തൃശൂര്‍: മുന്നറിയിപ്പില്ലാതെ ഗ്യാസ് ഏജന്‍സി നിര്‍ത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ ഏജന്‍സിയിലെത്തി ബഹളം വെച്ചു. തൃശൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ജി.കെ.ഗ്യാസ് ഏജന്‍സിയിലാണ് പ്രശ്നമുണ്ടായത്. പന്ത്രണ്ടായിരത്തോളം ഉപഭോക്താക്കളാണ് ജി.കെ.ഗ്യാസ് ഏജന്‍സിയിലുള്ളത്.
ഏജന്‍സി നിര്‍ത്തലാക്കാന്‍ പോകുന്ന കാര്യം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെ നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും ഇന്നലെ വൈകീട്ടാണ് കമ്പനി അധികൃതരെത്തി സോഫ്റ്റ് വെയര്‍ കൈമാറ്റമടക്കമുള്ള പ്രൊസസിംഗ് നടപടികള്‍ ആരംഭിച്ചത്.
ഇന്നലെ വരെ ഗ്യാസ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കെല്ലാം സോഫ്റ്റ് വെയര്‍ പ്രൊസസ്സിംഗ് ആരംഭിച്ചതോടെ ഗ്യാസ് ബുക്കിംഗ് ക്യാന്‍സല്‍ ആയെന്ന മെസേജ് മൊബൈലുകളിലേക്ക് വന്നു.
കാര്യമെന്തെന്നറിയാതെ ഇന്നലെരാവിലെ ഗ്യാസ് ഏജന്‍സിയിലേക്ക് ഉപഭോക്താക്കള്‍ നേരിട്ടെത്തുകയായിരുന്നു.
പന്ത്രണ്ടായിരത്തോളം ഉപഭോക്താക്കളെ മൂന്ന് ഏജന്‍സികളിലേക്കായി വിഭജിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം ഗ്യാസിന്റെ വിതരണം ശരിയാകുമെന്നും ബുക്കിംഗ് ക്യാന്‍സലായാലും സീനിയോറിറ്റി നഷ്ടമാകില്ലെന്നും കമ്പനി അധികൃതര്‍ തന്നെ വിശദീകരിച്ചെങ്കിലും ഉപഭോക്താക്കള്‍ ബഹളം തുടര്‍ന്നു.
ഉടമ പത്മിനി പണിക്കര്‍ പ്രായാധിക്യത്താലും പുതിയ സോഫ്റ്റ് വെയറിന്റെ പ്രശ്നങ്ങളാലുമാണ് ഏജന്‍സി നിര്‍ത്തലാക്കുന്നതെന്ന് ഏജന്‍സി അധികൃതര്‍ പറഞ്ഞു.
സൈനിക് പൂത്തോള്‍, ആയിഷ ഒല്ലൂര്‍, നന്ദു കൂര്‍ക്കഞ്ചേരി എന്നീ ഏജന്‍സികളിലേക്കാണ് പന്ത്രണ്ടായിരത്തോളം ഉപഭോക്താക്കളെ വിഭജിച്ചു നല്‍കിയിരിക്കുന്നത്. സോഫ്റ്റ് വെയര്‍ വളരെ മന്ദഗതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടാണ് പ്രൊസസ്സിംഗ് വൈകുന്നതെന്നും കമ്പനി അധികൃതര്‍ വിശദീകരിച്ചു.
തൃശൂര്‍ കോര്‍പറേഷനുകളിലെ മുഴുവന്‍ ഡിവിഷനുകളിലും പട്ടിക്കാട്, ചെമ്പൂത്ര, പീച്ചി മേഖലയിലും ജി.കെ. ഗ്യാസ് ഏജന്‍സിയില്‍ നിന്നാണ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ 43 വര്‍ഷമായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: