നായകള്‍ നികൃഷ്ട ജീവികളല്ല. രാഷ്ട്രീയക്കാര്‍ എതിരാളികളെ അപഹസിക്കാനും ആരോപിക്കാനും ആ ജീവികളെ ആശ്രയിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യാറുണ്ടെങ്കിലും. ഇപ്പോള്‍ പല കാരണങ്ങളാല്‍ നായ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യോഗയില്‍ മുതല്‍ രാഷ്ട്രീയ യോഗങ്ങള്‍വരെ.
പാണ്ഡവരുടെ മഹാപ്രസ്ഥാന യാത്രയില്‍ അവസാനം വരെ ധര്‍മ്മപുത്രര്‍ക്കൊപ്പം സഞ്ചരിച്ച നായയുടെ കഥയുണ്ട് ഇതിഹാസമായ മഹാഭാരതത്തില്‍. ഒപ്പം നടക്കുകയും കൂടെ നടന്നതിനു കൈവിടാതിരിക്കുകയും ചെയ്ത മനുഷ്യ-ജന്തു ബന്ധത്തിന്റെ പാഠംകൂടിയാണത്.
ലോകത്തിലെവിടെയും മനുഷ്യന്റെ ഏറ്റവും പ്രിയ സഹജീവിയും വിശ്വസ്ത സുഹൃത്തുമാണ് വളര്‍ത്തുനായ.
പക്ഷേ, പലര്‍ക്കും തെരുവു നായകള്‍ ബാധ്യതകളോ ശല്യമോ ആകുന്നു. തെരുവു നായകള്‍ അപകടകാരികളാകുന്നുവെങ്കിലും ജീവിക്കാനുള്ള അവയുടെ അവകാശത്തെ ചോദ്യം ചെയ്യാനാവില്ലല്ലോ. പക്ഷേ, കോടതി പറഞ്ഞതും ശരിയാണ്, മനുഷ്യജീവനോ ജന്തുജീവനോ കൂടുതല്‍ പ്രധാനം എന്ന ചോദ്യം ഉയരുന്നുണ്ട്.
നായയെ കൊന്നു തിന്നുന്നത് ശീലമാക്കിയ ചൈനക്കാര്‍ ഇപ്പോള്‍ അവിടെ പട്ടിയിറച്ചി ഉത്സവമാഘോഷിക്കുകയാണ്. പട്ടിയിറച്ചി മഹോത്സവം 500 വര്‍ഷം പഴക്കമുള്ള ആഘോഷമാണ്. ഇവരുടെ വിശ്വാസപ്രകാരം പട്ടിയിറച്ചി കഴിക്കുന്നവര്‍ക്ക് ആരോഗ്യവും ഭാഗ്യവുമുണ്ടാകുമെന്നാണ്. അടുത്തിടെ ചൈനയില്‍ നടന്ന പട്ടിയിറച്ചി മഹോത്സവത്തില്‍ 10,000 നായക്കള് തീന്മേശയിലെത്തിയിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ സംഘടനകള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഹോട്ട് ഡോഗെന്ന ഭക്ഷണം പക്ഷേ നായയിറച്ചികൊണ്ടല്ലെന്നതും ഓര്‍മ്മിക്കണം.
അരുവിക്കരയിലെ തെരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ പാണ്ടന്‍ നായയും പ്രധാന ചര്‍ച്ചാ വിഷയമായി.
യോഗ ദിനം ലോകമാഘോഷിച്ചപ്പോഴും അവിടെ നായയെ ചിലര്‍ കൊണ്ടുവന്നുകെട്ടി.
പുരാതന ഈജിപിത്, മെക്സിക്കൊ എന്നിവിടങ്ങളില്‍ നായക്കളെ മതാചാരത്തിന്റെ ഭാഗമാക്കുന്നുണ്ട്. മെക്സിക്കോ, ബൊളീവിയ എന്നിവിടങ്ങളില്‍ ഇവയ്ക്കുവേണ്ടി ശവകുടീരങ്ങള്‍ വരെയുണ്ട്. ചൈനീസ് ജ്യോതിശാസ്ത്രത്തില്‍ നായകള്‍ മുഖ്യ സ്ഥാനത്തുണ്ട്. കൂടാതെ ക്രിസ്ത്യന്‍ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള തോബിയാസിന്റെ അനുയായിയും നായയാണ്. ഭാരതം, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദു മതാചാരപ്രകാരവും നായ്ക്കളെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം ഗള്‍ഫ് രാജ്യങ്ങളിലെ സുന്നി, ഷിയ വിഭാഗക്കാര്‍ നായ്ക്കളെ വൃത്തിയില്ലാത്ത ജീവികളുടെ കൂട്ടത്തിലാണ് കണക്കാക്കുന്നത്.
അടുത്തിടെ കേരളത്തില്‍ തെരുവുനായ്ക്കള്‍ വലിയ വിഷയമായി.അവയുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ കൊന്നൊടുക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര മന്ത്രിയും മൃഗസ്നേഹിയുമായ മനേക ഗാന്ധി ഇടപെടുകയും ചെയ്തു.
നായകളുടെ കഥകള്‍ നാട്ടിമ്പുറങ്ങളില്‍ ധാരാളം. ആനക്കഥകള്‍ പോലെ അവ പ്രസിദ്ധമാണ്. സ്നേഹത്തിന്റെ, നന്ദിയുടെ കാര്യത്തില്‍ നായകഴിഞ്ഞേ ഉള്ളുവെന്നാണ് പറയാറ്.
സാഹിത്യത്തിലും നായകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്, മിക്ക ഭാഷകളിലും. മലയാള സാഹിത്യത്തിലെ നായ നായകനായ പ്രധാന എഴുത്ത് എം. പി. നാരായണപിള്ളയുടെ പരിണാമം എന്ന നോവലാണ്. അതിനും മുമ്പേ കുഞ്ചന്‍ നമ്പ്യാള്‍ ഏറ്റവും പരിഹസിച്ച ജന്തു കഥാപാത്രവുമാണ് നായ. പാണ്ടന്‍ നായയുടെ പല്ലും ശൗര്യവും അങ്ങനെയാണ് മലയാളത്തിന്റെ ശൈലിപോലുമായത്. നായകള്‍ അങ്ങനെ പകരം വീട്ടിയതാണോ നമ്പ്യാരുടെ അന്ത്യം നായകടിച്ച് പേ വിഷ ബാധിച്ചായിരുന്നുവെന്ന ചില രേഖപ്പെടുത്തലുകളുടെ അടിസ്ഥാനമെന്നും വേണമെങ്കില്‍ സംശയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: