കട്ടപ്പന: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 14 കിലോ, വീര്യം കൂടിയ കഞ്ചാവ് പിടിച്ചെടുത്തു. രണ്ടുപേര്‍ അറസ്റ്റിലായി. തമിഴ്നാട് ബോഡി സ്വദേശി കറുപ്പയ്യ (47), രാജാക്കാട് മാങ്ങാത്തൊട്ടി ജോയല്‍ (19) എന്നിവരെയാണ് ബോഡിമേട്ട് ചെക്കുപോസ്റ്റില്‍ വച്ച് എക്സൈസ് സംഘം പിടികൂടിയത്.
പിടിച്ചെടുത്തത് 3.5 ലക്ഷത്തിന്റെ നീലച്ചടയന്‍ കഞ്ചാവാണെന്ന് അധികൃതര്‍ അറിയിച്ചു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച് രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ബോഡിമേട്ട് ചെക്ക് പോസ്റ്റിലെ ഇന്‍സ്പെക്ടര്‍ ജെനീഷ്, ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ സുധീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. രണ്ട് ബൈക്കുകളിലായി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് സംഘം അറിയിച്ചു.
പ്രതികളെ ഉടുമ്പന്‍ചോല റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് പീരുമേട് കോടതിയില്‍ ഹാജരാക്കിയത്. അന്തര്‍സംസ്ഥാന കഞ്ചാവ് കടത്തു സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ്, ഓഫീസര്‍മാരായ ബിനോയ് കെ.ജെ, ജോഷി കെ.ജെ, ദീപുരാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: