കോട്ടയം: കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന പുതിയ റേഷന്‍കാര്‍ഡ് കൈകളിലെത്താന്‍ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണം. പുതിയ റേഷന്‍ കാര്‍ഡില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയാണ് കാര്‍ഡ് ഉടമയാകുകയെന്ന പ്രത്യേകതയുമുണ്ടാകും. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണിത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുരുഷന്മാര് റേഷന്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഗൃഹനാഥകള്‍ക്ക് റേഷന്‍ കാര്‍ഡ് നല്കാന് തീരുമാനിച്ചത്. പ്രായപൂര്‍ത്തിയായായ സ്ത്രീകള്‍ ഇല്ലെങ്കില്‍ അതേ വീട്ടിലെ പുരുഷന് താല്‍ക്കാലികമായി കാര്‍ഡ് ഉടമയാകും. സ്ത്രീ പ്രായപൂര്‍ത്തിയാകുന്നതോടെ അവര്‍ കാര്‍ഡ് ഉടമയായി മാറും.
അന്ത്യോദയ അന്നയോജന, ബി.പി.എല്‍, എ.പി.എല്‍ വിഭാഗങ്ങളെ ജനറല്‍, പ്രത്യേക പരിഗണനാവിഭാഗം എന്നിങ്ങനെ രണ്ടായി തിരിക്കാനാണ് ഭക്ഷ്യ സുരക്ഷാനിയമത്തിലുള്ളത്.പുതിയ റേഷന്‍ കാര്‍ഡ് നല്കാന് കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഒച്ചിന്റെ വേഗതയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജൂലൈ അഞ്ചിന് മുന്‍പ് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം വിവരങ്ങള്‍ തയ്യാറാക്കണമെന്നാണ് നിര്‍ദേശം. ഇത് പ്രായോഗികമല്ലെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിനോട് കേരളം കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യമെങ്കിലും കാര്‍ഡുകള്‍ ലഭിക്കണമെങ്കില്‍ ദൈവം കാടാക്ഷിക്കണം. മാത്രമല്ല കാര്‍ഡുടമയുടെ സാമ്പത്തിക വിവരങ്ങള്‍ റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തുന്നതിന് മാറിമാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ നീതി പുലര്‍ത്തിയിരുന്നില്ല. ഏക്കറുകണക്കിന് വസ്തുക്കളുള്ള വ്യക്തികളുടെ മാസവരുമാനം ആയിരം രൂപയില്‍ താഴെയാണ് രേഖപ്പെടുത്തി വരുന്നത്.
ഇത്തരം റേഷന്‍ കാര്‍ഡുകള്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ആനുകൂല്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പറ്റില്ല. പ്രത്യേക പരിഗണനാ വിഭാഗത്തിന് മാത്രം റേഷന്‍ ആനുകൂല്യങ്ങള്‍ നല്കിയാല് മതിയെന്നാണ് ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരം കടമ്പകള്‍ എങ്ങിനെ കടക്കും എന്നതാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് തടസമാകുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് 80 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളത്. പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോള്‍ എണ്ണം കുറയും. 2013 -ല്‍ റേഷന്‍ കാര്‍ഡിന്റെ കാലാവധി അവസാനിച്ചിരുന്നു. പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സ്ഥിതിയില്‍ ഇപ്പോള്‍ റേഷന്‍ ഉള്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും തടസം നേരിടുകയാണ്.
ഇതിനിടെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് പത്തുമാസത്തെ സാവകാശം ചോദിച്ചിരിക്കുകയാണെന്ന് മന്ത്രി അനൂപ് ജേക്കബ് ‘ജന്മഭൂമി’യോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. അടുത്ത മെയ് മാസം വരെയാണ് സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: