കൊച്ചി: ജിസിഡിഎയുടെ വികസനപദ്ധതി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തെ തകര്‍ക്കും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയം കായിക കേരളത്തിന്റെ അഭിമാനമാണ്. കേളരത്തില്‍ ഐപിഎല്‍, ടെസ്റ്റ് മത്സരങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ എന്നിവ നടത്താന്‍ കഴിയുന്ന ഏക സ്റ്റേഡിയം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയമാണ്. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനുള്ള വേദിയായി ഫിഫ പരിഗണിച്ചിട്ടുള്ളതും ഈ സ്റ്റേഡിയം മാത്രമാണ്. എന്നാല്‍ കേരളത്തിന്റെ കായിക സ്വപ്നങ്ങളെ തകര്‍ക്കുന്ന നീക്കങ്ങളാണ് ജിസിഡിഎയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
നിലവിലുള്ള സ്റ്റേഡിയത്തിന്റെ മുന്‍ഭാഗത്ത് മാത്രമാണ് ഇപ്പോള്‍ കാര്യമായ ഓപ്പണ്‍ സ്പേസ് ഉള്ളത്. ഈ തുറന്ന സ്ഥലത്ത് 98 കോടി മുടക്കി 1.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് വരുന്ന ഒരു സ്ഥിരം എക്സിബിഷന് സെന്റര്‍ പണി തീര്‍ക്കുവാനാണ് ജിസിഡിഎ നിശ്ചയിച്ചിട്ടുള്ളത്. 1.5 മീറ്റര്‍ ഭൂമിക്കടിയിലും 20 മീറ്ററോളം ഭൂനിരപ്പില്‍ നിന്നും ഉയരത്തിലുമാണ് നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. നിലവിലെ റോഡുള്‍പ്പെടുന്ന ഭാഗത്താണ് കെട്ടിടം വരിക. റോഡാകട്ടെ ഇരുവശങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്യും. എക്സിബിഷന് സെന്ററിന്റെ അണ്ടര്‍ ഗ്രൗണ്ട് ഭാഗത്ത് 1000 കാറുകള്‍ക്ക് പാര്‍ക്ക് ച്ചെയ്യുവാനുള്ള സൗകര്യമേ ഉണ്ടാവുകയുള്ളൂ. നിലവിലെ പാര്‍ക്കിംഗ് ഏരിയ മുഴുവന്‍ എടുത്തിട്ടാണ് ഇത്തരമൊരു നിര്‍മ്മാണം നടത്തുന്നത്.
അന്താരാഷ്ട്രാ നിലാവാരമുള്ള സ്റ്റേഡിയങ്ങളുടെ മാനദണ്ഡമനുസരിച്ച് ആകെ സ്റ്റിംഗ് കപ്പാസിറ്റിയുടെ മൂന്നിലൊന്ന് പാര്‍ക്കിംഗ് ഏരിയ വേണം. കലൂര്‍ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക സ്റ്റിംഗ് കപ്പാസിറ്റി 57,000 ആണ്. അതിലും എത്രയോ അധികം പേരാണ് ഓരോ മത്സരങ്ങളും കാണാന്‍ സ്റ്റേഡിയത്തിലെത്താറുള്ളത്. ഔദ്യോഗിക കണക്കനുസരിച്ച് തന്നെ 19000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം സ്റ്റേഡിയത്തിന് വേണം. ഇതിന്റെ സ്ഥാനത്താണ് നിലവിലെ പാര്‍ക്കിംഗ് സൗകര്യം ഇല്ലാതാക്കി അവിടെ നിര്‍മ്മാണം നടത്താന്‍ ജിസിഡിഎ നിശ്ചയിട്ടുള്ളത്.
പതിനായിരക്കണക്കിനാളുകള്‍ എത്തിച്ചേരുന്ന സ്റ്റേഡിയത്തില്‍ പെട്ടൊന്നൊരു ദുരന്തമുണ്ടായാല്‍ കാണികളെ ഒഴിപ്പിക്കാന്‍ കുറഞ്ഞത് 4 എമര്‍ജന്‍സ് ഇക്വറ്റിങ്ങ് പോയിന്റ്സ് വേണം. ഈ പോയിന്റുകളിലൂടെ എത്തുന്നവര്‍ക്ക് നില്ക്കാന് കഴിയുന്ന ജനറല്‍ അസ്സംബ്ലിംഗ് ഏരിയ കളും നാലു വശങ്ങളിലും വേണം. നിലവില്‍ പ്രധാനമായും സ്റ്റേഡിയത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും മാത്രമാണ് ഇതിനുള്ള തുറന്ന സ്ഥലമുള്ളത്. മറ്റ് രണ്ട് വശങ്ങളിലും വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ ആ വശങ്ങള് വീക്കര്‍ പോയിന്റ്സ് ആയാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ ഫയര്‍ എന്‍ജിനുകള്‍ക്കും, ആംബുലന്‍സുകള്‍ക്കും യഥേഷ്ടം സഞ്ചരിക്കാനുള്ള സൗകര്യവും വേണം. നിലവിലെ പരിമിതമായ സൗകര്യങ്ങള്‍പോലും ഇല്ലാതാക്കിയാല്‍ പിന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മത്സരങ്ങളും ഇവിടെ നടത്താന്‍ കഴിയില്ല എന്നാണ് ആശങ്ക ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: