കൊച്ചി: ഹൈദരാബാദില്‍ നടന്ന ജാലവിദ്യാ മത്സരത്തില്‍ പ്രശസ്ത മജീഷ്യന്‍ മയന് വൈദര് ഷാ അന്താരാഷ്ട്രപ്രസിദ്ധമായ ഇന്റര്‍നാഷണല്‍ മെര്ലിന് മെഡലിന് അര്‍ഹനായി. ഈ മെഡല്‍ നേടുന്ന ആദ്യ വ്യക്തിയാണ് മയന് വൈദര് ഷാ. ഇന്ത്യയില്‍ ആദ്യമായാണ് മെര്ലിന് മെഡലിന് വേണ്ടിയുള്ള മത്സരം നടത്തുന്നത്.
ലോകമെമ്പാടുമുള്ള മജീഷ്യന്മാരുടെ ഉയര്‍ച്ചക്കും മാജിക് കലയുടെ വികസനത്തിനും വേണ്ടി ന്യൂയോര്‍ക്ക് കേന്ദ്രമായുള്ള ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി (ഐഎംഎസ്) മാജിക് മത്സരവിജയികള്‍ക്ക് നല്‍കിവരുന്ന മെര്ലിന് മെഡല്‍ പുരസ്കാരം സിനിമാരംഗത്തെ ഓസ്കര് അവാര്‍ഡിന് തുല്യമാണ്.
ക്ലോസ്-അപ്പ് വിഭാഗത്തില്‍ കേരളത്തിന്റെ തനതായ ജാലവിദ്യാരൂപമായ ‘ചെപ്പും പന്തും’ അവതരിപ്പിച്ചാണ് മയന് വൈദര് ഷാ ലോകജേതാവാകുന്നത്.
35 വര്‍ഷമായി ജാലവിദ്യാരംഗത്ത് സജീവമായിട്ടുള്ള മയന് വൈദര് ഷാ മലയാളി മജീഷ്യന്‍സ് അസോസിയേഷന്റെ പ്രസിഡന്റും മാജിക് സൈാസൈറ്റിയുടെ സെക്രട്ടറിയും കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനയായ ഹാപ്പിഹോമിന്റെ സ്ഥാപക സെക്രട്ടറിയും മികച്ച സംഘാടകനുമാണ്.
തുടര്‍ച്ചയായി മൂന്നുതവണ ജാലവിദ്യയില്‍ ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: