ഇന്ന് ഹിന്ദു സാമ്രാജ്യദിനം
തന്നില്‍ത്തന്നെയുള്ള വിശ്വാസം, വിചാരങ്ങളില്‍ വിശ്വാസം, സഹപ്രവര്‍ത്തകരിലുള്ള വിശ്വാസം, താഴെ മുതല്‍ ഉയര്‍ന്ന ഉദ്യോഗങ്ങളിലുള്ള ഓരോ വ്യക്തിയിലുമുള്ള വിശ്വാസം. സമചിത്തത, നയതന്ത്രജ്ഞത, ശത്രുക്കള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയാത്ത ചടുലമായ മുന്നേറ്റങ്ങള്‍, ദീര്‍ഘദര്‍ശിത്വമുള്ള ഭരണപരിഷ്കാരങ്ങള്‍, ഭാഷയിലും സംസ്കാരത്തിലും ഹിന്ദുധര്മ്മത്തിലുമുള്ള വിശ്വാസം, സന്യാസിമാരോടും ഗുരുവിനോടുമുള്ള ആദരവും നിഷ്ഠയുമെല്ലാം ഒത്തിണങ്ങിയ സമഗ്ര വ്യക്തിത്വമായിരുന്നു ഹിന്ദുസാമ്രാജ്യസ്ഥാപകനായ ഛത്രപതി ശിവജിയുടേത്.
ഹിന്ദുമഹാസമുദ്രം മുതല്‍ ഹിന്ദുക്കുഷ് പര്‍വ്വതനിരകള്‍ വരെയും കച്ചിലെ രണ് (കച്ചിലെ ചതുപ്പുനിലങ്ങള്‍) മുതല്‍ കൊടുംകാടായ മ്യാന്മര് അതിര്‍ത്തിവരെയും വിസ്തൃതമായിരുന്നു ശിവജിയുടെ ഹിന്ദുസാമ്രാജ്യം.
മുപ്പത്താറുവര്‍ഷം നീണ്ട പൊതുജീവിതത്തിനിടയില്‍ യുദ്ധയാത്രകളിലും സംഘര്‍ഷങ്ങളിലുമായി ആറരവര്‍ഷക്കാലം മാത്രമാണ് ചെലവഴിച്ചത്. ബാക്കിയുണ്ടായിരുന്ന 30 വര്‍ഷക്കാലം ഹിന്ദുസാമ്രാജ്യത്തിന്റെ (സ്വരാജ്) ഭരണസംവിധാനം കെട്ടിപ്പടുക്കുന്നതിനാണ് ശിവജി ചെലവഴിച്ചത്.
ശിവജി തുടക്കത്തില്‍ ജനങ്ങള്‍ക്കിടയില്‍ സ്വരാജ് എന്ന സങ്കല്‍പ്പം മുന്നോട്ടുവെച്ചു. സ്വരാജിനായി ജീവിക്കാനും ജയം നേടാനുമുള്ള ആഗ്രഹം സഹപ്രവര്‍ത്തകരിലും സമൂഹത്തിലും വളര്‍ത്തിയെടുത്തു. ദൂരെയുള്ള മാവല്‍ പ്രദേശത്ത് ജീവിച്ചിരുന്ന മാവലുകള്ക്കും സമുദ്രതീരത്ത് ജീവിച്ചിരുന്ന കോലികള്‍ക്കും ഭണ്ഡാരികള്ക്കും സ്വരാജിന്റെ അര്‍ത്ഥം മനസിലാക്കിക്കൊടുത്തു. ഗുരുരാമദാസ്, സന്ത് തുക്കാറാം, ബാബാ യാകുട് എന്നിവരുള്‍പ്പെടെയുള്ള പതിനൊന്ന് സന്യാസിശ്രേഷ്ഠന്മാരുടെ അനുഗ്രഹവും മാര്‍ഗ്ഗനിര്‍ദ്ദേശവും ‘സ്വരാജ്യ’സങ്കല്പത്തെ സാര്‍ത്ഥകമാക്കി.
ഛത്രപതി ശിവജി ഭരണസംവിധാനത്തില്‍ ഭാഷക്ക് വിശേഷാല്‍ മഹത്വം നല്കി. രാജ്യത്തിന്റെ ഭരണസംവിധാനത്തിനായി 1400 വാക്കുകളടങ്ങിയ നിഘണ്ടു അദ്ദേഹം ഉണ്ടാക്കിച്ചു. തെരഞ്ഞെടുക്കപ്പെട്ട വാക്കുകള്‍ക്ക് രാജ്യവ്യവഹാരകോശം എന്ന് പേരിട്ടു.
രാജ്യാഭിഷേക പരിപാടിയുടെ സംഘാടനത്തിലായാലും വിവിധ സമയങ്ങളില്‍ ഉപയോഗിച്ചിരുന്ന വേഷഭൂഷാദികളുടെയും അലങ്കാരാദികളുടെയും ആഭരണാദികളുടെയും കാര്യത്തിലായാലും ശിവജി ഭാരതത്തിന്റെ സാംസ്കാരികത്തനിമ നിലനിര്‍ത്തിയിരുന്നു. സംസാരത്തില്‍ സ്വഭാവവൈശിഷ്ട്യവും പെരുമാറ്റത്തില്‍ വ്യഭിചാരികളുമായ അധികാരികളെ അദ്ദേഹം ഒരിക്കലും അംഗീകരിച്ചില്ല.
കൃഷി, ഭൂമി സര്‍വേ, ജലസംഭരണം തുടങ്ങിയവക്കുവേണ്ടി ശിവജി വ്യാപകമായ ഏര്പ്പാടുകര് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ പൂനെ നഗരത്തിലെ പര്‍വ്വതങ്ങളുടെ താഴ്വരയില് അംബീല് ഓഢ എന്നു പേരുള്ള അരുവിയില്‍ ശിവാജി നിര്മ്മിച്ചഅണക്കെട്ട് ഇന്നും നിലനില്‍ക്കുന്നുണ്ട്. പൂനെക്കടുത്ത് കോംഡവായിലും കൃഷിക്കും നാല്ക്കാലിവളര്ത്തലിനുംവേണ്ടി അദ്ദേഹം അണകെട്ടിച്ചു.
ആക്രമണങ്ങള്‍ കാരണം തൊഴുത്തോ കാളവണ്ടികളോ പോലുള്ള കാര്‍ഷികോപകരണങ്ങള്‍ക്ക് കേടുപറ്റിയാല്‍ അവയ്ക്ക് പകരം ഉപകരണങ്ങള്‍ തന്നെയാണ് കൊടുത്തിരുന്നത്. കര്‍ഷകര്‍ക്ക് കൃഷിചെയ്യാനുള്ള കഴിവ് നിലനിര്‍ത്തുകയെന്നതായിരുന്നു ഈ നടപടിയുടെ ലക്ഷ്യം. അദ്ദേഹം വിശേഷ ഉത്തരവിലൂടെ ഫലമേകുന്ന വൃക്ഷങ്ങള്‍ നടാന്‍ നിര്‍ദ്ദേശം കൊടുത്തതിനൊപ്പം ഫലങ്ങള്‍ വില്‍ക്കുന്നതിന്റെ 30 ശതമാനം തുക നികുതിയായി പിരിക്കുകയും ചെയ്തു.
വ്യാപാരികളും ചെറുതും വലുതുമായ മുതലാളിമാരും ഹിന്ദുസാമ്രാജ്യത്തിന് അലങ്കാരങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ചെറുതും വലുതുമായ തുറമുഖങ്ങളിലെല്ലാം വ്യാപാരച്ചുമതലയുള്ള അധികാരികളെ നിയമിച്ചു. വ്യാപാരി ഏത് വസ്തു നാടിന്റെ ഏത് ഭാഗത്ത് കൊണ്ടുപോയി വില്‍ക്കുന്നതാവും നല്ലതെന്നത് പോലുള്ള കാര്യങ്ങളില്‍ അവര്‍ക്ക് സൗജന്യമായി ഉപദേശങ്ങള്‍ നല്‍കിയിരുന്നു.
ഇംഗ്ലീഷുകാര്‍ മിനുസമുള്ള തിളങ്ങുന്ന നാണയങ്ങളുണ്ടാക്കുന്ന നിലവാരമുള്ള യന്ത്രം കണ്ടുപിടിച്ചു. ഇവര്‍ ശിവാജിയുടെ നാണയം തങ്ങള്‍ മുദ്രണം ചെയ്യാമെന്നറിയിച്ചു. എന്നാല്‍ ശിവജി ഈ നിര്‍ദ്ദേശം തിരസ്കരിച്ചു. ഇംഗ്ലീഷുകാര്‍ നാണയം മുദ്രണം ചെയ്യാന്‍ തുടങ്ങിയാല്‍ അതിന്റെ ഗുണത്തിലോ അളവിലോ യാതൊരു നിയന്ത്രണവും വക്കാന്‍ പറ്റില്ല. കള്ളനാണയങ്ങള്‍ കൊണ്ട് വിപണി നിറയും. നാടിന്റെ സമ്പദ്വ്യവസ്ഥ തകരും. ഇതൊക്കെ മുന്നില്‍കണ്ടുകൊണ്ടാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്.
വിദേശത്തുനിന്നും പീരങ്കികള്‍ വാങ്ങി വിദേശീയര്‍ക്ക് അമിതലാഭം ലഭ്യമാക്കുന്നതിന് പകരം അദ്ദേഹം സ്വന്തം നാട്ടില്‍ പിത്തളയും ലോഹക്കൂട്ടുകളും കൊണ്ടുള്ള പീരങ്കികള്‍ ഉണ്ടാക്കിച്ചു. പുരന്ദര്കോട്ടയില് ഫ്രാന്‍സിന്റെ സഹായത്തോടെ പീരങ്കി ഫാക്ടറി സ്ഥാപിച്ചു.
ഒരിക്കല്‍ ഇംഗ്ലീഷ് പ്രതിനിധിസംഘം ശിവജിയുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടയില്‍ രാജ്യത്ത് സ്റ്റര്‍ലിങ്ങും പൗണ്ടും ഉപയോഗത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം വെച്ചു. ശിവജി അല്പനേരം ആലോചിച്ചശേഷം ആകാമെന്നോ പറ്റില്ലെന്നോ പറഞ്ഞില്ല. “എന്റെ രാജ്യത്തിലെ ജനങ്ങള്‍ ഏത് മുദ്രയാണ് ഇഷ്ടപ്പെടുകയെന്നത് ഭാവിയില്‍ കമ്പോളത്തിന്റെ ശക്തി തീരുമാനിക്കും” ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പുതിയ കപ്പലുകള്‍ ഉണ്ടാക്കാനും അതിന്റെ അറ്റകുറ്റപണികള്‍ ചെയ്യിക്കാനും കപ്പലുകള്‍ സുരക്ഷിതമായി വയ്ക്കുന്നതിനും കല്യാണിലും വിജയദുര്ഗിലും ശിവജി പുതിയ കപ്പല്‍നിര്‍മ്മാണ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചു. അദ്ദേഹം ആദ്യമായി അടിഭാഗം പരന്ന നൗകകള്‍ ഉണ്ടാക്കിച്ചു. ഈ നൗകകള്‍ സമുദ്രതീരത്തുകൂടി സഞ്ചരിച്ച്, ശത്രുതീരത്ത് സൈനികരെ ഇറക്കുവാന്‍ സാധിക്കുന്നവയായിരുന്നു. ഈ ചെറിയ യുദ്ധനൗകകള്ക്ക് ശിവജി ‘സംഗമേശ്വരി’ എന്ന പേരാണ് നല്‍കിയത്.
അദ്ദേഹം സമുദ്രതീരത്ത് അനേകം കോട്ടകള്‍ പണികഴിപ്പിച്ചു. സിന്ധുദുര്ഗ്ഗത്തിന് ഉപ്പുവെള്ളുവുമായും ഉപ്പുകാറ്റുമായും നിരന്തരം സമ്പര്ക്കമുണ്ടാവും എന്നറിഞ്ഞുകൊണ്ട് ആദ്യമായി കോട്ടനിര്‍മാണത്തിന് സിങ്ക് ഉപയോഗിച്ചു. 350 വര്‍ഷങ്ങള്‍ക്കുശേഷവും സിന്ധുദുര്‍ഗ്ഗം ശിവജിയുടെ ദീര്‍ഘവീക്ഷണത്തിനും ശാസ്ത്രജ്ഞാനത്തിനും തെളിവായി നിലനില്ക്കുന്നു.
ശിവജിയുടെ നയങ്ങള്‍ ചുരുക്കത്തില്‍
1) വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ കര്മചാരിയുടെയോ സൈനികന്റെയോ സാമ്പത്തികസ്ഥിതി നോക്കി വിശേഷാല്സഹായം ലഭ്യമാക്കിയിരുന്നു. ഏതെങ്കിലും സൈനികന് പലിശക്ക് പണം വാങ്ങി വീട്ടാവശ്യം പൂര്‍ത്തീകരിക്കുന്നത് ശിവജി അംഗീകരിച്ചിരുന്നില്ല.
2) സേനാനീക്കങ്ങള്ക്കിടയില് പത്നിയെയോ നൃത്തക്കാരികളെയോ കൂടെ കൊണ്ടുപോവാന്‍ ശിവജി അനുവദിച്ചിരുന്നില്ല.
3) എതിരാളിയെ തടവിലക്കുക അല്ലെങ്കില്‍ കൊല്ലുക എന്നതായിരുന്നു നയം. തടവിലാക്കിയിട്ട് വിട്ടുകളയുന്നത് അനുസരണയില്ലായ്മയായി കണക്കാക്കിയിരുന്നു.
4) സൈനികനീക്കങ്ങള്‍ക്കിടയില്‍ ബ്രാഹ്മണര്‍, ഗോക്കര്, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഹാനിയുണ്ടാകരുതെന്ന് ആജ്ഞ നല്‍കിയിരുന്നു.
5) ശത്രുമേഖലയില്‍ സമ്പന്നരും ശക്തരുമായ മുസ്ലീങ്ങളില്നിന്നല്ലാതെ മറ്റ് ദരിദ്ര മുസ്ലീങ്ങളില്‍നിന്നും പണം വസൂലാക്കരുതെന്ന് വ്യക്തമായ ആജ്ഞയുണ്ടായിരുന്നു.
6) സൈനികനീക്കത്തില്‍ ധീരത കാട്ടുന്നവര്‍ക്ക് ദര്‍ബാര്‍ വിളിച്ചുകൂട്ടി പുരസ്കാരങ്ങള്‍ നല്‍കിയിരുന്നു.
7) വേതനം എപ്പോഴും നിയമപ്രകാരവും പുരസ്കാരം പ്രവൃത്തിയുടെ മേന്മ കണക്കാക്കിയും വേണം നല്‍കാനെന്ന് ശിവജി നിര്‍ദ്ദേശിച്ചിരുന്നു.
ഛത്രപതി ശിവജി 1680 ല്‍ സ്വര്‍ഗസ്ഥനായി. അദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞ് ഔറംഗസേബ് സൈന്യസമേതം 1681 ല്‍ ആഗ്രയില്‍നിന്ന് ഹിന്ദുസാമ്രാജ്യം കീഴടക്കാന്‍ പുറപ്പെട്ടു. 27 വര്‍ഷം പോരാടിയിട്ടും സഹ്യാദ്രിയില്‍ പരന്നുകിടക്കുന്ന സാമ്രാജ്യത്തെ ഔറംഗസീബിന് ജയിക്കാനായില്ല.
27 വര്‍ഷംകൊണ്ട് ഔറംഗസേബിന് ഒരേയൊരു കോട്ട, പ്രചണ്ഡഗഢ് (തോരണം) മാത്രമാണ് പോരാടി കീഴടക്കാനായത്. ബാക്കി കോട്ടകളെല്ലാം അയാള്‍ ധനംകൊടുത്ത് കൈവശപ്പെടുത്തുകയായിരുന്നു. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ മറാഠാ സേന അവ തിരിച്ചുപിടിച്ചിരുന്നു.
1707 ല്‍ ഔറംഗസേബിന്റെ മരണശേഷം ‘സ്വരാജി’ന്റെ സൈന്യം ദല്‍ഹി ആക്രമിച്ച് കീഴടക്കി മുഗളന്മാരെ നിഷ്കാസനം ചെയ്തു. അവിടുത്തെ കോട്ടയില്‍ ഭഗവദ്ധ്വജം പാറിച്ചു. ശിവജിയുടെ അനിഷേധ്യതയും മാര്‍ഗ്ഗദര്‍ശനവും ജനതയിലുണ്ടാക്കിയ പരിവര്‍ത്തനം ശത്രുവിന്റെ അടിത്തറ തോണ്ടി. അദ്ദേഹത്തിന്റെ മരണശേഷവും ആ സ്വാധീനം വീര്യവത്തായി നിലനിന്നുവെന്നുള്ളത് ഏതൊരു രാജ്യസ്നേഹിക്കും രോമാഞ്ചമുണ്ടാക്കുന്ന ഓര്‍മ്മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: