ആറന്മുള: ആറന്മുളയുടെ പൈതൃകത്തിനും പവിത്രതയ്ക്കും മൊട്ടുസൂചികൊണ്ടു പോലും പോറല്‍ ഉണ്ടാവില്ലെന്ന് ആറന്മുളയില് എത്തി ആറന്മുളക്കാരെ തെറ്റിധരിപ്പിച്ച ജനപ്രതിനിധിയെ ജനങ്ങള്‍ തിരിച്ചറിയണമെന്നും മഹത്തായ സംസ്കാരത്തെ നിരന്തരം അവഹേളിക്കുന്ന ഇത്തരക്കാരെ നേരിടണമെന്നും പ്രമുഖ സംസ്കൃത പണ്ഡിതന് ഗോപാലകൃഷ്ണ വൈദിക് അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 47-ാം ദിവസം സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണ വൈദിക്.
പാശ്ചാത്യ രാജ്യങ്ങളില്‍ പോലും വികസനം എന്നത് പ്രകൃതിയെ നിലനിര്‍ത്തികൊണ്ടാണ് നടത്തുന്നത്. എന്നാല്‍ നമ്മളുടെ വികസന കാഴ്ചപ്പാട് പ്രകൃതിയെ വിലയ്ക്കെടുക്കുകയും അത് നശിപ്പിക്കുകയുമാണെന്ന് സത്യാഗ്രഹത്തില്‍ അദ്ധ്യക്ഷത വഹിച്ച കോളേജ് അദ്ധ്യാപകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.പി. അജിത് കുമാര്‍ അഭിപ്രായപ്പെട്ടു.
കാഞ്ഞിരവേലി കെപിഎംഎസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സമരപന്തലിലേക്ക് പ്രകടനം നടത്തി. യൂണിറ്റിലെ തരംഗം ബാലവേദി അംഗങ്ങളും സൗപര്‍ണ്ണിക ശിങ്കാരിമേളം കലാകാരികളും പ്രകടനത്തില്‍ പങ്കുചേര്‍ന്നു. മുന്‍കാല ജന്മി-അടിയാന് ബന്ധത്തെ വിമര്‍ശിക്കുന്ന നിശ്ചല ദൃശ്യങ്ങളും പന്തലില്‍ അരങ്ങേറി. വി.ജി. ഗോപു, രേവതി സി.ആര്, ഗോപിക, ഗായത്രി എന്നീ കുട്ടികളുടെ നേതൃത്വത്തില്‍ നാടന്‍പാട്ടുകളും കൊയ്ത്തുപാട്ടുകളും അവതരിപ്പിച്ചു.
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം റോയി ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. കെപിഎംഎസ്. ജില്ലാ കമ്മിറ്റി അംഗം കെ. ഗോപിനാഥന്, സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പി.കെ. ഭാസ്ക്കരന്‍, ക്ഷേത്ര സംരക്ഷണസമിതി സെക്രട്ടറി എസ്. ഹരികൃഷ്ണന്, പ്രീതി അനില്‍ കുമാര്‍, സുചിത്ര വി. കൃഷ്ണന്, സാവിത്രി ബാലന്, സതീശന് വി.കെ., പി.ആര്. ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: