തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായ ചേരിപ്പോര് കൂടുതല്‍ രൂക്ഷമായി. ചേരിപ്പോര് പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ലക്ഷ്യം കാണുന്നില്ല. തര്‍ക്കപരിഹാരത്തിനായി സര്‍ക്കാര്‍ നിയോഗിച്ച മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായ കെ.എം.ചന്ദ്രശേഖറിന്റെ മധ്യസ്ഥത വേണ്ടെന്ന് ഐഎഎസ് അസോസിയേഷന് അറിയിച്ചു. വിഷയത്തില്‍ ഇടപെടാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ നിയമസഭയിലാണ് പറഞ്ഞത്.
ആരുടെയും മധ്യസ്ഥത സ്വീകരിക്കേണ്ടെന്നൂം മുഖ്യമന്ത്രിയുമായി നേരിട്ടു സംസാരിക്കണമെന്നും അസോസിയേഷന് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. പരാതി ചോര്‍ന്നത് സംബന്ധിച്ച് രാജു നാരായണസ്വാമിക്കെതിരേ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലന്ന് അസോസിയേഷന് വ്യക്തമാക്കി. ഐ.എ.എസ് അസോസിയേഷന് പരാതി നല്കാന് രാജുനാരായണസ്വാമിക്ക് അവകാശമുണ്ട്. ഇ.കെ.ഭരത്ഭൂഷനെതിരായ ആരോപണങ്ങള്‍ അസോസിയേഷന് പരിശോധിക്കും. ചീഫ് സെക്രട്ടറിക്കെതിരേ എട്ടുപരാതികളാണ് ഇതുവരെ അസോസിയേഷന് ലഭിച്ചത്.
ഈ പരാതികളില്‍ പലതും സര്‍വീസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ഗൗരവമുള്ള വസ്തുതകളാണ്. ഈ സാഹചര്യത്തില്‍ പരാതികള്‍ പരിശോധിക്കേണ്ടത് മധ്യസ്ഥനല്ല, മുഖ്യമന്ത്രി നേരിട്ടിടപെട്ട് പ്രശ്നം പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്നും അസോസിയേഷന് അറിയിച്ചു. എന്നാല്‍ ഐഎഎസ് അസോസിയേഷനിലെ ഒരുവിഭാഗമാണ് മധ്യസ്ഥ ചര്‍ച്ച അംഗീകരിക്കില്ലെന്ന് അറിയിച്ചിരിക്കുന്നതെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഔദ്യോഗികമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് ഭാരവാഹികളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ അസോസിയേഷന് വീണ്ടും യോഗം ചേര്‍ന്നായിരിക്കും അന്തിമതീരുമാനമെടുക്കുക. ഇതിനുശേഷം സര്‍ക്കാരിനെ നിലപാട് അറിയിക്കും. അതിനിടെ, അസോസിയേഷന്റെ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി ടി.എന്‍.പ്രതാപന് എം.എല്‍.എ രംഗത്തെത്തി.
ഇതിനിടെ തര്‍ക്കത്തില്‍ തന്റെ ഭാഗം വിശദീകരിച്ചു ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് രംഗത്തു വന്നു. ടോം ജോസ്, രാജു നാരായണ സ്വാമി എന്നിവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥരുടെയും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തനിക്ക് സമര്‍പ്പിച്ചിട്ടില്ല. മകള്‍ വിദേശത്ത് പഠിക്കുന്നത് മെറിറ്റ് സ്കോളര്‍ഷിപ്പിലാണ്. നോയിഡയില്‍ ഫ്ലാറ്റ് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും വാങ്ങിയില്ല. അടിസ്ഥാന രഹിതവും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ നല്കി ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: