തിരുവനന്തപുരം: പത്തുവര്‍ഷം ശിക്ഷാകാലാവധി പിന്നിട്ട ജീവപര്യന്തം തടവുകാരെ മോചിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാജീവ്ഗാന്ധി വധക്കേസില്‍ സുപ്രീംകോടതിയുടെ ഒരു സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഇത് നടപ്പാക്കാനാവുന്നില്ല. സ്റ്റേ ഉത്തരവ് മാറിയാല്‍ പത്തുവര്‍ഷം കഴിഞ്ഞ തടവുകാരെ മോചിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ജയില്‍വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല തെറ്റുതിരുത്തല്‍ ഭരണനിര്‍വഹണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിചാരണ തടവുകാര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നത് ഒരു പരിഷ്കൃത സമൂഹത്തില്‍ എത്രമാത്രം അനുവദനീയമാണെന്ന് ചിന്തിക്കണമെന്ന് മന്ത്രി പറഞ്ഞു. വിചാരണ തടവുകാര്‍ നീണ്ടകാലം ജയില്‍ കഴിയേണ്ടിവരുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഇത് നീതിന്യായവ്യവസ്ഥക്ക് ഗുണകരമാണോ എന്ന് ആലോചിക്കണം. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെയും വിചാരണ തടവുകാരെയും ഒരേ രീതിയില്‍ കാണരുത്. കാരണം വിചാരണതടവുകാര്‍ ശിക്ഷിക്കപ്പെടണമെന്നില്ല. ഇവര്‍ രണ്ടുവിഭാഗമാണെന്ന വിചാരം ജയില്‍ അധികൃതര്‍ക്കുണ്ടാകണം. തടവുകാരുടെ മാനസികപരിവര്ത്തനത്തിനുവേണ്ടി ജയില്‍ ഉേദ്യാഗസ്ഥര്‍ പ്രവര്‍ത്തിക്കണം. തടവുപുള്ളികള്‍ക്കും അവകാശങ്ങളുണ്ട്. അത് ലംഘിക്കാന്‍ ഒരു ഉദ്യോഗസ്ഥനും അവകാശമില്ല. തടവുകാരെ പീഡിപ്പിക്കാനോ മനുഷ്യത്വരഹിതമായി പെരുമാറാനോ പാടില്ല.
ജയിലുകളില്‍ കാലോചിതമായ മാറ്റം അനിവാര്യമാണ്. തടവുകാരുടെ പൗരാവകാശ സംരക്ഷണത്തിന് മുന്തിയ പരിഗണന നല്‍കണം. ജയിലുകളില്‍ ഫോണ്‍ വിളിക്കാന്‍ കൂടുതല്‍ അവസരം നല്‍കിയിട്ടുണ്ട്. പരിഷ്കൃത ജയിലുകളില്‍ ഫോണ്‍ അനുവദനീയമാണ്. കാലാന്തരത്തില്‍ കേരളത്തിലെ ജയിലുകളിലും ഫോണ്‍ നടപ്പിലാക്കാന്‍ കഴിയും. തടവുകാര്‍ക്ക് കിടക്കാനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. അവര്‍ക്ക് മാനസിക ഉല്ലാസത്തിനുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാവും. തടവുകാരെ കോടതിയില്‍ കൊണ്ടുപോകുന്ന സംവിധാനം ശക്തമാക്കും. ജയില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പൂര്‍ണതൃപ്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
തടവുകാരുടെ മാനസികപരിവര്‍ത്തനത്തിന് ഉദേ്യാഗസ്ഥര്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് സുനില്‍ തോമസ് പറഞ്ഞു.
ആശുപത്രിയിലെത്തുന്ന ഒരു രോഗിയെ ചികിത്സിക്കുന്ന മനോഭാവമാണ് ഉണ്ടാവേണ്ടത്. 90 ശതമാനം കുറ്റവാളികളും ഒറ്റതവണ കുറ്റകൃത്യം നിര്‍വഹിച്ചവരാണ്. സാഹചര്യങ്ങള്‍കൊണ്ട് ശിക്ഷിക്കപ്പെട്ടുവരുന്നവരെ വീണ്ടും ശിക്ഷിക്കുന്ന സ്ഥിതിവിശേഷമുണ്ട്. വിചാരതടവുകാര് ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഒരുലക്ഷംപേരില്‍ 21 പേര് മാത്രമേ ജയിലില്‍ തടവുകാരായി ഉള്ളൂവെന്നും വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണെന്നും ജയില്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു.
അമേരിക്കയില്‍ ഒരുലക്ഷംപേരില്‍ 732 പേര് ജയിലിലുണ്ട്. ഇംഗ്ലണ്ടില്‍ ഒരുലക്ഷംപേരില്‍ 142 പേര് ജയിലിലുണ്ട്. ജയിലിലെ മരണനിരക്കും വളരെ കുറവാണ്. 10 വര്‍ഷത്തിനിടെ 47പേരാണ് ജയിലില്‍ മരിക്കുന്നത്. കസ്റ്റഡി മരണങ്ങളിലേറെയും സ്വാഭാവികമരണമാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയായിരുന്നു.
പോലീസ് കംപ്ലെയിന്റ് അതോറ്റി അംഗം, കെ.പി.സോമരാജന്, എഡിജിപി ഇന്റലിജന്‍സ് എ.ഹേമചന്ദ്രന്, പ്രസ്ക്ലബ് പ്രസിഡന്റ് പി.പി. ജെയിംസ്, ഉത്തരമേഖല ജയില്‍ ഡിഐജി ശിവദാസ് കെ. തൈപ്പറമ്പില്‍, ജയില്‍ ആസ്ഥാനകാര്യാലയം ഡിഐജിഎച്ച് ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: