എരുമേലി: പമ്പാ- അഴുത നദികളുടെ സംഗമ കേന്ദ്രത്തില്‍ നിന്നും ലഭിച്ച അയ്യപ്പവിഗ്രഹം പൂജിക്കുന്നതിനിടെ സംഘടിച്ചെത്തിയ വനം- റവന്യൂവകുപ്പ്- പോലീസ് സംഘം അയ്യപ്പവിഗ്രഹം എടുത്തുമാറ്റി. ഇന്നലെ രാവിലെയായിരുന്നു സംഭവം. രണ്ടാഴ്ചയ്ക്കുമുമ്പ് നദിയില്‍ നിന്നും ലഭിച്ച അയ്യപ്പവിഗ്രഹം ആറ്റുതീരത്തുതന്നെ സ്ഥാപിച്ച് നാട്ടുകാര്‍ ആരാധിച്ചുവരികയായിരുന്നു. എന്നാല്‍ യാതൊരു വിധ മുന്നറിയിപ്പുമില്ലാതെ ഇരുന്നൂറിലധികം വരുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിഗ്രഹം എടുത്തുമാറ്റുകയും അനുബന്ധ സാമഗ്രികള്‍ തകര്‍ക്കുകയും ചെയ്തു. രാവിലെ പൂജയ്ക്കെത്തിയ നാട്ടുകാരായ ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
സംഭവമറിഞ്ഞ് കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിയതോടെ കണമല മേഖല പ്രതിഷേധത്തിനു നടുവിലായി. നൂറുകണക്കിനു ഭക്തര്‍ കണമല ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് ഇവരെ തടയുകയും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്തു. അരമണിക്കൂര്‍ സമയം നടന്ന മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ കണമല സ്റ്റേഷനു മുന്നില്‍ നാമജപത്തോടെ ഉപരോധം ശക്തമാക്കി.
മണിക്കൂറുകള്‍ നീണ്ടുനിന്ന ഉപരോധം ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സംഘടനാ സെക്രട്ടറി കുട്ടന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ആറ്റുപുറമ്പോക്കില്‍ വിഗ്രഹം വച്ചുപൂജിക്കുന്നുണ്ടെങ്കിലും ഇന്നലെ ആസൂത്രിതമായി ഉദ്യോഗസ്ഥരെത്തി ബലമായി വിഗ്രഹം എടുത്തുമാറ്റിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഇന്ന് രണ്ടുമണിക്ക് പത്തനംതിട്ട കളക്ട്രേറ്റില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു.
തിരുവല്ല ആര്‍ഡിഒ ഗോപകുമാര്‍, ഡിവൈഎസ്പി തമ്പി എസ്. ദുര്‍ഗ്ഗദാസ്, ഡിഎഫ്ഒ തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളായ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണന്, വി.പി. മോഹനന്, സന്തോഷ് മടുക്കോലി, വി.സി. അജി, എസ്. മനോജ്, ഹരികൃഷ്ണന്, എന്‍.ആര്. വേലുക്കട്ടി, ഗോപാലകൃഷ്ണന് ശാന്തി അടക്കം നിരവധി പേര് സമരങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: