വാഴൂര്‍: വിവിധ ഹൈന്ദവ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സദ്യാലയങ്ങളുടെയും ഊട്ടുപുരകളുടെയും ലേലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നടത്താനായില്ല. കൊടുങ്ങൂര്‍ ദേവീക്ഷേത്രം, വാഴൂര്‍ വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ചെറുവള്ളി ശ്രീ ദേവീക്ഷേത്രം എന്നിവിടങ്ങളിലെ സദ്യാലയങ്ങളാണ് സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്ത് നല്‍കാനായി ദേവസ്വം ബോര്‍ഡ് എസ്റ്റേറ്റ് ഡിവിഷണല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സംഘമെത്തിയത്.
രാവിലെ കൊടുങ്ങൂര്‍ ദേവീ ക്ഷേത്രത്തില്‍ സംഘമെത്തിയപ്പോള്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു. പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സംഘത്തിന് ലേലം നടത്താനായില്ല. തുടര്‍ന്ന് വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലും ചെറുവള്ളി ശ്രീ ദേവീക്ഷേത്രത്തിലും ലേലം നടത്തുന്നതിനായി സംഘമെത്തിയെങ്കിലും ഇവിടെയും ഹിന്ദുസംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു.
സദ്യാലയങ്ങളും ഊട്ടുപുരകളും ലേലം ചെയ്യുന്നതിന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍നിന്നും അനുമതി വാങ്ങിയിരുന്നു. ആദ്യം ബോര്‍ഡിന് ലാഭകരമല്ലാത്ത സദ്യാലയങ്ങളും ഊട്ടുപുരകളും ലേലം ചെയ്യാനാണ് അനുമതി നേടിയിരുന്നത്. രാവിലെ 11 മണിയോടെയാണ് കൊടുങ്ങൂരില്‍ എസ്റ്റേറ്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ എത്തിയത്. അപ്പോള്‍തന്നെ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ തടയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഓഫീസിനുള്ളില്‍ കയറിയ അദ്ദേഹം സംഘടനാ നേതാക്കളുമായി ചര്‍ച്ച ചെയ്തുവെങ്കിലും നേതാക്കള്‍ ലേലത്തിന് സമ്മതിച്ചില്ല. ഇതേസമയം ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം ശക്തമാക്കി.
ലാഭക്കൊതിയന്മാരായ ദേവസ്വം ബോര്‍ഡ് ഭരണാധികാരികള്‍ ക്ഷേത്രങ്ങളെ കച്ചവടവത്കരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി പറഞ്ഞു. ദേവസ്വം ബോര്‍ഡിനെ സ്വകാര്യവത്ക്കരിക്കാനും മാത്രമല്ല ആചാരങ്ങളുടെ ലംഘനംകൂടിയാണ് ബോര്‍ഡിന്റെ നടപടിയെന്നും ഹരി പറഞ്ഞു. എന്തുവിലകൊടുത്തും ബോര്‍ഡിന്റെ നടപടികളെ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കെ.പി. സുരേഷ്കുമാര്‍, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ആര്. ഹരിലാല്‍, ബിജെപി-യുവമോര്‍ച്ച നേതാക്കളായ വി.എന്‍. മനോജ്, കെ.ജി. കണ്ണന്, ടി.ബി. ബിനു, സന്ദീപ്, ദിലീപ് റ്റി. പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: