മണ്ണഞ്ചേരി: കലവൂര്‍ ഐടിസി കോളനിയില്‍ പുതുവല്‍ വെളിയില്‍ വേണുഗോപാലിനെ വധിച്ച കേസില്‍ രണ്ട് പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ജെയ്സണ്‍ വില്ലയില്‍ ജെയ്സണ്‍ നെറോറ (39), മണ്ണഞ്ചേരി പഞ്ചായത്തില്‍ തൗഫീക്ക് മന്‍സിലില്‍ നിസാര്‍ (കുരങ്ങ് നിസാര്‍-35) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. കൊലപാതകം നടത്തിയ പ്രതികളെ കുറ്റകൃത്യത്തിനുശേഷം ഒളിവില്‍ കഴിയാന്‍ വാഹനത്തില്‍ പ്രതികളോടൊപ്പം സഞ്ചരിച്ച് സൗകര്യപ്രദങ്ങളായ സ്ഥലങ്ങള്‍ ഒരുക്കികൊടുത്തു എന്നാണ് ജെയ്സണ്‍ നെറോറയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റം ഇയാള്‍ എട്ടാം പ്രതിയാണ്.
വിവിധ സ്ഥലങ്ങളിലുള്ള പ്രതികളെ ഏകോപിപ്പിച്ച് കുറ്റകൃത്യം നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നാണ് നിസാറിനെതിരായ കുറ്റം ഇയാള്‍ പ്രതിപട്ടികയില്‍ പതിനാറാം സ്ഥാനത്താണ്. ജനുവരി 28ന് പുലര്‍ച്ചെയാണ് വേണുഗോപാലിനെ വെട്ടി കൊലപ്പെടുത്തിയത്. കെഎസ്ഇബി ജീവനക്കാരനായിരുന്ന ചന്ദ്രലാലിനെ വധിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട വേണുഗോപാല്‍. ഇതിന്റെ പ്രതികാരം എന്ന നിലയിലാണ് വേണുഗോപാല്‍ വധം നടന്നതെന്നാണ് പോലീസ് പറയുന്നത്.
കേസില്‍ ചന്ദ്രലാലിന്റെ ഭാര്യ സ്മിതയും ബന്ധുക്കളായ രജനി, ഗിരിജ, രേഷ്മ എന്നിവര്‍ കേസില്‍ പ്രതികളാണ്, ഇവര്‍ റിമാന്‍ഡില്‍ കഴിയുകയുമാണ്. ഇതില്‍ ആദ്യം അറസ്റ്റിലായ കണ്ണന്, ഷാരോണ്‍, അസറുദ്ദീന്, ഗിരിഷ് ജയരാജ് എന്നിവരെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി വീണ്ടും പതിനഞ്ച് ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളടക്കം പത്തുപേരെ ഇനിയും പിടികൂടാനുണ്ടെന്ന് അന്വേഷണ ചുമതലയുള്ള മാരാരിക്കുളം സിഐ: കെ.ജി. അനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: