കൊച്ചി: മീനച്ചൂടില്‍ ഉരുകുകയാണ് നേതാക്കള്‍. അകത്തും പുറത്തും ചൂട് തന്നെ. എന്ന് കരുതി പ്രവര്ത്തിക്കാതിരിക്കാനാവില്ലല്ലോ. ഇടയ്ക്കൊന്ന് വിശ്രമിക്കാന്‍ ഇലക്ഷന് കമ്മറ്റി ഓഫീസിലേക്ക് എത്തിയാലോ, അവിടേയും കോണ്‍ക്രീറ്റ് കെട്ടിടം വില്ലനാകും. ഈ പതിവ് ഇക്കുറി തെറ്റിച്ചിരിക്കുകയാണ് എറണാകുളം മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍. തങ്ങളുടെ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനുവേണ്ടി പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് ഓഫീസാണ് അവര്‍ ഒരുക്കിയത്.
സ്ഥാനാര്‍ത്ഥികളുടെ ഫ്ലക്സ് ബോര്‍ഡുകളും മറ്റും നിറയുന്ന മറ്റ് പാര്‍ട്ടി ഓഫീസുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്. പാവക്കുളം ക്ഷേത്രത്തിന് എതിര്‍വശം ഒരു യാഗശാലയെ അനുസ്മരിപ്പിക്കും വിധം മനോഹരമായ ഒരു ഓഫീസ്. രണ്ട് തട്ടായി ഓലയാല്‍ മേഞ്ഞിരിക്കുന്ന ഇതിന്റെ ഏറ്റവും മുകളില്‍ കാറ്റില്‍ സദാ ഇളകിയാടിക്കൊണ്ട് പാര്‍ട്ടിയുടെ കൊടി. മുന്‍ഭാഗത്തും ഏതാനും കൊടികള്‍ കെട്ടിയിട്ടുണ്ട്. ഓല മേഞ്ഞതിന് അടിയിലായി വെള്ളത്തുണി ഉപയോഗിച്ച് മോടി കൂട്ടിയിട്ടുണ്ട്. തൂണുകളായി ഉപയോഗിച്ചിരിക്കുന്നത് അടയ്ക്കാമരമാണ്. താഴെ ചുവന്ന കാര്‍പ്പെറ്റ് വിരിച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ചുള്ള അക്കൗണ്ട്സ് വിഭാഗം, പബ്ലിക് റിലേഷന്‍ വിഭാഗം, ഇന്റേണല്‍ വിഭാഗം എന്നിവയും ഈ ഓഫീസിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ വിഭാഗത്തേയും നിശ്ചിത ആകൃതിയില്‍ മുറിച്ചെടുത്ത ചാക്ക് കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. മഹിളാ മോര്‍ച്ചയുടെ മൂന്ന് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പത്തോളം പേരാണ് മുഴുവന്‍ സമയ പ്രവര്‍ത്തകരായി ഓഫീസ് കാര്യങ്ങള്‍ നോക്കുന്നത്. അക്കൗണ്ട്സ്, പബ്ലിക് റിലേഷന്‍ വിഭാഗത്തിലായി രണ്ടുപേര്‍ വീതവും മറ്റുള്ളവര്‍ ഇന്റേണല്‍ വിഭാഗത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.
കനത്ത ചൂടില്‍ വാടി തളര്‍ന്ന് വരുന്ന പ്രവര്‍ത്തകര്‍ ഓഫീസില്‍ എത്തി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഉഷാറാകും എന്ന് ഉറപ്പ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച വാര്‍ത്തകള്‍ അറിയുന്നതിനായി ടെലിവിഷനും അതാത് ദിവസത്തെ കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതിനായി കമ്പ്യൂട്ടറും എല്ലാം ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് മുതല്‍ ബൂത്ത് തലം വരെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്കുന്നതുള്പ്പടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഇലക്ഷന് ഓഫീസാണ്. എല്ലാ ദിവസവും ഒമ്പത് മണിക്കുള്ളില്‍ ബൂത്ത് ഇന്‍ചാര്‍ജ് റിപ്പോര്‍ട്ട് നല്‍കുക, അടുത്ത ദിവസത്തെ പ്ലാനിങ് റിപ്പോര്‍ട്ട് തയ്യാറാക്കുക, അതാത് ദിവസത്തെ വിവരങ്ങള്‍ എല്ലാം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുക, സ്ഥാനാര്‍ത്ഥിയുടെ പര്യടനം, ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള യാത്രകള്‍ തലേദിവസം തന്നെ നിശ്ചയിക്കുക എന്നിങ്ങനെ പോകുന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസ് ജോലികള്‍. സ്ഥാനാര്‍ത്ഥിക്കൊപ്പവും പ്രധാനവ്യക്തികള്ക്കൊപ്പവും പാര്‍ട്ടിയുടെ മുന്‍ നിര പ്രവര്‍ത്തകര്‍ ഉണ്ടായിരിക്കും. ദേശീയ രാഷ്ട്രീയത്തിലെ പല പ്രമുഖ വ്യക്തികളും എ എന്‍ ആറിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് കൊച്ചിയിലെത്തും. 24 നാണ് സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിക്കുക. അന്നേ ദിവസം കവി എസ്.രമേശന് നായര്‍ എറണാകുളം മണ്ഡലത്തിന്റെ വികസനത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച കവിതകളുടെ കാസറ്റ് റിലീസ് ചെയ്യും.
ബിജെപിയിലെ സമുന്നതരായ നേതാക്കളുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പാര്‍ട്ടി ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവരുടെ പ്രസംഗങ്ങള്‍ വൈകുന്നേരങ്ങളില്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. നിരവധി ആളുകളാണ് ഇത് കേള്‍ക്കുന്നതിനാണ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ എത്താറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: