ഉമ്മന്‍ചാണ്ടി എന്നൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിരുന്നുവെന്ന് വരും തലമുറ അതിശയത്തോടു കൂടിയായിരിക്കും ഓര്‍മ്മിക്കുക. ഒരുപക്ഷേ ഉമ്മന്‍ചാണ്ടിക്ക് മുമ്പും പിമ്പും കേരള ഭരണം എന്ന വിഷയത്തില്‍ ഭാവി തലമുറയില്‍ പിഎച്ച്ഡി എടുക്കുന്നവരുടെ എണ്ണം കൂടിയേക്കാം. ഏറ്റവും മോശമായി ഭരിക്കാന്‍ പോലും ഒരു മാനംമര്യാദ വേണമെന്നിരിക്കെ അതിലും താഴെയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണം. ഇതെങ്ങനെ കഴിഞ്ഞുവെന്നാവും ഇനിയുള്ളവരുടെ ഗവേഷണ വിഷയം. കൂടുതല്‍ അഴിമതി കൂടുതല്‍ ജനവിരുദ്ധം എന്നിങ്ങനെയുള്ള അജണ്ടയോടെ അതിവേഗം ബഹുദൂരത്തിലേക്ക് പോകുന്ന ഈ സര്‍ക്കാരിന്റെ അമരക്കാരന് ചരിത്രത്തില്‍ ഇടം കിട്ടിയില്ലെങ്കിലും ചരിത്രത്തില്‍ നിന്ന് പുറത്ത് പോകാതിരിക്കാനുള്ള ആര്‍ജവം പോലും ഇല്ലാത്തത് മലയാളിയെ ലജ്ജിപ്പിക്കുന്നു.
ജനാധിപത്യം എന്നത് ജനങ്ങളുടെ വോട്ട് നേടി അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുക എന്നതാണെന്ന നിര്‍വചനം ലോകത്തിന് പുതുമയല്ലെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വാഴ്ച അമ്പരപ്പിക്കുന്ന പുതുമ തന്നെയാണ്. എന്നും അഴിമതിയുടെയും അധാര്‍മികതയുടെയും ആരവമാണ് ഈ സര്‍ക്കാരില്‍ നിന്നും കേള്‍ക്കുന്നത്. സംവാദങ്ങള്‍ക്ക് പകരം വിവാദങ്ങളുടെ നായകനായി മാറിയ ഉമ്മന്‍ചാണ്ടി ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി ഭരിക്കുന്നുവെന്ന് ആര്‍ക്കുപോലും അറിയില്ല. ഒരു കൂട്ടം രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടുകളെ ഏറ്റവും നന്നായി പരിപാലിക്കാന്‍ കഴിയുന്ന അത്യന്തം ദുഷിച്ച പ്രവണതയുടെ ചക്രവര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി. തെറ്റ് ചെയ്യുന്നവന്റെ കൂടെ നില്‍ക്കുകയും നല്ലവര്‍ക്ക് എതിരെ വാളോങ്ങുകയും ചെയ്യുന്ന ഈ ദുഷ്ഭരണം നീതിയേയും ന്യായത്തേയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. ഒരു പക്ഷേ താനിനി മത്സരിക്കില്ലെന്നോ ജയിച്ചാല്‍ തന്നെയും മുഖ്യമന്ത്രിയാകില്ലെന്നോ തീര്‍ച്ചപ്പെടുത്തിയും അതിന് അവസരം കിട്ടില്ലെന്നും കണ്ടുകൊണ്ടാവണം ഇത്തരമൊരു ഒടുക്കത്തെ ഭരണം അദ്ദേഹം കാഴ്ചവയ്ക്കുന്നത്. ഇടത് വലത് മുന്നണികളുടെ മാറിമാറിയുള്ള ഭരണം ഇരുവരും ചെയ്തുകൂട്ടുന്ന പാപഭാരങ്ങളുടെ ഫലമായി തന്നെയുണ്ടാകുന്നതാണ്. എന്നാല്‍ വരും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജപ്പെട്ടാല്‍ സ്വാഭാവികമായും വിജയിക്കേണ്ട ഇടതുപക്ഷം അത്രത്തോളം തന്നെ ദയനീയാവസ്ഥയിലാണ്. അപ്പോള്‍ അവശേഷിക്കുന്നത് മറ്റൊരു ചോയിസാണ്. അത് ജനം ഏറെക്കുറെ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു.
തന്റെ കാലം കഴിഞ്ഞാല്‍ എന്തും ആര്‍ക്കുമാവാം എന്നുകൂടി ഉമ്മന്‍ചാണ്ടി കരുതിയിട്ടുണ്ടാവണം.എല്ലാ പാപഭാരങ്ങളും ഏറ്റെടുത്ത് സ്വയമൊരു യേശുക്രിസ്തുവാകുമ്പോള് മനസില്‍ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ യൂദാസ് തന്നെ. മൂന്നരക്കോടി മലയാളികളെ ഒറ്റിക്കൊടുത്തുകൊണ്ടുള്ള മുപ്പത് വെള്ളിക്കാശാണ് ഉമ്മന്‍ചാണ്ടിയുടെ ആസ്തി. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജനങ്ങളുടെ ഭരണമെന്ന് ജനാധിപത്യത്തിന് വ്യാഖ്യാനം നല്കിയ പഴയ എബ്രഹാം ലിങ്കനെ ഒരു പക്ഷേ ഉമ്മന്‍ചാണ്ടി കേട്ടിട്ടുണ്ടെങ്കിലും ശരിക്കും അറിഞ്ഞിട്ടുണ്ടാവാനിടയില്ല. അതുകൊണ്ടു തന്നെ ദുഃസ്വപ്നത്തില്‍ ലിങ്കണ് അദ്ദേഹത്തെ പേടിപ്പിക്കുമെന്നും കരുതാതെ വയ്യ. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് പറഞ്ഞ മഹാത്മാഗാന്ധിയെ ആയിരംവട്ടം പ്രണമിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ഖദര്‍ധാരികള്‍ കോണ്‍ഗ്രസിന്റെ പേര് പറഞ്ഞ് നടത്തുന്ന ഭരണം തികച്ചും ആത്മഹത്യാപരമാണ്.
വെടക്കാക്കി തനിക്കാക്കുക എന്ന് പണ്ട് ഇഎംഎസിന്റെ രാഷ്ട്രീയ ബുദ്ധിയെക്കുറിച്ച് പറഞ്ഞത് പലരും എടുത്തുകാട്ടിയത് നൂറിരട്ടി ശക്തിയില്‍ ഉമ്മന്‍ചാണ്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കൂടെയുള്ളവരെ ഒരിക്കലും ഉപേക്ഷിക്കാത്തതാണ് കരുണാകരന്റെ സ്വഭാവമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുമ്പോള്‍ കൂടെയുള്ളവരെ എക്കാലവും തള്ളിപ്പറഞ്ഞ് ഉമ്മന്‍ചാണ്ടി ‘ഒറ്റപ്പെട്ട് ബഹുമാന്യ‘നായി തീരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ ചാണക്യനെന്ന് വാഴ്ത്തപ്പെടുന്ന അദ്ദേഹം മദ്യനയത്തിലും കാണിച്ച അട്ടിമറി ആ പേരിനെ അന്വര്‍ത്ഥമാക്കുന്നു! തനിക്കെതിരെയുള്ള കൂരമ്പുകളുടെ മുനയൊടിക്കാന്‍ വേണ്ടി അദ്ദേഹം പ്രയോഗിക്കുന്ന കുടില തന്ത്രങ്ങള്‍ ഈ ഭരണകാലത്ത് ഒട്ടനവധി കേരളം കണ്ടു കഴിഞ്ഞു. ശ്ലീലങ്ങളുടേതല്ലാതെ സരിത വിഷയം പോലെ അശ്ലീലവിഷയങ്ങളുടെ ഭാരം കൊണ്ട് പൊറുതിമുട്ടിയ ഈ സര്‍ക്കാര്‍ മലയാളിയുടെ സാംസ്കാരിക സദാചാര സങ്കല്പങ്ങളെപ്പോലും മാറ്റിയെഴുതുകയുണ്ടായി. എവിടെയും പരാജയപ്പെട്ടവരുടെ അവസാന ലാവണമാണ് രാഷ്ട്രീയമെന്നും കൊള്ളരുതാത്തവരുടെ അഭയമാണ് അതെന്നും എല്ലാവര്ക്കും അഭിപ്രായമില്ലെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ പോക്ക് കാണുമ്പോള്‍ ഇത് തിരുത്തേണ്ടിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: