മുല്ലപ്പെരിയാറില്‍ മുങ്ങിപ്പൊങ്ങി വാദമുഖങ്ങള്‍ നിരത്തി സാമാജികര്‍ പണ്ഡിതരായപ്പോള് നിയമസഭയുടെ ആദ്യ ദിനത്തില്‍ മുഴങ്ങിക്കേട്ടത് കൂടുതലും ആശങ്കകള്‍. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ നാല്പതു ലക്ഷം ജനങ്ങള്‍ ഒഴികിപ്പോകുമെന്നും എറണാകുളം അടക്കമുള്ള ജില്ലകള്‍ ഇല്ലാതാകുമെന്നുമൊക്കെയുള്ള സ്ഥിരം വാദമുഖങ്ങളാണ് ഉന്നയിച്ചതെങ്കിലും ഡാമിനെക്കുറിച്ചുള്ള ഭീതി വിടാതെ സൂക്ഷിക്കാന്‍ നിയമസഭയ്ക്കായി. പലതവണ ചര്‍ച്ച ചെയ്ത വിഷയം വീണ്ടും വീണ്ടും ചര്‍ച്ചയ്ക്കു വന്നപ്പോള്‍ പങ്കെടുത്തവര്‍ക്കെല്ലാം പറയാനേറെക്കാര്യങ്ങള്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ജസ്റ്റിസ് കെ.ടി.തോമസിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ക്ക് ഒരേ സ്വരമായിരുന്നു എന്നതും ശ്രദ്ധേയമായി. അനുകൂലമായി വിധിയുണ്ടാകാന്‍ തമിഴ്നാട് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെ പുകഴ്ത്തിയവര്‍ കേരളം വേണ്ടെതൊന്നും ചെയ്യാതെ നിര്‍ജ്ജീവമായിരുന്നെന്നും കുറ്റപ്പെടുത്തി.
പലതവണ മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യുകയും പ്രമേയം പാസ്സാക്കുകയും ചെയ്തിട്ടും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയെന്നായിരുന്നു വിഷയം അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായം. എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെങ്കിലും പോയകാലത്തെ പിഴവുകള്‍ ചൂണ്ടിക്കാട്ടാതിരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ചു. കരാര്‍ കാലഹരണപ്പെട്ടതാണെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിലടക്കം പരാജയപ്പെട്ടു. പെരിയാര്‍ അന്തര്‍സംസ്ഥാന നദിയാണെന്ന് സ്ഥാപിക്കാന്‍ സുപ്രീംകോടതി നടത്തിയ വ്യാഖ്യാനം കേട്ടുകേള്‍വിയില്ലാത്തതാണ്. കേരളം ജലസമ്പന്നമെന്നത് പഴയകാര്യം. ഇപ്പോള്‍ കേരളം ജലദൗര്‍ലഭ്യ സംസ്ഥാനമാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് സമാദരണീയരെ മാധ്യസ്ഥം നിര്‍ത്തി തമിഴ്നാടുമായി ചര്‍ച്ച ചെയ്യണമെന്നും വിഎസ് നിര്‍ദ്ദേശിച്ചു. 50 വര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന ഡാം 120 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഇതൊന്നും പഠിക്കാതെ ഉന്നതാധികാര സമിതി നല്കിയ റിപ്പോര്‍ട്ടാണ് കോടതിവിധിക്കാധാരമായതെന്നും വിഎസ് പറഞ്ഞു.
ഉപജീവനത്തിന് പ്രാധാന്യം നല്കിയ ജനതയുടെ മുറവിളിക്കൊപ്പമാണ് സുപ്രീംകോടതി നിന്നതെന്നായിരുന്നു ജോസഫ് വാഴയ്ക്കന്റെ അഭിപ്രായം. അതിജീവനത്തിന്റെ മുറവിളി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. 40 ലക്ഷം ജനങ്ങളുടെ ഭീതി അവര്‍ക്ക് വിഷയമേയായില്ല.
ഏറ്റവും നല്ല ഡോക്ടറും നല്ല ചികിത്സയും നല്ല മരുന്നുമുണ്ടായിട്ടും രോഗി മരിച്ചുപോയ സ്ഥിതിയാണുണ്ടായിരിക്കുന്നതെന്ന് ഇ.എസ്.ബിജിമോള്‍ പറഞ്ഞു.
കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പാണ് പ്രധാനമായും സ്വീകരിക്കേണ്ടതെന്നായിരുന്നു കെ.എന്‍.എ.ഖാദറിന്റെ അഭിപ്രായം. ഡാമിന്റെ ജലനിരപ്പുയര്‍ത്തിയാല്‍ ഏഴായിരത്തിലേറെ ഏക്കര്‍ വനം വെള്ളത്തിലടിയിലാകുമെന്ന് റോഷി അഗസ്റ്റിന് പറഞ്ഞു. നിയമസഭ പാസ്സാക്കിയ നിയമം റദ്ദുചെയ്ത കോടതി സഭയുടെ അവകാശത്തില്‍ കടന്നുകയറിയെന്ന രോഷമാണ് എ.കെ.ശ്രീധരന് പ്രകടിപ്പിച്ചത്. പ്രതിപക്ഷത്തു നിന്ന് ഭരണ പക്ഷത്തേക്കു മാറിയ ആര്‍എസ്പിയിലെ കോവൂര്‍ കുഞ്ഞുമോന് പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ ഡസ്കിലടിച്ച് സന്തോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ കേരള മുഖ്യമന്ത്രി പോയത് സൗഹൃദ സന്ദര്ശനത്തിനായിരുന്നെന്ന് വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ആദ്യം പറഞ്ഞത് മുല്ലപ്പെരിയാര്‍ ഡാമിനെകുറിച്ചായിരുന്നു. നമ്മുടെ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ മുല്ലപ്പെരിയാര്‍ ഉണ്ടോയെന്ന് സുനില്‍കുമാറിന് സംശയം.
ജലനിരപ്പുയര്‍ത്തിയാല്‍ 323 ഇനം പക്ഷികളും 126 ഇനം പൂമ്പാറ്റകളും 45 ഇനം മത്സ്യങ്ങളും 66 ഇനം സസ്തനികളും 48 ഉരഗവര്‍ഗ്ഗങ്ങളും ഇല്ലാതായിപ്പോകുമെന്നതായിരുന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ സങ്കടം. സെയിലന്റ് വാലിയേക്കാള്‍ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് മുല്ലപ്പെരിയാറില്‍ ഉണ്ടാകാന്‍ പോകുന്നതെന്നായിരുന്നു കോടിയേരിയുടെ വിലയിരുത്തല്‍.
ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച പ്രമേയം പതിവുപോലെ കേരളത്തിന്റെ ആശങ്കകള്‍ അറിയിക്കുന്നതായിരുന്നു.
പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കപ്പെട്ടു. ജലനിരപ്പുയര്‍ത്തിയാല്‍ അപൂര്‍വ്വ സസ്യജാലങ്ങളും കടുവകള്‍ ഉള്‍പ്പടെയുള്ള വന്യജീവികളും ഇല്ലാതാകുമെന്ന സങ്കടം പങ്കുവയ്ക്കപ്പെട്ടു. പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാരിനെയും രാഷ്ട്രപതിയെയും ഇടപെടുത്തണമെന്നും ആവശ്യം.
അംഗങ്ങളെല്ലാവരും കയ്യടിച്ച് പ്രമേയം പാസ്സാക്കിയപ്പോള്‍ അവശേഷിച്ചത് ഒരു സംശയം: “സുപ്രീംകോടതിയില്‍ കേസ് വന്നപ്പോള്‍ എന്തേ, ഇതൊന്നും ഉന്നയിക്കപ്പെടാതിരുന്നത്…..”
പ്രതികരിക്കാൻ ഇവിടെ എഴുതുക: