ആലപ്പുഴ: വിഭാഗീയതയും തമ്മിലടിയും ശക്തമായതിനെ തുടര്‍ന്ന് കുട്ടനാട് രാമങ്കരിയിലെ ലോക്കല്‍ സമ്മേളനവും പൂര്‍ത്തിയാക്കാനായില്ല. കുട്ടനാട്ടില്‍ ഇതോടെ മൂന്നാമത്തെ ലോക്കല്‍ സമ്മേളനമാണ് നിര്‍ത്തിവയ്ക്കേണ്ടി വന്നത്. നേരത്തെ വിഎസ് പക്ഷത്തിന് ആധിപത്യമുണ്ടായിരുന്ന പുളിങ്കുന്ന്, മുട്ടാര്‍ ലോക്കല്‍ സമ്മേളനങ്ങളാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്.
രാമങ്കരിയില്‍ പിണറായി പക്ഷത്തിനായിരുന്നു ആധിപത്യം. ഇത്തവണ കമ്മറ്റിയില്‍ എങ്ങനെയും ആധിപത്യം നേടണമെന്ന വിഎസ് പക്ഷത്തിന്റെ നിലപാട് മൂലമാണ് സമ്മേളനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. ഔദ്യോഗിക പക്ഷത്ത് തന്നെയുള്ള ഭിന്നത മൂലം നേരത്തെ രണ്ടുതവണ ഇവിടെ സമ്മേളനം മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. തമ്മിലടി രൂക്ഷമായ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ ഒരുതരത്തിലും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച രാത്രി പത്തരയോടെ സമ്മേളന നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിരീക്ഷകരായി എത്തിയ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ നിര്‍ദേശിച്ചത്.
നേതാക്കള്‍ക്കെതിരെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍, ലോക്കല്‍ കമ്മറ്റി ഓഫീസിനായി ഫണ്ട് ശേഖരിച്ചതിലെ ക്രമക്കേട്, നിലം നികത്തലുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ അവിശുദ്ധ ഇടപെടലുകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തി. ഇരുപക്ഷവും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു.
ലോക്കല്‍ കമ്മറ്റിയിലേക്ക് വിഎസ്-പിണറായി പക്ഷങ്ങള്‍ തങ്ങളുടെ വിഭാഗക്കാരെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധം ചെലുത്തിയതോടെ മത്സരം നടത്തുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നു. ഇതോടെയാണ് സമ്മേളനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമുണ്ടായത്. കുട്ടനാട് ഏരിയ കമ്മറ്റിയില്‍ നിലവില്‍ വിഎസ് പക്ഷത്തിന് തന്നെയാണ് നേരിയ മുന്‍തൂക്കമെങ്കിലും ലോക്കല്‍ സമ്മേളനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതും പൂര്‍ത്തിയായവയില്‍ കടുത്ത വിഭാഗീയത നിലനില്ക്കുന്നതും ഏരിയ സമ്മേളനത്തിലും നിഴലിക്കാനിടയുണ്ട്. നിലവിലെ ഏരിയ സെക്രട്ടറി മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാല്‍ ഇത്തവണ സ്ഥാനമൊഴിയും. ഇതോടെ സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയും വിഎസ് പക്ഷത്ത് തന്നെ കടുത്ത ഭിന്നതയ്ക്കിടയുണ്ട്. ഈ സാഹചര്യങ്ങള്‍ ഔദ്യോഗിക പക്ഷം മുതലെടുക്കാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: