നോയ്ഡ (യുപി): ബിജെപി നേതാവ് വിജയ് പണ്ഡിറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ നാലുപേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ദാദ്രിയില്വച്ച് ബൈക്കുകളില്‍ വന്ന നാല് അജ്ഞാതരാണ് പണ്ഡിറ്റിനെ വെടിവച്ച് കൊലപ്പെടുത്തിയത്. പണ്ഡിറ്റിന്റെ ബന്ധുക്കള്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ജനക്കൂട്ടം മുഴുവന്‍ തെരുവിലറങ്ങി അക്രമസക്തരായി. അവര്‍ വാഹനങ്ങള്‍ തകര്‍ക്കുകയും ദേശീയ പാത മണിക്കൂറുകളോളം തടസപ്പെടുത്തുകയും ചെയ്തു. പോലീസുമായും ഏറ്റുമുട്ടി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് പല റൗണ്ട് ആകാശത്തേക്കു വെടിവെച്ചു.
പണ്ഡിറ്റിന്റെ ഭാര്യ ഗീത ദാദ്രി നഗര്‍ പഞ്ചായത്ത് അദ്ധ്യക്ഷയാണ്. പ്രദേശത്തെ സമാജ്വാദി പാര്‍ട്ടി നേതാവ് നരീന്ദര്‍ ഭാട്ടിയുടെ രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് ഗീത കുറ്റപ്പെടുത്തി. തെരഞ്ഞടുപ്പില്‍ പണ്ഡിറ്റ് സജീവമായി ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് ശര്‍മ്മക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ശര്‍മ്മയാണ് വിജയിച്ചത്. ഇത് നരീന്ദറിന്റെയും കൂട്ടരുടേയും കടുത്ത വിരോധത്തിനിടയാക്കിയതായി ഗീത പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് നിരവധി തവണ വിജയ്ക്ക് വധഭീഷണികള്‍ ലഭിച്ചിരുന്നു. പരാതി നല്‍കിയിട്ട് നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് തയ്യാറായിരുന്നില്ലെന്ന് പണ്ഡിറ്റിന്റെ സഹോദരന് കുറ്റപ്പെടുത്തി. ഈ സംഭവത്തെക്കുറിച്ച് അവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി ബ്രഹ്മപുരിയിലുള്ള സഹോദരന്റെ കടയില്‍ പോയി തിരിച്ചുള്ള യാത്രയിലാണ് അക്രമികള്‍ മോട്ടര്‍സൈക്കിളില്‍ എത്തി അഞ്ചുതവണ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ടതുമൂലം ഒരു ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ചിട്ടാണ് അക്രമികള്‍ രക്ഷപ്പെട്ടത്.
സംഭവമറിഞ്ഞ് ഓടികൂടിയ നാട്ടുകാരും പര്‍ട്ടി പ്രവര്‍ത്തകരും പോലീസിനോടുള്ള ക്ഷോഭം പ്രകടിപ്പിച്ചു. ദാദ്രി കോത്വാലി പ്രദേശത്തുള്ള 16 വാഹനങ്ങള്‍ അഗ്നിക്കിരയായി. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതിനായി പോലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തു. സംഘര്‍ഷത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റിട്ടുണ്ട്.
പ്രക്ഷോഭസ്ഥലത്ത് ജില്ലാ മജിസ്ട്രേറ്റ് എ.വി. രാജമൗലി കൂടുതല്‍ പോലീസിനെയും ദ്രുതകര്‍മ്മസേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്. വെടിയേറ്റ പണ്ഡിറ്റിനെ ഗാസിയാബാദ് യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷമാണ് മരണം സ്ഥിരീകരിച്ചത്. വിജയുടെ വായില്‍നിന്നും, നെഞ്ചില്‍നിന്നും ചെവിയുടെ പിന്‍ഭാഗത്തുനിന്നുമായി മൂന്ന് ബുള്ളറ്റുകളാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട ബിജെപി എംപി മഹേഷ് ശര്‍മ്മ അഖിലേഷ് യാദവ് സര്‍ക്കാരിന്റെ സംസ്ഥാനത്തെ ക്രമസമാധാനനില എങ്ങനെയെന്ന് വെളിപ്പെടുത്തുന്നതാണെന്ന് ബിജെപി നേതാവിന്റെ കൊലപാതകമെന്നു കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ബിജെപിയുടെ മുന്‍ വൈസ് പ്രസിഡന്റായിരുന്നു വിജയ് പണ്ഡിറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: