ശാസ്താംകോട്ട: ഒരു ജീവിതകാലം കളിയരങ്ങില്‍ കലയുടെ കിരീടം ചൂടിയവര്‍ക്ക് കഥകളിയാസ്വാദകരുടെ ആദരവിന്റെ തലപ്പാവ്. കഥകളി ഇല്ലാതാവുന്നു എന്ന ആവലാതികള്‍ മറികടക്കുന്ന മണ്ണൂര്‍ക്കാവ് കഥകളി ഫെസ്റ്റിവലിലാണ് പ്രായം മറന്ന് കളിയാശാന്മാര് ഒത്തുകൂടിയത്. കഥകളിഫെസ്റ്റിന്റെ ഭാഗമായി നടന്ന ആചാര്യസംഗമമായിരുന്നു വ്യത്യസ്തതകള്‍ പകര്‍ന്ന വേദി.
സംസ്കൃത പണ്ഡിതന് കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയാണ് ആചാര്യസംഗമം ഉദ്ഘാടനം ചെയ്തത്. കഥകളി ആചാര്യന്മാരായ മടവൂര്‍ വാസുദേവന്‍ നായര്‍, മുതുപിലാക്കാട് പരമേശ്വരന്‍കുട്ടി, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, കണ്ടല്ലൂര്‍ സദാശിവന്, തോന്നയ്ക്കല്‍ പീതാംബരന്, മുതുപിലാക്കാട് ചന്ദ്രശേഖരന് പിള്ള തുടങ്ങിയവരെ കസവ് തലപ്പാവണിയിച്ചാണ് ചടങ്ങില്‍ ആദരിച്ചത്.
പരിപാടിയില്‍ ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. കെ. വിശ്വനാഥന് പിള്ള, രവി മൈനാഗപ്പള്ളി, വാഴവിള മാധവന്‍പിള്ള, പ്രൊഫ.സി.ആര്. മോഹനന്‍പിള്ള, പി. അജി, കലാമണ്ഡലം പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.സമാപനദിവസമായ 17ന് രാവിലെ ഒമ്പതിന് കൂടിയാട്ടം സോദാഹരണ ക്ലാസ്, അവതരണം കലാമണ്ഡലം ഷൈലജ, രണ്ടിന് കൂടിയാട്ടം കഥ തോരണയുദ്ധം മൂന്നാംദിവസം. 4.30ന് സമാപനസമ്മേളനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മണ്ണൂര്‍ക്കാവ് വനദുര്‍ഗാ പുരസ്കാരസമര്‍പ്പണം ബി. അജയകുമാര്‍ നിര്‍വഹിക്കും. 10001 രൂപയും ശില്പവും അടങ്ങിയ പുരസ്കാരം കഥകളി ആചാര്യന് കലാമണ്ഡലം ഗോപി ഏറ്റുവാങ്ങും.
കെ. കരുണാകരന്‍പിള്ള, കെ. വേണുഗോപാല്‍, സൗത്ത് ഇന്ത്യന്‍ വിനോദ് തുടങ്ങിയവര്‍ സംബന്ധിക്കും. ഏഴിന് കഥകളി ശ്രീരാമപട്ടാഭിഷേകം. കഥകളി ഫെസ്റ്റിനോടനുബന്ധിച്ച് കഥകളി ചമയങ്ങളുടെ പ്രദര്‍ശനം, ഡോക്യുമെന്ററികള്‍, കഥകളിയുടെ ചരിത്രവും പശ്ചാത്തലവും വിവരിക്കുന്ന ഫോട്ടോ പ്രദര്‍ശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: