തൃക്കൊടിത്താനം: കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പ്രതിയെ രക്ഷിക്കാന്‍ പോലീസുകാരന് കൈക്കൂലി വാങ്ങിയത് വിവാദത്തില്‍. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനാണ് പ്രതി കുമാറില്‍ നിന്നും 1,500 രൂപ വാങ്ങിയത്. അടിപിടിക്കേസില്‍ ചങ്ങനാശേരി കോടതി കുമാറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിവാദ പോലീസുകാരന് കുമാറിനെ സമീപിച്ചു. അറസ്റ്റ് ചെയ്യാതിരിക്കണമെങ്കില്‍ 1,500 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് 1,500 രൂപ പോലീസുകാരന് നല്കി.
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തൃക്കൊടിത്താനം സ്റ്റേഷനിലെ ഒരു സംഘം പോലീസുകാരെത്തി കുമാറിനെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് കൈക്കൂലി ഇടപാട് വെളിച്ചത്തായത്. പോലീസ് സ്റ്റേഷനിലെത്തിച്ചയുടനെ വിവാദ പോലീസുകാരന് കൈമടക്ക് വാങ്ങിയ കാര്യം പ്രതി വിളിച്ചുപറഞ്ഞു. സംഭവം ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ അന്വേഷിച്ച് വരികയാണ്. ഒരു വിഭാഗം പോലീസുകാരിടപെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: