലായതും അതികഠിനമായ മര്‍ദ്ദനമുറകളാല്‍ അവശനാക്കപ്പെട്ട് മിസാ തടവുകാരനായതും അദ്ദേഹം വിവരിക്കുകയും ആ സ്ഥാനത്തേക്ക് പ്രചാരകനായി വരാന്‍ തയ്യാറുള്ളവര്‍ അറിയിക്കണമെന്നും താല്‍പ്പര്യപ്പെട്ടപ്പോള്‍ അനന്തന് മുന്നോട്ടുവന്നു. ചെങ്ങന്നൂരില്‍ ആ ദുര്‍ഘടഘട്ടത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് മീനച്ചില്‍ താലൂക്കിലും മലപ്പുറം ജില്ല പ്രചാരകനായും ഏതാനും വര്‍ഷങ്ങളുണ്ടായി സി. എന്‍. കരുണാകരന്, അന്നത്തെ പീഡനത്തിന്റെ കെടുതികള്‍ കൈവിടാതെ ജീവിച്ചു. രണ്ടുവര്‍ഷം മുമ്പ് വെള്ളൂരില്‍ അന്തരിച്ചു. ആലപ്പുഴയില്‍ അറസ്റ്റു ചെയ്യപ്പെട്ട വൈക്കം ഗോപകുമാറും അത്തോളിക്കാരന്‍ ശിവദാസും കരുണാകരനും മനുഷ്യശരീരത്തിന് ഏല്‍ക്കാവുന്ന സങ്കല്പ്പത്തിനതീതമായ സകല പീഡനമുറകളേറ്റവരായിരുന്നു.
അനന്തനുമായി സംസാരിക്കവേ വടക്കാഞ്ചേരിയിലാണ് സ്വഗൃഹം എന്നറിഞ്ഞപ്പോള്‍ പഴയ ഇതിഹാസമായ കൃഷ്ണശര്‍മാജിയുടെ വീട്ടിനടുത്താണോ എന്നാരാഞ്ഞു. അമ്മവഴിക്കു അദ്ദേഹവുമായി ബന്ധമുണ്ടെന്നായിരുന്നു മറുപടി. 1955 ലെ പട്ടാമ്പി ആക്രമണത്തിലേറ്റ മാരകമായ പരിക്കുകളുടെ ചികിത്സ കഴിഞ്ഞുതിരിച്ചെത്തിയ ശേഷം പാലക്കാട് നടന്ന ഒരു പ്രചാരക ബൈഠക് കഴിഞ്ഞു ശര്‍മാജി എന്നെ വടക്കാഞ്ചേരിയിലെ മഠത്തില്‍ കൊണ്ടുപോകുകയും അച്ഛനെയും ജ്യേഷ്ഠനേയും പരിചയപ്പെടുത്തുകയും ചെയ്തു. അദ്ദേഹം തലയില്‍ കൈവെച്ചാശീര്‍വദിച്ചു. പട്ടാമ്പി ആസ്പത്രിയില്‍ ജീവനും മരണത്തിനുമിടയില്‍ നിശ്ചേഷ്ടനായി കിടന്ന മകനെ കണ്ടശേഷം, ആ സമയത്ത് ചികിത്സയിലായിരുന്ന പൂജനീയ ഗുരുജിയോട് മകന് സുഖമാകുന്നതുവരെ ഞാന്‍ പ്രചാരകനായിരിക്കാമെന്നു സന്നദ്ധത അറിയിച്ച ആ അച്ഛന്റെ ആശിര്‍വാദം പുളകമണിയിക്കുന്നതായി.
അടിയന്തരാവസ്ഥയില്‍ ശാരീരിക പീഡനങ്ങള്‍ ഏല്ക്കാന് എനിക്ക് യോഗമില്ലായിരുന്നു. ഭാരതത്തിലെ നൂറുകോടി ജനങ്ങളുടെ സ്വാതന്ത്ര്യവും ജനായത്തവും പൗരാവകാശങ്ങളും സംരക്ഷിക്കാനായി ഏകാധിപത്യ വാഴ്ചയോട് പടപൊരുതിയപ്പോള്‍, അതു സംഘം മനസ്സില്‍ അങ്കുരിപ്പിച്ച കര്‍ത്തവ്യബോധംകൊണ്ടു മാത്രമാണെന്നറിഞ്ഞ്, ഒരുവിധത്തിലുള്ള പ്രതിഫലനവും ഇച്ഛിക്കാത്ത പതിനായിരങ്ങളെയാണ് നാമിന്നും കാണുന്നത്. പീഡിത സമിതിയുണ്ടാക്കാനും അടുത്തൂണ്‍ നേടാനും അവര്‍ക്കു താത്പര്യമില്ല. സഹവീര്യം കരവാവഹൈ’ എന്ന ചിന്ത മാത്രമാണവര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: