ആലപ്പുഴ: റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിക്കല്‍ തുടരുന്നു. സ്വകാര്യ കുത്തക കമ്പനിയുടെ കേബിളുകള്‍ സ്ഥാപിക്കുന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിച്ചതോടെ ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനം ഭാഗികമായി താറുമാറായി. ഏതാനും ദിവസങ്ങളായി നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് റിലയന്‍സ് കേബിളുകള്‍ സ്ഥാപിക്കാനായി റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത്.
റിലയന്‍സിന്റെ ഫോര്‍ ജി കണക്ഷനുകള്‍ക്കുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിക്കുന്നതിനായാണ് റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍ കേബിളുകള്‍ സ്ഥാപിച്ച ഭാഗങ്ങള്‍ വെട്ടിപ്പൊളിക്കുന്നതിനാല്‍ ഇവയുടെ പ്രവര്‍ത്തനം പലയിടങ്ങളിലും നിലച്ചിരിക്കുകയാണ്. ലാന്‍ഡ് ലൈനുകള്‍ക്ക് പുറമെ ബ്രോഡ്ബാന്റ് പ്രവര്‍ത്തനവും പലയിടങ്ങളിലും പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ സേവനങ്ങള്‍ ലഭിക്കാതായിട്ട് ദിവസങ്ങളായെങ്കിലും ഇത് പരിഹരിക്കാനാകാതെ അധികൃതര്‍ കുഴയുകയാണ്. റിലയന്‍സ് കേബിളുകള്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത ഭാഗങ്ങളില്‍ ബിഎസ്എന്‍എല്‍ കേബിളുകള്‍ മുറിഞ്ഞത് കണ്ടെത്താനാകാതെ ജീവനക്കാരും കുഴയുന്നു. കേബിള്‍ മുറിഞ്ഞ വിവരം മറച്ചുവച്ച് റിലയന്‍സ് ജോലിക്കാര്‍ കുഴികള്‍ മണ്ണിട്ട് മൂടുന്നതാണിതിന് കാരണം.
റിലയന്‍സ് കേബിളിട്ട സ്ഥലങ്ങളെല്ലാം പിന്നാലെയെത്തുന്ന ബിഎസ്എന്‍എല്ലിന്റെ കരാര്‍ തൊഴിലാളികള്‍ കുഴി തുറന്ന് പൊട്ടിയ കേബിളുകള്‍ നന്നാക്കുന്ന തിരക്കിലാണ്. എന്നാല്‍ പൊട്ടിയ ഭാഗങ്ങള്‍ തിരഞ്ഞുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കരാര്‍ ജോലിക്കാര്‍ പറയുന്നു. ദിവസവും നൂറുകണക്കിന് ബിഎസ്എന്‍എല്‍ കണക്ഷനുകളാണ് റിലയന്‍സിന്റെ കേബിള്‍ സ്ഥാപിക്കല്‍ മൂലം നിശ്ചലമാകുന്നത്.
ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ആവശ്യമായത്ര ജീവനക്കാരോ കരാര്‍ തൊഴിലാളികളോ ഇല്ലാത്തത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ബിഎസ്എന്‍എല്ലിന്റെ കേബിളുകള്‍ നശിപ്പിച്ചാല്‍ മതിയായ നഷ്ടപരിഹാരം നല്കാന് പോലും റിലയന്‍സ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: