കൊട്ടാരക്കര: മുന്നോക്കവികസന കോര്‍പ്പറേഷന്റെ അധ്യക്ഷസ്ഥാനം പിള്ള ഇന്ന് രാജിവെക്കുമെന്ന് സൂചന. രാജിക്കുശേഷം യുഡിഎഫിനെ പിടിച്ചുലക്കുന്ന മറ്റൊരു മന്ത്രിയുടെ അഴിമതിക്കഥകള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അറിയുന്നു. ഇന്നുരാവിലെ തിരുവനന്തപുരത്തെത്തി ഔദ്യോഗികവാഹനം തിരിച്ചേല്പിച്ച് ജീവനക്കാരോട് യാത്ര പറഞ്ഞിറങ്ങിയശേഷം ശക്തമായി തന്നെ മുന്നണിയിലെ അഴിമതിക്കെതിരെ ആഞ്ഞടിക്കാനാണ് പിള്ള ഒരുങ്ങുന്നത്.
മുന്നണിയില്‍ തുടര്‍ന്നാലും മുന്നോക്കവികസന കോര്പ്പറേഷന് അധ്യക്ഷസ്ഥാനത്തു തുടരില്ലെന്നും ഇരിക്കുന്ന കൊമ്പൊടിക്കുന്നുയാളല്ല താനെന്നും പിള്ള പറയുന്നു. കൊമ്പു മുറിച്ചുമാറ്റുമെന്നു മുഖപ്രസംഗം എഴുതിയവര്‍ യുഡിഎഫ് എന്ന മരം നട്ടതിലും വെള്ളവും വളവുമിട്ടു വളര്‍ത്തിയതിലും പിള്ളയ്ക്കും സ്ഥാനമുണ്ടെന്ന കാര്യം മറക്കരുതെന്ന് പിള്ള പറഞ്ഞിരുന്നു. അതിനുശേഷവും കോണ്‍ഗ്രസ് മുഖപത്രം മാണിക്കു വേണ്ടി അച്ച് നിരത്തിയത് പിള്ളയെ കൂടുതല്‍ പ്രകോപിച്ചിട്ടുണ്ട്. ചെയര്മാന് സ്ഥാനം അലങ്കരിക്കുന്നതിന്റെ പേരില്‍ യുഡിഎഫ് നല്കിയ ഔദാര്യം എന്ന മട്ടില്‍ ആക്ഷേപിക്കുന്നതാണ് പ്രധാനമായും സ്ഥാനം ഒഴിയാന്‍ പിള്ളയെ പ്രേരിപ്പിക്കുന്നത്.
യുഡിഎഫിനെ നിരവധി തവണ വെട്ടിലാക്കുകയും മുഖ്യമന്ത്രിക്കെതിരെ പോലും ആരോപണം ഉന്നയിക്കുകയും ചെയ്ത പി.സി.ജോര്ജിനോടുപോലും ഇല്ലാത്ത വിരോധം എന്തുകൊണ്ട് സ്വകാര്യസംഭാഷണത്തിന്റെ പേരില്‍ തനിക്കും നിയമസഭയില്‍ ആരോപണമുന്നയിച്ച ഗണേശനും നേരെ കോണ്‍ഗ്രസില്‍ നിന്നു ണ്ടായി എന്ന് പിള്ളക്ക് പിടികിട്ടുന്നില്ല. സംഘടിതമായ ഒരു സമുദായത്തിന്റെ പിന്തുണ തങ്ങള്ക്കില്ലന്നതാണ് ഇതിന്റ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഇതിന് പ്രതിവിധിയായി ബഹുജന പിന്തുണയുള്ള രാഷ്ട്രീയ പ്രവേശനത്തിനു അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മുന്‍ വ്യവസായസെക്രട്ടറി കൂടിയായ മരുമകനും ചില സിപിഎം നേതാക്കളുമായുള്ള ബന്ധം ഉപയോഗപെടുത്തി പിള്ള സിപിഎമ്മുമായി ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്. എന്നാല്‍ ഗണേശന് ഈ നീക്കത്തോട് താല്പര്യമില്ലെന്നാണ് സൂചന. എന്നാല്‍ ഇതുവരെ മനസ് തുറക്കാന്‍ ഗണേശന് തയ്യാറായിട്ടുമില്ല. പിള്ളയെ സ്വീകരിക്കുന്നതിന് ആദ്യസമയത്ത് നിലനിന്നിരുന്ന എതിര്‍പ്പ് സിപിഎമ്മില്‍ ഇപ്പോഴില്ല.
ആര്‍എസ്പിയുടെ മുന്നണിമാറ്റത്തോടെ ജില്ലയില്‍ നേരിട്ടിരിക്കുന്ന പോരായ്മ പിള്ളയിലൂടെ നികത്താം എന്നാണ് സിപിഎമ്മിലെ പ്രബല വിഭാഗം കണക്കുകൂട്ടുന്നത്. ഇതിലൂടെ എന്‍എസ്എസിന്റെ പിന്തുണയും ഒരുപരിധിവരെ ലഭിക്കും എന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ പിള്ളയെ യുഡിഎഫില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് ഐ വിഭാഗത്തിന്റ നിലപാട്. യുഡിഎഫ് വിടാന്‍ തന്നെയാണ് പിള്ളയുടെ നീക്കം. ഇന്നത്തെ ആരോപണത്തില്‍ ആര്‍ക്കൊക്കെയാണ് പരിക്കേല്ക്കുകയെന്ന് കാത്തിരിക്കുകയാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: