ബെലോ ഹോറിസോന്റെ: ആദ്യ മത്സരത്തില്‍ ബോസ്നിയ ആന്റ് ഹെര്‍സഗോവിനയോട് കഷ്ടിച്ച് വിജയിച്ച മെസ്സിപ്പട ഇന്ന് രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്നു. ഏഷ്യന്‍ പ്രതിനിധികളായ ഇറാനുമായാണ് ഗ്രൂപ്പ് എഫില്‍ അര്‍ജന്റീനയുടെ മത്സരം. രാത്രി 9.30നാണ് കളിയുടെ കിക്കോഫ്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കുക എന്നതാണ് അര്‍ജന്റീനയുടെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ നൈജീരിയയോട് സമനില പാലിച്ച ഇറാന് അര്‍ജന്റീനക്ക് വലിയ വെല്ലുവിളിയൊന്നുമുയര്ത്താന് സാധ്യതയില്ല.
ആദ്യ മത്സരശേഷം ടീം നായകനായ മെസ്സി തന്നെ കോച്ചിനെതിരെ രംഗത്തുവന്നിരുന്നു. രണ്ട് സ്ട്രൈക്കര്‍മാരെ മാത്രം ഇറക്കിയതിനെതിരെയായിരുന്നു സബെല്ലോക്കെതിരെ മെസ്സി വിമര്‍ശനം നടത്തിയത്. ബോസ്നിയക്കെതിരെ ടീം പൂര്‍ണ പരാജയമായിരുന്നു എന്നാണ് മെസ്സി പറഞ്ഞത്. ടീം ഒരിക്കലും ഒത്തിണക്കം കാട്ടിയില്ല. അര്‍ജന്റീന പോലുള്ള ഒരു ദേശീയ ടീമിന് ഇതുപേലൊരു പതര്ച്ചയുണ്ടാകാന് പാടില്ല. ഈ രീതിയില്‍ അതിക ദൂരം അര്‍ജന്റീനക്ക് സഞ്ചരിക്കാനാകില്ലെന്നും മെസി പറഞ്ഞു.
ബോസ്നിയക്കെതിരായ ആദ്യ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി അവരുടെ പരമ്പരാഗത ശൈലിയായ 4-3-3 ശൈലിയിലായിരിക്കുംമെസ്സിപ്പട ഇന്ന് കളത്തിലിറങ്ങുക. ബോസ്നിയക്കെതിരെ 5-3-2 എന്ന രീതിയിലാണ് കളത്തിലിറങ്ങിയതെങ്കിലും ഇടവേളക്കുശേഷം 4-3-3 ശൈലിയിലേക്ക് അര്‍ജന്റീന മാറിയിരുന്നു. ഈ ശൈലീമാറ്റത്തോടെയാണ് അര്‍ജന്റീന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയം സ്വന്തമാക്കിയതും. ആദ്യമത്സരത്തില്‍ ഗോളടിച്ച സൂപ്പര്‍താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സി തന്നെയാണ് ഇന്നത്തെ പോരാട്ടത്തിലും ശ്രദ്ധാകേന്ദ്രമാവുക. ആദ്യ മത്സരത്തില്‍ ബോസ്നിയന്‍ പ്രതിരോധം മെസ്സി പൂട്ടിയിടാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം പൊട്ടിച്ചെറിഞ്ഞ് മെസ്സി ഏതാണ്ട് ഒറ്റക്കുതന്നെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ ഗൊണ്‍സാലോ ഹിഗ്വയിന് ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ ഹിഗ്വയിന് ഇറങ്ങിയതോടെയാണ് മെസ്സിക്കും ടീമിനും താളം കണ്ടെത്താനായത്. അതേസമയം മറ്റൊരു സ്ട്രൈക്കറായ സെര്‍ജിയോ അഗ്യൂറോ ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന റോബര്‍ട്ടോ പലാസിയോ ഇന്ന് കളിക്കാനിറങ്ങിയേക്കും.
ഡി മരിയയും മാക്സി റോഡ്രിഗസും ജാവിയര്‍ മസ്ക്കരാനോയും ഉള്‍പ്പെട്ട മധ്യനിരയാണ് അര്‍ജന്റീനയുടെ കരുത്ത്. അതുകൊണ്ടുതന്നെ കളി മെനയുന്ന കാര്യത്തില്‍ അര്‍ജന്റീനക്ക് പേടിക്കേണ്ടതില്ല. എന്നാല്‍ വിംഗുകളില്‍ക്കൂടിയുള്ള ആക്രമണത്തിലും സെറ്റ് പീസുകള്‍ മുതലാക്കുന്നതിലും അര്‍ജന്റീന അല്പം പിന്നിലാണ്. പ്രതിരോധത്തിലും പലപ്പോഴും അര്‍ജന്റീനക്ക് പിഴക്കാറുണ്ട്. എന്നാല്‍ ബോസ്നിയക്കെതിരായ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടമാണ് പ്രതിരോധനിര താരങ്ങളായ പാബ്ലോ സബലേറ്റ, എസേക്വില്‍ ഗരായ്, ഫെഡ്രികോ ഫെര്‍ണാണ്ടസ്, മാര്‍ക്കോ റോജോ എന്നിവര്‍ നടത്തിയത്. ഇന്നും ഇവര്‍ക്ക് തന്നെയായിരിക്കും പ്രതിരോധ മതില്ക്കെട്ടേണ്ട ചുമതല. മധ്യനിരയും പ്രതിരോധനിരയും ഒത്തൊരുമ കാണിച്ചാല്‍ എതിര് വല കുലുക്കാന്‍ മെസ്സിയും ഹിഗ്വയിനും അഗ്യൂറോയും ഉള്‍പ്പെടുന്ന മുന്നേറ്റ നിരക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല. ഗോള്‍വല കാക്കാന്‍ സെര്‍ജിയോ റോമേറോയും ഇറങ്ങും.
അതേസമയം മെസ്സിപ്പടയെ തടഞ്ഞുനിര്‍ത്താന്‍ അരയും തലയും മുറുക്കിയായിരിക്കും ഇറാന് ഇന്ന് കളത്തിലിറങ്ങുക. നൈജീരിയക്കെതിരെ ഇറാന് പ്രതിരോധം മികച്ച പ്രകടനമാണ് നടത്തിയത്. ആ ത്മവിശ്വാസമാണ് അവരുടെ കൈമുതല്‍. എന്തായാലും ആദ്യമത്സരത്തിലെ നാണം കെട്ട ജയത്തിന്റെ കയ്പ്നീര് മാറ്റാനായി ഒത്തൊരുമയോടെ മെസ്സിപ്പട ഇറങ്ങിയാല്‍ മത്സരം ഏകപക്ഷീയമായി മാറിയാലും അത്ഭുതമൊന്നുമില്ല.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആദ്യ വിജയം നേടി നൈജീരിയയും ബോസ്നിയയും ഇന്ന് ഇറങ്ങും. ക്യുയൈബയില് പുലര്‍ച്ചെ 3.3നാണ് മത്സരം. ഇരുടീമുകള്‍ക്കും നോക്കൗട്ട് സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായതിനാല്‍ പോരാട്ടം ആവേശകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: