തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ തീയതി പ്രഖ്യാപിച്ചു. 2015 ജനുവരി 31 മുതല്‍ ഫെബ്രവരി 14 വരെ 15 ദിവസങ്ങളിലായാണ് ഗെയിംസ് നടക്കുക. പ്രഖ്യാപന ചടങ്ങ് നിയമസഭാമന്ദിരത്തിന്റെ മെമ്പേഴ്സ് ലോഞ്ചില്‍ വര്‍ണാഭമായ ചടങ്ങോടെ നടന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് എന്‍. രാമചന്ദ്രന് ഗെയിംസിന്റെ തീയതി ഔദ്യോഗികമായി അറിയിച്ചു. കേന്ദ്ര കായിക മന്ത്രി സര്‍വ്വാനന്ദ സോനോവാള്‍ തീയതിയുടെ ദേശീയ സ്വീകാര്യതാ പ്രഖ്യാപനം നടത്തി, ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ ക്ലോക്ക് ഉദ്ഘാടനം ചെയ്തു.
സ്പീക്കര്‍ ജി. കാര്ത്തികേയന് അധ്യക്ഷത വഹിച്ചു. 5000 പേര്‍ക്ക് ഒരുമിച്ച് താമസിക്കുവാന്‍ കഴിയുന്ന ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് സോഷ്യല്‍മീഡിയ ക്യാമ്പെയിന് ഉദ്ഘാടനം ചെയ്തു.
ഗെയിംസ് ഭാഗ്യമുദ്ര ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പ്രകാശനം ചെയ്തു. മന്ത്രിമാരായ കെ.എം. മാണി, മഞ്ഞളാംകുഴി അലി, കെ.പി. മോഹനന്, അനൂപ് ജേക്കബ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്, ബിജെപി നേതാവ് ഒ. രാജഗോപാല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്വാഗതവും ഗെയിംസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എ. ഹംസ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: