ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും ശ്രദ്ധേയമായ കാല്‍പ്പന്ത് യുദ്ധത്തില്‍ ജയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അവര്‍ ലിവര്‍പൂളിനെ തോല്‍വിയുടെ കയ്പ്പുനീര് കുടിപ്പിച്ചു. 14, 59 മിനിറ്റുകളിലായി യുവാന്‍ മാറ്റയാണ് ചുവന്ന ചെകുത്താന്മാര്ക്കുവേണ്ടി റെഡ്സിന്റെ വലയില്‍ പന്തടിച്ചു കയറ്റിയത്. ഡാനിയേല്‍ സ്റ്റര്‍ഡിജ് (69-ാം മിനിറ്റ്) ലിവറിന് ആശ്വാസം പകര്‍ന്നു.
സ്വന്തം കളമായ ആന്‍ഫീല്‍ഡില്‍ ഒട്ടും ശുഭകരമായിരുന്നില്ല ലിവര്‍പൂളിന്റെ പന്തുതട്ടല്‍. ആന്‍ഡെര്‍ ഹെരേരയുടെ ത്രൂ ബോള്‍ പിടിച്ച മാറ്റ മാന്‍.യുവിന് ലീഡ് സമ്മാനിക്കുമ്പോള്‍ ഗാലറി തരിച്ചിരുന്നു. രണ്ടാം പകുതിയില്‍ ആദം ലല്ലാനയ്ക്കു പകരം സൂപ്പര്‍ താരം സ്റ്റീവന്‍ ജെറാഡ് ലിവര്‍പൂളിനായി കളത്തിലെത്തി. എന്നാല്‍ വെറും സെക്കന്റുകള്‍ മാത്രമേ ജെറാഡിന്റെ സാന്നിധ്യമുണ്ടായുള്ളു. ഹെരേരയെ ഫൗള്‍ ചെയ്ത ജെറാഡ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. അങ്ങനെ തന്റെ കരിയറിലെ ഏറ്റവും പ്രധാന ശത്രുവിനെതിരെ ലിവര്‍പൂളിന്റെ കുപ്പായത്തില്‍ ഹീറോയിസം കാട്ടാനുള്ള അവസരം ജെറാഡ് തുലച്ചു. 59-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ മറിച്ച പന്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ഒരു ബൈസിക്കിള്‍ കിക്കിലൂടെ മാറ്റ ടീമിന്റെ മുന്‍തൂക്കം ഉയര്‍ത്തി. പിന്നെ ലിവര്‍പൂളിനുവേണ്ടി സ്റ്റര്‍ഡിജ് വെടിപൊട്ടിച്ചു. അവസാന നിമിഷങ്ങളിലൊന്നില്‍ മാന്‍.യുവിന് ലഭിച്ച പെനാല്‍റ്റി വെയ്ന്‍ റൂണി പാഴാക്കിയിരുന്നില്ലെങ്കില്‍ ലിവര്‍പൂളിന്റെ സ്ഥിതി കൂടുതല്‍ മോശമായേനെ.
കഴിഞ്ഞ ദിവസം നടന്ന മറ്റു മത്സരങ്ങളില്‍ വെസ്റ്റ്ബ്രോമിനെ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുക്കി. ന്യൂകാസിലിനെ ആഴ്സനലും മറികടന്നു (2-1). 61 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ടേബിളില്‍ രണ്ടാമത് നിലകൊണ്ടു. ആഴ്സനല്‍ (60), മാന്‍.യു (59), ലിവര്‍പൂള്‍ (54) തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: