തിരുവനന്തപുരം: മദ്യനയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ വി.എം. സുധീരന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും കീഴടങ്ങി. ചൊവ്വാഴ്ചത്തെ അഞ്ചുമണിക്കൂര്‍ ഏകോപന സമിതി യോഗത്തില്‍ ഏകപക്ഷീയമായ വിമര്‍ശനങ്ങളില്‍ അടിപതറിയ സുധീരന് നിലപാടുകള്‍ മാറ്റേണ്ടിവന്നു. മുഖ്യമന്ത്രിയും വി.ഡി. സതീശനും കെ. മുരളീധരനും എം.എം. ഹസനുമടക്കമുള്ള നേതാക്കള്‍ രൂക്ഷവിമര്‍ശനം നടത്തിയതോടെ യോഗത്തില്‍ സുധീരന് ഒറ്റപ്പെട്ടു.
മദ്യനയത്തില്‍ വരുത്തിയ മാറ്റത്തെ വികാരഭരിതനായാണ് സുധീരന് വിമര്‍ശിച്ചത്. ജനപക്ഷ യാത്രയിലുടനീളം താന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് നയംമാറ്റം തിരിച്ചടിയായി. മുഖ്യമന്ത്രി തന്നെ ചതിക്കുകയായിരുന്നുവെന്നും സുധീരന് പറഞ്ഞുവച്ചു.
എന്നാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സുധീരന്റെ നീക്കങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടിയാകുമെന്ന് വൈസ് പ്രസിഡന്റ് സതീശനും മുരളീധരനും പറഞ്ഞു. കെപിസിസി പ്രസിഡന്റിന് വിമര്‍ശനം ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതപോലുമില്ലെന്ന് സതീശന് തുറന്നടിച്ചു. സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന് പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നും അഭിപ്രായമുയര്‍ന്നു.
തൃശൂരില്‍ താന്‍ നടത്തിയ പ്രസംഗം സുധീരന് യോഗത്തെ ലാപ്ടോപ്പില്‍ കേള്‍പ്പിച്ചു. അപ്പോള്‍ പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവന വായിക്കണമെന്ന ആവശ്യമുയര്‍ന്നു. പ്രസ്താവന വായിച്ചശേഷം അത് സര്‍ക്കാരിനെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് വ്യാഖ്യാനിച്ചു. തന്നെ പൊതു വേദിയില്‍ സുധീരന് അപമാനിച്ചെന്ന് മുരളീധരന് വിമര്‍ശിച്ചു. വി.ഡി. സതീശന് സുധീരന്റെ ഔദാര്യത്തിലാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചതെങ്കില്‍ അത് രാജിവെക്കാന്‍ തയ്യാറാണെന്നുവരെ പ്രഖ്യാപിച്ചു. കൊടിക്കുന്നില്‍ സുരേഷ് മാത്രമാണ് സുധീരനെ അനൂകൂലിച്ചത്. ഒടുവില്‍ സുധീരന്റെ മുഖം രക്ഷിക്കാനുള്ള ധാരണയുടെ ഭാഗമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ അഭിനയിക്കാന്‍ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ചതായും 17ന് നടക്കുന്ന കെപിസിസി നിര്‍വ്വാഹകസമിതിയില്‍ ഇതിന് രൂപരേഖ തയ്യാറാക്കുമെന്നും പറഞ്ഞു സുധീരന് മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ കൂട്ടാക്കിയില്ല. പിന്നീട് യുഡിഎഫ് നിയമസഭാകക്ഷി യോഗത്തിലും സുധീരന് പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: