മുമ്പ് ഒരാള്‍ക്ക് കാന്‍സര്‍ ആണെന്ന് കേട്ടാല്‍ ആ രോഗിയുടെ മരണം ഏകദേശം ഉറപ്പിച്ച മട്ടിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍ ഇന്ന് വൈദ്യശാസ്ത്രത്തിലെ പുരോഗതിയും ആ മേഖലയില്‍ കൈവന്ന നേട്ടങ്ങളും കാന്‍സറിനെ മറ്റേതൊരു രോഗത്തേയും പോലെ കരുതിയാല്‍ മതിയെന്ന വിശ്വാസമാണ് സമൂഹത്തിന് നല്‍കുന്നത്. എങ്കിലും തെറ്റായ ജീവിതശൈലിയിലൂടെയോ പാരമ്പര്യമായോ കാന്‍സര്‍ ഉണ്ടാകുന്ന അവസ്ഥയില്‍ നിന്നും മോചനം സാധ്യമായിട്ടില്ല.
കാന്‍സര്‍ യഥാസമയം കണ്ടെത്താതിരിക്കുകയും ചികിത്സ വൈകുന്നതും മുഖേനയാണ് കൂടുതല്‍പേരും മരിക്കുന്നത്. കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് പഠന റിപ്പോര്‍ട്ട്.
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 280 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഓരോ വര്‍ഷവും കാന്‍സര്‍ രോഗികളുടെ എണ്ണം ഒരു ശതമാനം വര്‍ധിക്കുന്നതായാണ് കണക്ക്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന റീജിയണല്‍ കാന്‍സര്‍ സെന്ററിലാണ് ഏറ്റവും കൂടുതല്‍ പേര് ചികിത്സ തേടിയെത്തുന്നത്.
ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും കേരളത്തില്‍ കാന്‍സര്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതായാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍. ആര്‍സിസിയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ രോഗികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായി. സ്ത്രീകളിലാണ് രോഗം കൂടുതലായി കാണുന്നത്.
സംസ്ഥാനത്തെ ഓരോ ജില്ലയിലും കാന്‍സര്‍ ബാധിച്ചുമരിക്കുന്നവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങളുടെ പോക്ക് ശരിയായ ദിശയിലല്ല എന്ന് ബോധ്യമാവും. കാസര്‍കോട് ജില്ലയില്‍ 2014 ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞത് 371 പേരാണ്. കണ്ണൂര്‍ ജില്ലയിലാവട്ടെ 925 പേരാണ് മരിച്ചത്. വയനാട്ടില്‍ രോഗികളുടെ എണ്ണം ഇതേകാലയളവില്‍ 345 ആണ്.
തിരുവനന്തപുരം ആര്‍സിസിയില്‍ ഈ ജില്ലകളില്‍ നിന്നും ചികിത്സതേടിയെത്തുന്നവര്‍ 15 ശതമാനത്തിലധികമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളുള്ളത് മലപ്പുറത്താണ്.
സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുരുഷന്മാരില് ശ്വാസകോശ അര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവും കൂടുന്നതായാണ് കണക്കുകള്‍. 100 ല്‍ 40 പേര്‍ക്കും രോഗം പിടിപെട്ടത് പുകയില വഴിയാണെന്നും വിദഗ്ധര്‍ പറയുന്നു.
ആര്‍സിസിയില്‍ മാത്രം ഒരു വര്‍ഷം 15,000 പുതിയ രോഗികള്‍ അര്‍ബുദ ചികില്‍സ തേടുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാകട്ടെ 3000 പുതിയ രോഗികളാണ് കഴിഞ്ഞ വര്‍ഷം മാത്രം ചികില്‍സ തേടിയത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനു (ഐ.സി.എം.ആര്) കീഴിലുള്ള ദേശീയ കാന്‍സര്‍ രജിസ്ട്രി പുറത്തുവിട്ട കണക്കുസരിച്ച് രാജ്യത്തെ കാന്‍സര്‍ രോഗികളുടെ എണ്ണം2013ല്‍ 10,86,783 ആണ്. 4,78,185 പേര് കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടു. 2012ല്‍ 4,65,169 പേരും, 2011ല്‍ 4,52,541 പേരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: