ആലപ്പുഴ: മറ്റു പ്രകൃതിദത്ത നാരുകളെ അപേക്ഷിച്ച് തഴയപ്പെട്ടതും പരുക്കനുമാണെങ്കിലും ഏറ്റവും മെച്ചപ്പെട്ട പ്രയോഗക്ഷമതയുള്ള നാനോ വസ്തുക്കളുടെ സ്രോതസാണ് കയര്‍ എന്ന് കയര്‍ കേരളയിലെ സെമിനാറില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. നാനോസെല്ലുലോസിനെ 21-ാം നൂറ്റാണ്ടിന്റെ പദാര്‍ഥമായാണ് ഫിന്‍ലാന്‍ഡ് ആള്‍ട്ടോ യൂണിവേഴ്സിറ്റിയിലെ ഡോ. ഒര്‍ലാന്‍ഡോ ജെ. റോജാസ് വിശേഷിപ്പിച്ചത്. ഏറ്റവും സൂക്ഷ്മമായ നാരുകളുടെയോ ജൈവ സെല്ലുലോസ് തരികളുടെയോ ചേരുവയായ ഇത്, വ്യാവസായികവും വാണിജ്യപരവുമായ ഉപയോഗങ്ങള്‍ക്കുള്ള പ്ലാസ്റ്റിക്കിനും മറ്റു കൃത്രിമ സംയുക്തങ്ങള്‍ക്കും പകരമായി ഉപയോഗിക്കാവുന്ന വിഷരഹിതവും പ്രകൃതിസൗഹാര്ദ്ദപരവുമായ സാധ്യതകളുള്ളവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയിലും കാനഡയിലും ജപ്പാനിലും മറ്റുമുള്ള ഒട്ടേറെ കമ്പനികള്‍ നാനോസെല്ലുലോസ് ഉത്പാദിപ്പിക്കുകയും ഇതിന്റെ ഭാവിസാധ്യതകള്‍ മുന്നില്‍കണ്ട് ഗവേഷണ വികസന മേഖലയില്‍ പണം നിക്ഷേപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഏതെങ്കിലും കമ്പനി കയറില്‍ നിന്നും ഇതുത്പാദിപ്പിക്കപ്പെടുന്നത് കാണാനാണ് താനാഗ്രഹിക്കുന്നതെന്നും അത് സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് നാരുകളെ അപേക്ഷിച്ച് വളരെ ചെലവുകുറഞ്ഞതാണെന്നും പൂര്‍ണമായും സുസ്ഥിരമായ വിഭവമാണെന്നതുമാണ് കയറിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിദത്ത നാരുത്പന്നങ്ങള്ക്ക് യൂറോപ്പിലുള്ള ബൃഹത്തായ വിപണന സാധ്യതകളെപ്പറ്റിയാണ് ബ്രിട്ടനിലെ ബാന്‍ഗോര്‍ സര്‍വ്വകലാശാലയിലെ ബയോകമ്പോസിറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. റോബ് ഏലിയാസ് വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: