തൃശൂര്‍: പട്ടിക്കാട് വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി 63 കാരിയേയും സഹോദരപുത്രനായ 14 കാരനേയും മര്‍ദ്ദിച്ച് അവശരാക്കി കെട്ടിയിട്ട് 10 പവന് സ്വര്‍ണ്ണാഭരണങ്ങളും സ്വിഫ്റ്റ് കാറും മോഷണം നടത്തിയ കേസ്സിലെ ഒരു പ്രതികൂടി അറസ്റ്റില്‍. സേലം തിരുവെളിപ്പെട്ടി മാതയ്യന് മകന് സതീഷ്കുമാര്‍(20)നെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ്ബ് ജോബിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ഷാഡോ പോലീസ് സംഘം പൊള്ളാച്ചിയില്‍നിന്നും പിടികൂടിയത്.
എട്ടംഗ കവര്‍ച്ചാസംഘത്തിലെ 2 പേരെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സതീഷ്കുമാറിന്റെ പങ്ക് തെളിഞ്ഞതും അറസ്റ്റ് ചെയ്യാനായതും. രഘുവരന്(24), ശിവകുമാര്‍(24)എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റുചെയ്തിരുന്നു. പട്ടിക്കാട് ദേശീയപാതയ്ക്കരുകില്‍ താമസിക്കുന്ന ഏലിയാമ്മ(63), സഹോദരപുത്രന് ആദി(14)എന്നിവരെ ആക്രമിച്ചാണ് ഇക്കഴിഞ്ഞ ജൂലായ് 23ന് അക്രമിസംഘം സ്വര്‍ണ്ണവും കാറുമായി കടന്നുകളഞ്ഞത്.
രാത്രി 12 മണിയോടെ വീടിന്റെ പിന്‍വശത്തെ വാതില്‍ പൊളിച്ചാണ് പ്രതികള്‍ അകത്തുകയറിയത്. കവര്ച്ചാസംഘാംഗങ്ങളെല്ലാം ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഇവരുടെ പരമാവധി പ്രായം 27 വയസ്സുമാണ്. സംഘത്തിലെ 4 പേര് അഭിഭാഷകരും ഒരാള്‍ കോയമ്പത്തൂരില്‍ എഞ്ചിനീയറും ഒരാള്‍ സോഫ്റ്റ്വെയര് എഞ്ചിനീയറുമാണ്. ഒരാള്‍ എയര്‍ഫോഴ്സ് കാന്റീന് ജോലിക്കാരനാണ്. സതീഷ്കുമാര്‍ സംഘത്തിന്റെ കാറിന്റെ ഡ്രൈവറാണ്. ഡ്രൈവിംഗില്‍ വിദഗ്ദനാണ് സതീഷ്കുമാര്‍. മധുരയ്ക്കടുത്ത് ശിവഗംഗ എന്നതിരുട്ടുഗ്രാമം താവളമാക്കിയാണ് 20 അംഗസംഘം പ്രവര്‍ത്തിക്കുന്നത്. മോഷണത്തിന് പോകുമ്പോള്‍ 8 പേരടങ്ങുന്ന സംഘങ്ങളായാണ് ഇവര്‍ പോകുന്നത്. ഉടുമല്പേട്ടില്വെച്ച് ബസ്സിനെ കാറില്‍ പിന്തുടര്ന്ന് 21 ലക്ഷം കൊള്ളയടിച്ചകേസ്സില് അറസ്റ്റിലായി ജയിലില്‍ ആയിരുന്നു സതീഷ്കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: