തോട്ടപ്പള്ളി: കുട്ടനാട് പാക്കേജില്‍പ്പെടുത്തി പണം അനുവദിച്ചിട്ടും ആനന്ദേശ്വരം ക്ഷേത്രക്കുളത്തിന് മോചനമില്ല. കുട്ടനാട് പാക്കേജ് പരിസ്ഥിതി പുനരുജ്ജീവന പദ്ധതി പ്രകാരം ഏഴ് ലക്ഷത്തോളം രൂപയാണ് അനുവദിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ആനന്ദേശ്വരം മഹാദേവ ക്ഷേത്രത്തിന് കിഴക്കു ഭാഗത്താണ് 70 സെന്റോളം വിസ്തൃതിയില്‍ കുളം സ്ഥിതി ചെയ്യുന്നത്.
കുളത്തിന്റെ മുന്‍ഭാഗം ഭക്തര്‍ പണം സ്വരൂപിച്ച് കല്‍ക്കെട്ട് കെട്ടിയെങ്കിലും ബാക്കി ഭാഗങ്ങള്‍ മണ്ണിടിഞ്ഞ് കുളം നികത്തുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് 6,09,100 രൂപ അനുവദിച്ച് 25 മീറ്റര്‍ നീളത്തിലും 19 മീറ്റര്‍ വീതിയിലും മൂന്ന് മീറ്റര്‍ ആഴത്തിലും മൂന്നുവശം കല്ലു കെട്ടി കുളം സംരക്ഷിക്കാന്‍ തുക അനുവദിച്ചത്. പ്രദേശത്തെ ഒരിക്കലും വറ്റാത്ത ഉറവയുള്ള കുളം കൂടിയാണിത്.
എന്നാല്‍ കരാര്‍ എടുത്തയാള്‍ പണി തുടങ്ങുവാന്‍ നാളുകള്‍ കഴിഞ്ഞിട്ടും തയാറായിട്ടില്ല. കുളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ക്ഷേത്രോപദേശക സമിതി വകുപ്പ് മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. ഈമാസം മുപ്പത്തിയൊന്നിനകം പണി പൂര്‍ത്തിയായില്ലെങ്കില്‍ തുക ലാപ്സാകാന്‍ സാദ്ധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: