കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ പ്രൊഫ. കെ.വി.തോമസ് ഔദ്യോഗിക സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതായ പരാതിയില്‍ ചീഫ് തെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിയെടുക്കാന്‍ സാധ്യത. പരാതി ശനിയാഴ്ച വൈകിട്ട് ചീഫ് തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ രാജമാണിക്യത്തിന്റെ ഓഫീസില്‍ കിട്ടിയതായ് ഡെപ്യൂട്ടി കളക്ടര്‍ വ്യക്തമാക്കി. പരാതിയെ സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് നടപടിയെടുക്കാനാണ് സാധ്യത. വടക്കന്‍ പറവൂര്‍ ചേണ്ടമംഗലം സ്വദേശി എം.കെ.ചിദംബരം ചീഫ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തയ്യാറാക്കിയ ജനസമക്ഷം എന്ന പുസ്തകം ഓണ്‍ ഐജിഎസ് സ്റ്റാമ്പ് പതിപ്പിച്ച് മന്ത്രിയുടെ ഡല്‍ഹി ഓഫീസില്‍ നിന്നും മണ്ഡലത്തിലെ വിവിധ സംഘടനകള്‍ക്കും, ഭാരവാഹികള്‍ക്കും അയച്ചതായാണ് പരാതി. മന്ത്രിയുടെ ഭരണനേട്ടങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അച്ചടിക്കുന്ന ബുക്ക് ലെറ്റുകളിലും നോട്ടീസുകളിലും കോപ്പികളുടെ എണ്ണം രേഖപ്പെടുത്തണം എന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല എന്നും പരാതിയുണ്ട്. ഇതെല്ലാം ചൂണ്ടികാണിച്ചാണ് ചിദംബരം പരാതി നല്‍കിയിരിക്കുന്നത്.
കെ.വി.തോമസ് പത്രിക സമര്‍പ്പിച്ചതില്‍ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ ആസ്തി 1.13 കോടി എന്നാണ്. എന്നാല്‍ 2009ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വെളിപ്പെടുത്തിയത് 1.5കോടിയുടെ ആസ്തി എന്നുമായിരുന്നു. അതായത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം അദ്ദേഹത്തിന് സമ്മാനിച്ചത് നഷ്ടങ്ങളാണ്. കഴിഞ്ഞ തവണ 18ലക്ഷമായിരുന്ന ബാധ്യത 4.77 ലക്ഷമായി ചുരുങ്ങിയിട്ടും അദ്ദേഹത്തിന് കാര്യമായി ഒന്നും സംമ്പാദിക്കാന്‍ കഴിഞ്ഞില്ല എന്നാണ് കാണിക്കുന്നത്. പത്രികയോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന കണക്കിലെ പൊരുത്തക്കേടുകള്ക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: