എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കൈവഴികളായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഒഴുകിയൊഴുകി അവരെല്ലാം ഒടുവിലെത്തുന്നത് മഹാസമുദ്രത്തില്‍. രാഷ്ട്രീയപാര്ട്ടികളാകുന്ന കൈവഴികളെല്ലാം ഒഴുകിയെത്തുന്ന മഹാസുമുദ്രം ഭാരതീയ ജനതാപാര്‍ട്ടിയാണ്. കണ്ടെത്തല്‍ ഏതെങ്കിലും ബിജെപി നേതാവിന്റെതല്ല. സിപിഎമ്മിലെ പുരുഷന് കടലുണ്ടിയുടേതാണ്. നിയമസഭയില്‍ പ്രസംഗിക്കുമ്പോള്‍ അല്പം സാഹിത്യ വിജ്ഞാനം വിളമ്പിയില്ലെങ്കില്‍ അത് മോശമാകുമെന്നു കരുതുന്നവരാണ് കൂടുതല്‍ നിയമസഭാംഗങ്ങളും. വര്ക്കലകഹാറിനെയും സാജുപോളിനെയും പോലെയുള്ളവര്‍ രണ്ടുവരിക്കവിതയെങ്കിലും പറയാതെ പ്രസംഗിക്കാറില്ല. എന്നാല്‍ അതെല്ലാം സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭത്തിനും ചേര്‍ന്നതാകും. എന്നാല്‍ പുരുഷന് കടലുണ്ടി സാഹിത്യം പറഞ്ഞ് പുലിവാലുപിടിക്കുകയാണ് ചെയ്തത്.
കടലുണ്ടിയുടെ പ്രസംഗം കത്തിക്കയറിയപ്പോള്‍ മുസ്ലീം ലീഗിലെ അബ്ദുള്‍റഹ്മാന്‍ രണ്ടത്താണിക്ക് സംശയം. ഇടതുമുന്നണിയുടെ എംഎല്‍എയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ഇപ്പോള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നതായിരുന്നു അത്. ഉടനെ വന്നു, സാഹിത്യ തല്പരനായ കടലുണ്ടിയുടെ മറുപടി. പലകൈവഴികളായി ഒഴുകി നടക്കുന്നവരെല്ലാം കടലില്‍ ചെന്ന് ചേരുമെന്ന്. രണ്ടത്താണി മറുചോദ്യവുമായി എഴുന്നേറ്റപ്പോഴാണ് പുരുഷന് കടലുണ്ടി ശരിക്കും പുലിവാലുപിടിച്ചത്. ബിജെപി എല്ലാത്തിനെയും ആവാഹിക്കാന്‍ കെല്പുള്ള മഹാസമുദ്രമാണെന്ന അഭിപ്രായം അങ്ങേയ്ക്കുണ്ടോ എന്നായിരുന്നു രണ്ടത്താണിയുടെ രണ്ടാമത്തെ ചോദ്യം. മറുപടി പറഞ്ഞ് കടലുണ്ടി വീണ്ടും കുരുക്കിലായി. “കടലിനടിയില്‍ മുത്തുകളാണുള്ളത്. മുത്തെടുക്കാനാണ് എല്ലാവര്ക്കും താല്പര്യം.”
ബിജെപിയാകുന്ന മഹാസമുദ്രത്തിലെ വിലപ്പെട്ട മുത്തുകള്‍ ശേഖരിക്കാന്‍ അതിലേക്കിറങ്ങുന്നവരെ കുറിച്ച് വാചാലനായ കടലുണ്ടിയുടെ സംസാരം ഇടതുപക്ഷ ബഞ്ചിന് അത്ര രസിച്ചില്ലെങ്കിലും കടലുണ്ടിയ്ക്കത്ര വിവരമേയുള്ളു എന്ന് അവരങ്ങ് സമാധാനിക്കുകയും മിണ്ടാതിരിക്കുകയുമായിരുന്നു.
സംസാരിക്കുന്നവര്ക്കൊന്നും ബിജെപിയെയോ നരേന്ദ്രമോദിയെയോ കുറിച്ച് ഒന്നും പറയാതിരിക്കാനാകില്ലെന്ന അവസ്ഥയിലാണ് കഴിഞ്ഞ ഒന്‍പതു ദിവസങ്ങളായി നടക്കുന്ന സഭാസമ്മേളനത്തിന്റെ പ്രത്യേകത. ഏതു വിഷയത്തെ കുറിച്ച് സംസാരിച്ചാലും അതൊടുവില്‍ നരേന്ദ്രമോദിയിലെത്തുന്നു. തൊഴില്‍ പ്രവാസി വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ച നടന്ന ഇന്നലെയും അതായിരുന്നു അവസ്ഥ.
അടുത്തിടെ പ്രതിപക്ഷ നിരയില്‍ നിന്ന് കൂറുമാറി ഭരണക്കാരിലേക്കെത്തിയ കോവൂര്‍ കുഞ്ഞുമോന് തൊഴില്‍ വകുപ്പിന്റെ ധനാഭ്യര്‍ത്ഥനകളെ പിന്തുണച്ചെങ്കിലും വകുപ്പിനെ വിമര്‍ശിച്ചാണ് സംസാരിച്ചതു മുഴുവന്‍. കര്‍ഷക ക്ഷേമനിധിയും തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായവും എല്ലാം കുടിശ്ശികയാക്കിയത് കുഞ്ഞുമോനത്ര സുഖകരമായി തോന്നിയില്ല. മന്ത്രിയും വകുപ്പുമെല്ലാം നല്ലതാണെങ്കിലും വകുപ്പിലൊന്നും നടക്കുന്നില്ലെന്ന് സമര്‍ത്ഥിക്കാനായിരുന്നു വ്യഗ്രതമുഴുവന്. കശുവണ്ടി തൊഴിലാളികളും തോട്ടം തൊഴിലാളികളുമെല്ലാം അസംതൃപ്തരാണ്. ഇഎസ്ഐ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല, നല്ല മരുന്നില്ല. എങ്കിലും ധനാഭ്യര്‍ത്ഥനകള്‍ പാസ്സാക്കണമെന്നാണ് കുഞ്ഞുമോന്റെ ആവശ്യം.
ബിജെപി കേരളത്തില്‍ പടര്‍ന്നു പന്തലിക്കാന്‍ പോകുന്നതിലുള്ള ആശങ്ക ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു പലരെയും പോലെയോ അതിലൊരു മടങ്ങ് കൂടുതലായോ കുഞ്ഞുമോനുമുണ്ട്. ബിജെപി കേരളത്തില്‍ സമീപഭാവിയില്‍ തന്നെ ആധിപത്യം സ്ഥാപിക്കും. അങ്ങനെ വന്നാല്‍ നമ്മളെല്ലാം എവിടെ പോകും. അതിന് ഒരേയൊരു വഴിയേ ഉള്ളൂ. നമുക്കിരുവര്‍ക്കും ഒന്നിക്കാം. യുഡിഎഫും ഇടതുമുന്നണിയും ഒന്നാകണം.
എല്ലാം ഒഴുകി കടലിലെത്തുമെന്ന പുരുഷന് കടലുണ്ടിയുടെ കണ്ടെത്തല്‍ ഓര്‍ത്തിട്ടാകും കുഞ്ഞുമോന് വളരെയധികം ആവേശത്തോടെ പ്രസംഗിച്ചിട്ടും അതിനെ പിന്തുണയ്ക്കാന്‍ ഇരുപക്ഷത്തും അധികമാരുമുണ്ടായില്ല. കുഞ്ഞുമോന് ഉള്‍പ്പടെ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള അംഗങ്ങളെല്ലാം ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് നരേന്ദ്രമോദിയെന്നും ബിജെപിയെന്നുമൊക്കെ അലറിപ്പറയുകയാണെന്നാണ് പിന്നാമ്പുറ സംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: