ചരിത്രസ്മൃതികളുണര്ത്തുന്ന മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ചുവര്‍ചിത്രങ്ങള്‍ക്ക് പുതുജീവന്‍. അജ്ഞാതരായ ഓവിയന്മാര്‍ തഞ്ചാവൂര്‍ ശൈലിയില്‍ കോറിയിട്ട വര്‍ണചിത്രങ്ങളുടെ പഴമയും തനിമയും നിലനിര്‍ത്തിക്കൊണ്ടാണ് പുതുക്കിവരച്ചത്. ചുവര്‍ചിത്രകലാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരുടെ ആദ്യകാലശിഷ്യരില്‍ പ്രമുഖനായ ജി. അഴീക്കോടിന്റെ നേതൃത്വത്തിലായിരുന്നു നവീകരണം.
കിഴക്കുദര്‍ശനമുള്ള ചതുര ശ്രീകോവിലിന്റെ പുറംഭിത്തിയില്‍ തെക്കുപടിഞ്ഞാറും വടക്കും ചുവരില്‍ 85 ചതുരശ്രഅടി സ്ഥലത്താണ് ചിത്രങ്ങള്‍. ദശാവതാരത്തിലെ മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്, ബലരാമന് എന്നീ വലിയ ചിത്രങ്ങളും ശ്രീരാമന്റെ ചെറിയ ചിത്രവും താരതമ്യേന വ്യക്തമാണ്. തെക്കുംപടിഞ്ഞാറും ചുവരിലെ ചെറിയ രണ്ട് ചിത്രങ്ങള്‍ പൂര്‍ണമായും നശിച്ചുപോകാന്‍ തുടങ്ങിയിരുന്നു. തെക്ക് മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരിമൂര്‍ത്തിയും പടിഞ്ഞാറ് അനന്തതല്‍പ്പത്തില്‍ ഉപവിഷ്ടനായ മഹാവിഷ്ണുവുമാണെന്ന് പഴമക്കാരുടെ നിഗമനത്തില്‍ ശൈലീസാമ്യത്തോടെ പുതിയ ചിത്രങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളായ ചിത്രപാനലുകളൊഴികെയുള്ള ചുവര് പ്രതലങ്ങളില്‍ കേരളീയ പരമ്പരാഗത ശൈലിയില്‍ നിബിഡാലങ്കാരം ബാധകമാക്കിയിട്ടുണ്ട്. വിഷ്ണുധര്‍മ്മോത്തരപുരാണത്തിലെ ചിത്രസൂത്രം അനുശാസിക്കുന്ന പ്രകാരം മൃഗശാല, ചിത്രമാല, വനമാല, പക്ഷിമാല എന്ന ക്രമത്തിലാണ് ആവിഷ്കാരം. പഞ്ചരപ്പടികളില്‍ വ്യാളിയും ചുറ്റും നാമപത്മാലങ്കാരങ്ങളും വ്യത്യസ്തങ്ങളായ അഷ്ടദള പുഷ്പാലങ്കാരങ്ങളും മഷിപ്പൂക്കളും പഞ്ചവര്‍ണ്ണങ്ങളില്‍ സുന്ദരമായ കലാനുഭവമാണ്.
പ്രകൃതിദത്തവര്‍ണങ്ങള്‍ വേപ്പിന്‍പശയില്‍ ചാലിച്ച് ഇയ്യാംപുല്‍ തൂലികകൊണ്ട് ചുണ്ണാമ്പ് പ്രതലത്തിലെഴുതുന്ന കേരളീയ പരമ്പരാഗത സാങ്കേതിക രീതിയിലാണ് ചിത്രരചന. കാവിച്ചുവപ്പ്, മഞ്ഞക്കാവി, ഹരിതനീലം, ഇലപ്പച്ച, കരിമഷി എന്നീ പഞ്ചവര്‍ണങ്ങളാണ് വര്‍ണ്ണക്കൂട്ട്.
ഗുരുവായൂര്‍ കോട്ടപ്പടി ഭാഗത്തുനിന്നും ശേഖരിച്ച സവിശേഷമായ ഒരിനം ചുവപ്പ് കല്ല് സംസ്കരിച്ചുണ്ടാക്കിയതാണ് കാവിച്ചുവപ്പ് നിറം. കൊല്ലൂരിലെ സൗപര്‍ണികാ നദിയോരത്തുനിന്ന് ശേഖരിച്ച ഒരിനം കല്ലില്‍നിന്നും സംസ്കരിച്ചെടുത്തതാണ് മഞ്ഞക്കാവി നിറം. നീല അമരിയില്‍നിന്നും നീലനിറവും അതില്‍ ഇരവിക്കറ ചേര്‍ത്ത് പച്ചയും നെയ്ത്തിരി കത്തിച്ച് കറുപ്പുനിറവും നിര്‍മിക്കുന്നു. പത്ത്: ഒന്ന് (10:1)എന്ന അനുപാതത്തില്‍ വര്‍ണ്ണപ്പൊടിയും വേപ്പ്പശയും ചിരട്ടക്കിണ്ണത്തിലെടുത്ത് ശുദ്ധജലവും ചേര്‍ത്ത് മര്‍ദ്ദിച്ചുണ്ടാക്കുന്നതാണ് ചുവര്‍ചിത്രവര്‍ണ്ണക്കൂട്ട്.
ആചാരാനുഷ്ഠാനങ്ങളില്‍ വിഭിന്നമായ ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ല. അക്കാരണത്താല്‍ ക്ഷേത്രശ്രീകോവിലിന്റെ പുറംഭിത്തിയില്‍ പുതുക്കിവരച്ച ചിത്രങ്ങളുടെ നൈസര്‍ഗിക ഭംഗി ആസ്വദിക്കാന്‍ സ്ത്രീകള്‍ക്കു കഴിയുന്നില്ല. ഇതിനൊരു പരിഹാരമായി കേരളീയ പരമ്പരാഗത ശൈലിയില്‍ ഗുരുവായൂരപ്പന്റെ ഒരു ചിത്രം ക്ഷേത്ര കവാടഗോപുരത്തിന്റെ ചുവരില്‍ ശ്യാമളകുമാരി പൂര്‍ത്തിയാക്കി.
പ്രശസ്ത ഗ്രന്ഥകാരനും ചുവര് ചിത്രകാരനുമായ ജി. അഴീക്കോടിന്റെ സഹധര്‍മ്മിണിയാണ് ശ്യാമളകുമാരി. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇളയരാജയുടെ അനുവാദത്തോടെ ക്ഷേത്രച്ചുവരില്‍ വരച്ച പ്രഥമ ചിത്രകാരിയാണ് ശ്യാമളകുമാരി.
ക്ഷേത്രോപദേശക സമിതിയാണ് നാശോന്മുഖമായ അമൂല്യചിത്രങ്ങളെ സംരക്ഷിക്കാനുള്ള കര്‍മ്മപരിപാടികള്‍ക്ക് സാരഥ്യം വഹിച്ചത്. ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ അജി കുമാറിന്റേയും മേല്‍ശാന്തി കെ. ഗോവിന്ദന് പോറ്റിയുടേയും സേവനകാലപരിധിക്കുള്ളില്‍ ഇവിടുത്തെ അമൂല്യചിത്രങ്ങള്‍ പുതുക്കിവരച്ചുകാണാനുള്ള ആഗ്രഹമാണ് ഈ ഉദ്യമത്തിനു പ്രചോദനം.
നിറം മങ്ങാത്തതിന്റെ രഹസ്യം
പ്രകൃതിദത്തവര്‍ണങ്ങള്‍ വേപ്പ് പശയില്‍ ചാലിച്ച് ചുണ്ണാമ്പ് പ്രതലത്തിലെഴുതുന്ന ചുവര്‍ചിത്രങ്ങളുടെ നിറം നൂറ്റാണ്ടുകളായി മങ്ങാതെ തനിമയോടെ നിലനില്ക്കുന്നതിന്റെ രഹസ്യം ശാസ്ത്രീയ അടിസ്ഥാനത്തിലുള്ളതാണ്. നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായ രാസപ്രവര്‍ത്തനത്തിലൂടെയാണ് കുമ്മായത്തിന് പുറത്ത് വര്‍ണപിഗ്മെന്റിനെ ഉറപ്പിച്ചുനിര്‍ത്തുന്നത്. ഓട്ടോ ഡോണര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ രഹസ്യം ആദ്യമായി കണ്ടുപിടിച്ചത്.
പച്ച കക്ക നീറ്റുമ്പോള്‍ അതിലുള്ള കാര്‍ബണ്‍ഡയോക്സൈഡ് പൂര്‍ണമായും പുറത്ത് ഗമിച്ച് കുമ്മായമാകുന്നു. കുമ്മായക്കൂട്ടിന് വേണ്ടി ശുദ്ധജലം ചേര്‍ക്കുമ്പോള്‍ അത് ഹൈഡ്രേറ്റ് ഓഫ് ലൈം എന്ന ഒരിനം പശയായി രൂപാന്തരപ്പെടുന്നു. കുമ്മായത്തിനു പുറത്ത് തേയ്ക്കുന്ന വര്‍ണപ്പൊടിയെ ഹൈഡ്രേറ്റ് ഓഫ് ലൈം ഉപരിതലത്തില്‍നിന്നും ഉള്ളിലേക്ക് വലിക്കുന്നു. ഈ സമയപരിധിക്കുള്ളില്‍ നേരത്തെ നഷ്ടമായ കാര്ബണ്ഡയോക്സൈഡിനെ ഈ ദ്രാവകം വായുവില്‍നിന്നും വലിച്ചെടുത്ത് കാര്‍ബണേറ്റ് ഓഫ് ലൈം ആക്കി രൂപാന്തരപ്പെടുത്തുന്നു.
രണ്ടായിരം വര്‍ഷത്തോളം പുരാതനമായ അജന്താ ചുവര് ചിത്രങ്ങള്‍ക്ക് നിറഭേദമുണ്ടാകാത്തതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരളീയ ചുവര്‍ചിത്രങ്ങള്‍ നിറംമങ്ങാതെ നിലനില്‍ക്കുന്നതിന്റെയും രഹസ്യം ഇതാണ്. പ്രകൃതിദത്ത വര്‍ണങ്ങളായതിനാല്‍ രാസപ്രവര്‍ത്തനഫലമായും നിറം മങ്ങുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: