കോട്ടയം: ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജില്‍ ജിഎസ്ബി സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഉയര്‍ന്ന മാര്‍ക്കു നേടിയവര്‍ക്കും സര്‍ക്കാര്‍ എന്‍ട്രന്‍സ് ലിസ്റ്റില്‍നിന്നും പ്രവേശനം നല്‍കണമെന്നും നിയമനത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പണിഗണിക്കണമെന്നും ഉള്ള ഗൗഡസാരസ്വതബ്രാഹ്മണ ഫെഡറേഷന്റെ ആവശ്യങ്ങള്‍ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാരവാഹികള്‍ ഗോവിന്ദനായക് അറിയിച്ചതാണിത്.
ആള് കേരള ഗൗഢസാരസ്വത ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാനഭാരവാഹികളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുമായി പെരുന്നയില്‍ നടത്തിയ ചര്‍ച്ചയിലാണ് പിന്തുണ അറിയിച്ചത്. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സംവരണം അനുവദിക്കുക, ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 18 ശതമാനം മുന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുക, തുടങ്ങിയ എന്‍എസ്എസ് ആവശ്യങ്ങള്‍ക്ക് ഗൗഢസാരസ്വത ബ്രാഹ്മണ ഫെഡറേഷന് പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കായംകുളം ബിജു എന്‍. പൈ, സംസ്ഥാന ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ ഗോവിന്ദനായ്ക്, സംസ്ഥാന ട്രഷറര്‍ ആര്. ബാലകൃഷ്ണക്കമ്മത്ത്, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ആര്. മഹേഷ് പ്രഭു, എറണാകുളം ജില്ലാ സെക്രട്ടറി ദേവകരക്കമ്മത്ത്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശിവകുമാര്‍ ഷേണായ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: