കുമ്പളം: വൈറ്റില-അരൂര്‍ നാലുവരി ദേശീയപാതയിലെ കുമ്പളം-അരൂര്‍ പഴയ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്നലെ പുലര്‍ച്ചെ അടച്ചു.
പുതിയ പാലത്തിലൂടെ രണ്ടുവരിയായിട്ടാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്. ദേശീയ പാതയില്‍ നാലുവരിയായി വരുന്ന വാഹനങ്ങള്‍ കുമ്പളത്തെത്തൂമ്പോള് രണ്ടുവരിയായി മാറേണ്ടിവരുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. രാവിലെ മുതല്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായിട്ടും വൈകീട്ട് നാലുമണിയോടെ മാത്രമാണ് പോലീസ് ഗതാഗത നിയന്ത്രണത്തിന് തയ്യാറായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കാക്കനാട് ടെക്നോപാര്‍ക്കിലെ അബര്ട്ട്സ്റ്റേണ് എന്ന കമ്പനിയാണ് ഇപ്പോള്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ക്ക് കരാറെടുത്തിരിക്കുന്നത്. പാലത്തിന്റെ പ്രതലത്തിലുള്ള കോണ്‍ക്രീറ്റ് വേസ്റ്റുകള്‍ മില്ലിങ്ങ്മെഷീന് ഉപയോഗിച്ച് ചിപ്പ് ചെയ്ത് കളഞ്ഞശേഷം മാസ്റ്റിക് ആസ്ഫാര്ട്ട് എന്ന പ്രക്രിയയിലൂടെ ബിറ്റുമിന്‍ മിശ്രിതം ഉപയോഗിച്ച് പാലം വീണ്ടും ബലപ്പെടുത്തി ഗതാഗതത്തിന് തയ്യാറാക്കുന്ന ജോലികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
ഏകദേശം ഒന്നരക്കോടിയോളം ചിലവുവരുന്ന അറ്റകുറ്റപ്പണികള്‍ക്ക് അഞ്ചുവര്‍ഷം ഗ്യാരണ്ടി ഉറപ്പുനല്കുന്നുണ്ടെന്ന് കമ്പനിവക്താക്കള്‍ അറിയിച്ചു. പാലത്തിലെ പണികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിനു വേണ്ടി ഏകദേശം രണ്ടുമാസമെങ്കിലും കുമ്പളം- അരൂര്‍ പഴയപാലം അടച്ചിടേണ്ടിവരുമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: