കോട്ടയം: ഒരു ഒറ്റമുറി വീടെങ്കിലും ലഭിക്കണമെന്ന സ്വപ്നവുമായി മുഖ്യമന്ത്രി അടക്കമുള്ളവരുടെ പടിചവിട്ടിയിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന മുന്‍ പഞ്ചായത്തംഗത്തിനും ഭര്‍ത്താവിനും അവഗണന തന്നെ. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് വൃദ്ധദമ്പതികള്‍ ടാര്‍പോളിനു കീഴില്‍ കഴിയുന്നത്.
പുതുപ്പള്ളി മണ്ഡലത്തിലെ അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ മറ്റക്കര മങ്കോട്ടുവീട്ടില് അന്നമ്മയും ഭര്‍ത്താവ് രാജുവുമാണ് അധികൃതരുടെ കനിവുകാത്ത് കഴിയുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കൊട്ടിഘോഷിച്ച് ജനസമ്പര്‍ക്ക പരിപാടികളും, അതിവേഗം ബഹുദൂരം പദ്ധതികളും അരങ്ങേറിയപ്പോഴും ഈ വൃദ്ധ ദമ്പതികള്‍ക്ക് ആശ്വാസം ലഭിച്ചില്ല.
ഇതിനിടയില്‍ ഇന്ന് പുതുപ്പള്ളി മണ്ഡലത്തിന്റെ സമ്പൂര്‍ണ്ണ വികസനമെന്ന ലക്ഷ്യത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുമായി വികസന സെമിനാര്‍ മണര്‍കാട് സെന്റ്മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ അരങ്ങേറുകയാണ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന അന്നമ്മ 1964 മുതല്‍ 12 വര്‍ഷം അകലക്കുന്നം പഞ്ചായത്തിലെ നോമിനേറ്റഡ് മെമ്പറായിരുന്നു. മറ്റക്കര ദാമോദരന്‍ നായര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ഇത്. ജനസേവനത്തിനൊപ്പം ആതുരസേവനരംഗത്ത് നേഴ്സായും എഴുപതുകാരിയായ അന്നമ്മ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വാര്‍ദ്ധക്യസഹജമായ നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് തിമിരം മൂലം കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഭര്‍ത്താവ് രാജു കൂലിപ്പണിയെടുത്താണ് അന്നന്നത്തെ വക കണ്ടെത്തുന്നത്. പക്ഷേ രാജു ജോലി ചെയ്ത് കൊണ്ടുവരുന്ന പണം തന്റെ ചികിത്സയ്ക്കു പോലും തികയുന്നില്ലെന്ന് അന്നമ്മ പറയുന്നു.
മക്കളില്ലാത്ത ദമ്പതികള്‍ക്ക് മറ്റൊരാശ്രയവുമില്ല. അഞ്ചുസെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ഇവര്‍ ഒരു വീടു പണിയാനുള്ള ശ്രമങ്ങളാരംഭിച്ചിട്ട് കാലങ്ങളേറെയായി. വീടു പണിയാനുള്ള ധനസഹായത്തിനായി പഞ്ചായത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ അടുക്കലും അപേക്ഷയുമായി സമീപിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. മുഖ്യമന്ത്രിയുടെ സഹായത്തിനായി പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് അപേക്ഷ നല്‍കിയത്. പക്ഷേ വീണ്ടും ഒരു മണ്‍സൂണ്‍ കാലം കൂടി എത്തിയിട്ടും ടാര്‍പോളിനു കീഴില്‍ കഴിയുന്ന അന്നമ്മയുടെയും കുടുംബത്തിന്റെയും ദുരിതം കാണാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയിട്ടില്ല. എങ്കിലും സ്വന്തം നിയോജകമണ്ഡലത്തിലെ വോട്ടറായ തന്നോട് മുഖ്യമന്ത്രി കരുണ കാട്ടുമെന്ന പ്രതീക്ഷയിലാണ് അന്നമ്മയും രാജുവും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: