തൃശൂര്‍: കൗണ്‍സില്‍ യോഗത്തില്‍ ആരോപണത്തില്‍ ചെളിവാരിയെറിഞ്ഞ് ഭരണപക്ഷാംഗങ്ങള്‍ ചേരിതിരിഞ്ഞു. പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ വാദിച്ച് ഒടുവില്‍ വീഴ്ച വന്നുവെന്ന് മേയറുടെ കുറ്റസമ്മതം. പൂരം ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കോര്പ്പറേഷന് കൗണ്‍സില്‍ യോഗം ഭരണപക്ഷാംഗങ്ങളുടെ ആരോപണങ്ങളും വിമര്‍ശനവും ചെളിവാരിയെറിയലും നിറഞ്ഞതായിരുന്നു.
ശൂന്യവേളയില്‍ അഡ്വ.എം.പി.ശ്രീനിവാസന് തുടങ്ങിവെച്ച ആമ്പക്കാടന്‍ ജംഗ്ഷനിലെ കാന മൂടിയുള്ള കയ്യേറ്റ വിഷയം ഭരണപക്ഷാംഗങ്ങള്‍ ഏറ്റുപിടിച്ച് ചേരിതിരിയുകയായിരുന്നു. ഭരണപക്ഷത്ത് നിന്നും പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.നാന്‍സി അക്കരപ്പറ്റി, താന്‍ ഇല്ലാതിരുന്ന സ്റ്റാന്റിങ്ങ് കമ്മറ്റിയാണ് അനുമതി നല്‍കിയതെന്ന് വിശദീകരിച്ചു. ആമ്പക്കാടന്‍ കാന കയ്യേറ്റത്തില്‍ ചട്ടപ്രകാരം മാത്രമാണ് അനുമതി നല്‍കിയതെന്ന് ജെഡി യു അംഗം എം.എല്‍.റോസി കൗണ്‍സിലിനെ അറിയിച്ചു.
തന്റെ പടം ചേര്‍ത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയത് ശരിയായില്ലെന്നും ഭരണത്തെ അവഹേളിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് കൂട്ടു നിന്നുവെന്നും റോസി ആരോപിച്ചു. കാശും സ്വാധീനവുമുണ്ടെങ്കില്‍ എന്തും ചെയ്യാവുന്ന സാഹചര്യമാണ് കോര്പ്പറേഷന് പരിധിയിലുള്ളതെന്ന ഗുരുതര ആരോപണം ലീഗ് അംഗം ഡോ.ഉസ്മാന് ഉന്നയിച്ചു. വമ്പന്മാര്ക്ക് ഒരു നിലപാടും സാധാരണക്കാരന് മറ്റൊരു നിലപാടുമാണ് ഇവിടെ.
തന്റെ അനുമതിയോടെയാണ് നടപടികളുണ്ടായതെന്ന പ്രതിപക്ഷ വാദത്തെ മേയര്‍ നേരിട്ടുവെങ്കിലും, ഫയല്‍ നോട്ടില്‍ തുടര്‍ നടപടികള്‍ക്കായുള്ള മേയറുടെ കുറിപ്പ് അഡ്വ.എം.പി.ശ്രീനിവാസന് കൗണ്‍സിലില്‍ അറിയിച്ചു.
ഇതാണ് കാരണമായതെന്നും ശ്രീനിവാസന് പറഞ്ഞു. എന്നാല്‍ താന്‍ ഉദ്ദേശിച്ചിട്ടുള്ളത് സ്റ്റാന്റിങ്ങ് കമ്മിറ്റിയിലേക്കും തുടര്‍ന്ന് കൗണ്‍സിലിലേക്കും എത്തേണ്ട നടപടികളാണെന്ന് മേയര്‍ പറഞ്ഞുവെങ്കിലും ഫയല്‍നോട്ട് കുറിപ്പ് പ്രതിപക്ഷം കാണിച്ചതോടെ കൗണ്‍സിലിനും തനിക്കും വീഴ്ച പറ്റിയെന്ന് മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: