ചേര്‍ത്തല: ഗവ. ഗേള്‍സ് സ്കൂള്‍ കവലയിലെ റോഡില്‍ കോണ്‍ക്രീറ്റ് ടൈല്‍ പാകുന്ന ജോലികള്‍ അവസാനിച്ചു. ബജറ്റ് വിഹിതമായ 25 ലക്ഷം രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ആകെ 1000 മീറ്റര്‍ സ്ക്വയറിലാണ് ടൈലുകള്‍ വിരിക്കുന്നത്. കിഴക്ക് പടിഞ്ഞാറ് 80 മീറ്ററും വടക്ക് തെക്ക് 10 മീറ്റര്‍ ദൂരത്തിലുമാണ് നിര്‍മ്മാണം.
റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി കവലയിലെ ഇലക്ട്രിക് ട്രാന്‍സ്ഫോമറും പോസ്റ്റുകളും നീക്കിയിരുന്നു. വനം വകുപ്പിന്റെ അനുമതിയോടെ ഏതാനും മരങ്ങളും മുറിച്ചു. വീതി കൂട്ടുന്നതിനായി സ്കൂളിന്റെ മതിലും പൊളിച്ചുനീക്കി കെട്ടി. ഗതാഗതിരക്കേറിയ റോഡില്‍ കുഴികള്‍ പതിവായി രൂപപ്പെടുന്നതിന് പരിഹാരമായാണ് കോണ്‍ക്രീറ്റ് ടൈലുകള്‍ പാകുന്നത്.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണെങ്കിലും ഇത് അറിയാതെ എത്തിയ ഇരുചക്രവാഹനയാത്രികര്‍ റോഡില്‍ തെന്നിവീണ് അപടമുണ്ടായി. ടൈല്‍ പാകുന്നതിന് മുന്നോടിയായി മെറ്റല്‍ വിരിച്ച് പൂഴിയിട്ട് വെള്ളം ഒഴിച്ച നിലയിലുള്ള റോഡിലൂടെ എത്തിയ വാഹനങ്ങളാണ് തെന്നി മറിഞ്ഞത്. ഗതാഗതം തടഞ്ഞ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ചിലര്‍ ഇത് മാറ്റുകയും വാഹനങ്ങള്‍ കടന്നുവന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: