തിരുവനന്തപുരം: ബാര്‍കോഴ കേസ് യുഡിഎഫ് സര്‍ക്കാരും മന്ത്രി മാണിയും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ബാര്‍കോഴ കേസില്‍ മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് അന്വേഷണത്തില്‍ വിശ്വാസം ഉണ്ടാകണമെങ്കില്‍ കേന്ദ്ര ഏജന്‍സി ബാര്‍ കോഴ കേസ് അന്വേഷിക്കണം. കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞത് ഓരോ ദിവസവും പുതിയ പുതിയ തെളിവുകള്‍ വരുന്നു എന്നാണ്. കേസിന്റെ ആദ്യ ഘട്ടത്തില്‍ തെളിവുകള്‍ മുക്കി കേസ് ഒതുക്കാന്‍ മാണിയും ഉമ്മന്‍ചാണ്ടിയും ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. അതെല്ലാം മുക്കാന്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും മുരളീധരന് ആരോപിച്ചു.
കേസുകള്‍ തേച്ച് മായ്ച്ചും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയും രക്ഷപ്പെടാമെന്ന് കരുതേണ്ട. സിപിഎമ്മുമായി ധാരണയുണ്ടാക്കി സെക്രട്ടറിയേറ്റിലിരുന്ന് ഭരിക്കാമെന്നും കരുതരുത്. സിപിഎമ്മിന് നിയമസഭയ്ക്കകത്ത് 65 പേരുടെ പിന്തുണയുണ്ടെങ്കിലും പുറത്ത് ജനങ്ങളുടെ പിന്തുണയില്ല. പാര്‍ട്ടി സമ്മേളനങ്ങളില്‍ സാധാരണക്കാരായ അണികള്‍ നേതാക്കള്‍ക്കെതിരെ തിരിഞ്ഞുകഴിഞ്ഞു. വരും നാളില്‍ ജീവിക്കേണ്ടവരുടെ സ്വപ്നങ്ങളാണ് ഉമ്മന്‍ചാണ്ടിയും മാണിയും കരിച്ച് കളയുന്നത്. നീതിയും നിയമവും പുലരുന്ന കേരളമാണ് നാളേക്ക് വേണ്ടത്. യുവാക്കളുടെ പ്രതിഷേധമാണിത്. അതിനെ ജല പീരങ്കിയും പോലീസും ജയിലും കാണിച്ച് യുവമോര്‍ച്ചയെ പേടിപ്പിക്കാമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ട. ജനങ്ങളുടെ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിച്ച് പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകും.
കോണ്‍ഗ്രസിന്റെ അഴിമതി ഭരണം മൂലം കേരളത്തിലെ പൊതു പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥയാണ്. ആദ്യം ഉയര്‍ന്ന ആരോപണം അഞ്ച് കോടി രൂപ മാണി വാങ്ങി എന്നതാണ്. ആരോപണമുയര്‍ത്തിയത് ബാര്‍ ഓണേഴ്സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. എന്നാല്‍ സര്‍ക്കാര്‍ അനങ്ങിയില്ല. പ്രതിഷേധം ശക്തമായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ തൊട്ടുപിറകെ മാണി കുറ്റക്കാരനല്ലെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. മാണിക്കെതിരെ മൊഴി നല്‍കാനെത്തിയവരോട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദിച്ചത് ഇതൊക്കെ രേഖപ്പെടുത്തണോ എന്നാണ്. മൊഴി നല്കിയവര് പറഞ്ഞതൊക്കെ രേഖപ്പെടുത്തിയാല്‍ മാണിക്ക് രക്ഷപ്പെടാനാവില്ല. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്മാര്ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ മാണിക്കെതിരെ ആരോപണം ഉന്നയിച്ചത് യുഡിഎഫ് ഘടകക്ഷി നേതാവാണ്.
ഘടകക്ഷി നേതാക്കന്മാര് വിലപേശന്‍ വേണ്ടി ആരോപിച്ചതല്ല. ബിജു രമേശുമായുള്ള രഹസ്യ സംഭാഷണത്തിലാണ് ആരോപണം ഉന്നയിച്ചത്. ബാലകൃഷ്ണപിള്ള ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണ്. ഇത് പി.സി. ജോര്‍ജ്ജും സമ്മതിക്കുന്നുണ്ട്.
27ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങള്‍ അഴിമതിക്കെതിരായി നടത്തുന്ന സമരമാണ്. അഴിമതിക്കാര്‍ അവരുടെ കസേര വിട്ടൊഴിയും വരെ ബിജെപി പ്രക്ഷോഭങ്ങള്‍ തുടരും. സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തി സിപിഎം നടത്തുന്ന സമരങ്ങളെപോലെ ബിജെപിയുടെ സമരങ്ങളെ കാണരുതെന്നും വി. മുരളീധരന് ഓര്‍മിപ്പിച്ചു. മാണി ബജറ്റ് അവതരിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍. ബജറ്റിന്റെ പണിയൊക്കെ നടത്തിക്കോട്ടെ. പക്ഷെ അവതരിപ്പിക്കാന്‍ വേറെ ആളെ നോക്കണം. അഴിമതിക്കാരനായ മാണി ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: