ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഉന്നതതലങ്ങളിലെ അഴിമതി കുറഞ്ഞതായി എച്ച്ഡിഎഫ്സി ചെയര്മാന് ദീപക് പരാക്ക് പറഞ്ഞു. ധനകാര്യമന്ത്രാലയത്തെക്കുറിച്ച് നേരിട്ടറിയാം. അതുപോലെ പ്രതിരോധ മന്ത്രാലയത്തിലും ഉന്നത ഉദ്യോഗസ്ഥന്മാര്ക്കും കാര്യങ്ങള്‍ നടത്തുന്നതിന് എന്തെങ്കിലും നല്‍കണെന്ന സൂചനപോലും നല്കാന് ഇപ്പോള്‍ ഭയമാണ്. ഒരുപ്രമുഖ ഇംഗ്ലീഷ് പത്രത്തോട് അനൗപചാരികമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഉദ്യോഗസ്ഥന്മാരെല്ലാം നേരായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രിയുടെ കണ്ണുകള്‍ തങ്ങള്‍ക്ക് മേലെയുണ്ടോയെന്ന ഭയവും ഇവര്‍ക്കുണ്ടെന്നും ഒരു പ്രമുഖ വ്യവസായി വെളിപ്പെടുത്തി. കുറെക്കാലമായി ബിസിനസ്സ് രംഗത്ത് ഒരു അനിശ്ചിതാവസ്ഥയായിരുന്നു. അത് മാറിക്കഴിഞ്ഞതായും വ്യവസായികള്‍ പറയുന്നു.
പണ്ട് ഒരു വ്യവസായത്തിന് അനുമതി ലഭിക്കുവാന്‍ ഒരുപാട് കാലതാമസവും നടപടിക്രമങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ ആ തടസ്സങ്ങളെല്ലാം മാറി കാര്യങ്ങല്‍ സുതാര്യമായിട്ടാണ് പോകുന്നത്. നേരത്തെ ഇടനിലക്കാരും ലോബികളും ഈ രംഗം കയ്യടക്കിയിരിക്കുകയായിരുന്നു. ഇവരെയെല്ലാം മോദി സര്‍ക്കാര്‍ ഒഴിവാക്കി ശുദ്ധീകരിക്കുകയായിരുന്നു.
മന്ത്രിമാരായ ചുമതലയേറ്റ ശേഷം പീയുഷ് ഗോയലും ധര്‍മ്മേന്ദ്ര പ്രഥാനും ഇടനിലക്കാര്‍ ഒരുരംഗത്തും ഉണ്ടാവില്ലെന്ന് പരസ്യമായി വ്യക്തമാക്കിയിരുന്നു. മുന്‍ഭരണകാലത്ത് ഉന്നത ബിസിനസ്സുകാര്‍ ദിവസേന ധനകാര്യമന്ത്രാലയങ്ങളില് കേറിയിറങ്ങുകയും കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുകയും ചെയ്തിരുന്നു. ഇന്നിതെല്ലാം പഴങ്കഥയായി മാറിക്കഴിഞ്ഞു.
തങ്ങളെ വിളിച്ചാലല്ലാതെ വകുപ്പ് മന്ത്രിമാരെ പൂഞ്ചെണ്ടുകളുമായി പോയി കാണുന്ന പരിപാടി അവസാനിപ്പിച്ചതായി പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ഉന്നതര്‍ പറയുന്നു. വിവിധ മന്ത്രാലയങ്ങളില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ക്കുപോലും സ്വകാര്യ കമ്പനികള്‍ വാഹനങ്ങള്‍ നല്‍കുമായിരുന്നു. ഇതിലൂടെ തങ്ങളുടെ കാര്യങ്ങള്‍ ഇവര്‍ നേടിയെടുക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നിലച്ചു.
സിന്‍ഡിക്കേറ്റ് ബാങ്ക് മുന്സിഎംഡി എസ്.കെ. ജയിന്റെ അറസ്റ്റിനെ ധനകാര്യമന്ത്രാലയം സ്വാഗതം ചെയ്തിരുന്നു. ഇത് ഉദ്യോഗസ്ഥന്മാര്ക്കുള്ള ഒരു സൂചനയാണ്. സ്വന്തം താത്പര്യങ്ങളുമായി മുന്നോട്ടുപോയാല്‍ ഉദ്യോഗസ്ഥന്മാര്ക്ക് പിടിവീഴുമെന്ന്.
വിലകൂടിയ പേനകളും വാച്ചുകളും ഉപയോഗിക്കരുതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കോര്‍പ്പറേറ്റുകളുടെ അജണ്ടകളും നടക്കാതായി കഴിഞ്ഞു. കാര്യങ്ങള്‍ സുതാര്യമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: