68. കാമിനീജനമോഹനഃ കാമതാപവിനാശകഃ
ഇന്ദ്രിയാഗനിരോധകോ ഗോവര്‍ദ്ധനാദ്രി പൂജകഃ
289. കാമിനീജനമോഹനഃ – കാമിനിമാരെ മോഹിപ്പിക്കുന്നവന്‍. കാമിനി എന്ന പദത്തെ യൗവനയുക്തയും സുന്ദരിയും കാമവും സ്നേഹവുമുള്ളവളുമായ സ്ത്രീ എന്നു നിര്‍വചിക്കാം. കാമിനിമാരെ ഭഗവാന് മോഹിപ്പിച്ച ലീല തുടര്‍ന്നുള്ള പല നാമങ്ങളില്‍ വിവരിക്കുന്നുണ്ട്.
290. കാമതാപവിനാശകഃ – കാമതാപത്തെ നശിപ്പിക്കുന്നവന്. തന്നെ കാമിച്ച ഗോപസ്ത്രീകളുടെ കാമതാപം ശമിപ്പിച്ചവന്‍ എന്ന് ഒരു വ്യാഖ്യാനം. തന്നെ ശരണം പ്രാപിക്കുന്ന ഭക്തരുടെ ഉള്ളില്‍ ഉദിക്കുന്ന ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുത്തും അനാവശ്യമായ ആഗ്രഹങ്ങള്‍ ഉണ്ടാകാതെ നിയന്ത്രിച്ചും അവരെ കാമം മൂലമുണ്ടാകാവുന്ന താപങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ഭക്തവത്സലന് എന്ന് മറ്റൊരു വ്യാഖ്യാനം.
291. ഇന്ദ്രിയാഗനിരോധകഃ – ഇന്ദ്രന്റെ പ്രീതിക്കായി ഗോപന്മാര് നടത്തിയിരുന്ന യാഗത്തെ തടഞ്ഞവന്.
ഗോപന്മാര് ആണ്ടുതോറും ദേവേന്ദ്രന്റെ പ്രീതിക്കായി ഒരു യാഗം നടത്താറുണ്ടായിരുന്നു. ഗോപന്മാര് ജീവിക്കുന്നത് പശുക്കളെ വളര്‍ത്തി അതില്‍ നിന്ന് കിട്ടുന്ന ആദായം കൊണ്ടാണ്. പശുക്കള്‍ക്ക് ആഹാരമായ പുല്ലും സസ്യങ്ങളും ഉണ്ടാകുന്നത് ഇന്ദ്രന് മഴ പെയ്യിക്കുന്നതുകൊണ്ടാണ്. അതുകൊണ്ട് ഇന്ദ്രനെ പ്രീതിപ്പെടുത്തണം. ഇതാണ് ഇന്ദ്രയാഗത്തിന്റെ അടിസ്ഥാന സങ്കല്‍പ്പം. ഈ കഥ നടക്കുന്ന കാലത്ത് ഇന്ദ്രന് അഹങ്കാരം കുറച്ചുകൂടുതലാണെന്ന് ഭഗവാന് കണ്ടു. ഇന്ദ്രന്റെ ഡംഭ് നശിപ്പിക്കാന്‍ ഭഗവാന് തീരുമാനിച്ചു. ഭഗവാന് നന്ദഗോപരെ സമീപിച്ച് ഈ യാഗം ആവശ്യമില്ലെന്ന് വാദിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: