പത്തനംതിട്ട: ആറന്മുളയില് നികത്തിയ തോടും ചാലും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രി രാജിവയ്ക്കണമെന്നും ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട എല്ലാ റവന്യൂ ഉദ്യോഗസ്ഥരെയും പൂര്‍വ്വസ്ഥാനങ്ങളില്‍ നിയമിക്കണമെന്നും ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പാടത്തും തോട്ടിലും ചാലിലും ഇട്ട മണ്ണ് എടുത്തുമാറ്റണമെന്നും 18 ലക്ഷം രൂപ പിഴ അടക്കണമെന്നും വിമാനത്താവള കമ്പനിയോട് ആവശ്യപ്പെടുകയും നിയമനടപടികള്‍ സ്വീകരിക്കുകയും, 232 ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ തുടങ്ങിയവരെ റവന്യൂമന്ത്രി സ്ഥലം മാറ്റിയത്.
കമ്പനിക്കെതിരെ നിലപാട് സ്വീകരിച്ച ഒരു റവന്യു ഉദ്യോഗസ്ഥനെയും സര്‍വ്വീസില്‍ തുടരാന്‍ മന്ത്രി അനുവദിച്ചില്ല. മിച്ചഭൂമിയായി പ്രഖ്യാപിച്ചതിന്റെ പേരില്‍ കരുനാഗപള്ളിക്കാരനായ എഡിഎമ്മിനെ സ്ഥലം മാറ്റിയത് വയനാട്ടിലേക്കാണ്.
കമ്പനിയും സര്‍ക്കാരും ഒത്തുചേര്‍ന്ന് നടത്തിയ എല്ലാ കള്ളക്കളികളും ഓരോന്നായി ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
മണ്ണിട്ടുനികത്തിയ പുഴയും ചാലും ഓഹരിയാക്കി മാറ്റി കമ്പനിയില്‍ 10 ശതമാനം പങ്കാളിത്തം ഉറപ്പുവരുത്തിയ സര്‍ക്കാരിന് ഇപ്പോഴത്തെ കോടതിവിധിയെക്കുറിച്ച് എന്താണ് പറയാനുള്ളത്. കോഴിത്തോടും കരുമാരം ചാലും മണ്ണിട്ടു നികത്തിയതുകൊണ്ട് മാത്രമാണ് ആറന്മുള പാടശേഖരങ്ങളില്‍ കൃഷി നടത്താന്‍ കഴിയാതെ പോയത്.
കര്‍ഷകര്‍ക്ക് നാളിതുവരെ ഉണ്ടായ നഷ്ടത്തിന് പരിഹാരത്തുക നല്കാന് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മണ്ണ് നീക്കം ചെയ്ത് പാടശേഖരം കൃഷിയോഗ്യമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: